അന്വേഷണ ഏജൻസികൾ രാഷ്ട്രീയായുധമാകരുത്
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇ.ഡിയെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചുള്ള വേട്ടയാടലുകൾക്ക് വേഗം കൈവന്നിരിക്കുന്നു. പ്രതിപക്ഷപ്പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം നടന്നത് നിരവധി ഇ.ഡി റെയ്ഡുകളാണ്. പശ്ചിമബംഗാൾ ഭക്ഷ്യമന്ത്രി രതിൻ ഘോഷിന്റെ കൊൽക്കത്തയിലെ വസതിയിൽ ഉൾപ്പെടെ 13 ഇടങ്ങളിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തി. കർണാടകയിൽ കോൺഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ ശിവമോഗയിലെ വീട്ടിലും റെയ്ഡ് നടന്നു. തെലങ്കാനയിൽ ബി.ആർ.എസ് എം.എൽ.എയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ ഡി.എം.കെ എം.പി എസ്. ജഗത്രക്ഷകനുമായി ബന്ധപ്പെട്ട ചെന്നൈയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ഇൻഡ്യാ സഖ്യത്തെ ദുർബലപ്പെടുത്തുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് വ്യക്തം.
മുനിസിപ്പൽ കോർപറേഷൻ നിയമനവുമായി ബന്ധപ്പെട്ടാണ് പശ്ചിമബംഗാളിൽ റെയ്ഡ് നടന്നത്. 2014-2018 കാലഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ വഴി 1500ഓളം പേർക്ക് അനധികൃതമായി തൊഴിൽ നൽകിയെന്നാണ് ഇ.ഡി ആരോപണം. തൊഴിലിനു കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എ.എ.പി നേതാവ് സഞ്ജയ് സിങ് അറസ്റ്റിലായതാണ് മറ്റൊന്ന്. 10 മണിക്കൂർ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. ഇതേ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലാണ്. ഏപ്രിലിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലിസിന്റെ നീക്കം ഇൻഡ്യാ സഖ്യത്തിലെ മറ്റൊരു പാർട്ടിയായ സി.പി.എമ്മിനെ ലക്ഷ്യമിട്ടുള്ളതാണ്.
ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്ത ഇപ്പോൾ ജയിലിലാണ്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘം ചൈനീസ് ആശയപ്രചാരണത്തിന് കോടികൾ നൽകിയെന്ന ആരോപണത്തിൽ പ്രബീറിനും ന്യൂസ്‌ക്ലിക്കിനും എതിരായ ഇ.ഡി അന്വേഷണം രണ്ടുവർഷമായി നടക്കുന്നുണ്ട്. നിയമവിരുദ്ധമായൊന്നും കണ്ടെത്താൻ കഴിയാത്തതിനാലായിരിക്കണം പ്രബീറിനെ യു.എ.പി.എ കേസിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭീകരവിരുദ്ധ പ്രവർത്തനം തടയുന്നതിനുള്ള കരിനിയമമാണ് യു.എ.പി.എ. വിദേശത്തുനിന്ന് പണം സ്വീകരിച്ചത് നിയമവിരുദ്ധമാണെങ്കിൽപോലും എങ്ങനെയാണ് യു.എ.പി.എ ചുമത്താൻ കഴിയുക! രാജ്യത്തെ നിയമം അനുവദിക്കുന്ന പണമിടപാടുകൾ മാത്രമേ തങ്ങൾ നടത്തിയിട്ടുള്ളുവെന്നും ഇക്കാര്യം റിസർവ് ബാങ്ക് തന്നെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ന്യൂസ്‌ക്ലിക്ക് ചൂണ്ടിക്കാട്ടുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നതുപോലെ ഒരു ശബ്ദം മാത്രം മതിയെന്നാണ് മോദി സർക്കാരിന്റെ നിലപാട്. എതിർശബ്ദങ്ങൾ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നേരിടും. മോദി സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനാവില്ലെന്നും മാധ്യമപ്രവർത്തകർക്ക് സ്വസ്ഥമായി ജോലി ചെയ്യാനാവില്ലെന്നുമാണ് കേന്ദ്രസർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം. ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് സംബന്ധിച്ച വെളിപ്പെടുത്തലുകളുള്ള ബി.ബി.സി ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗത്തിൽ, വംശഹത്യക്ക് പിന്നാലെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുമായി നടത്തിയൊരു അഭിമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇക്കാലയളവിൽ താങ്കൾ ഖേദിക്കുന്ന എന്തെങ്കിലും കാര്യമുണ്ടായോ എന്ന ബി.ബി.സി റിപ്പോർട്ടറുടെ ചോദ്യത്തിന് ഉണ്ട്, അത് മാധ്യമങ്ങളെ ശരിക്കും കൈകാര്യം ചെയ്യാൻ കഴിയാതെ പോയതാണെന്നായിരുന്നു മോദിയുടെ മറുപടി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ മോദി മാധ്യമങ്ങളെ മാത്രമല്ല, പ്രതിപക്ഷത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ, രാജ്യത്തെ മാധ്യമങ്ങളെ മൊത്തത്തിൽ ഏറ്റെടുത്ത് വരുതിയിലാക്കാൻ അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രമിച്ചില്ല. അടിയന്തരാവസ്ഥക്കാലത്ത് എഡിറ്റോറിയൽ ഒഴിച്ചിട്ട് പ്രതീകാത്മകമായും അടിയന്തരാവസ്ഥ പിൻവലിച്ചതോടെ നേരിട്ടും ഇന്ദിരാഗാന്ധിയെ എതിർക്കാൻ മാധ്യമങ്ങൾക്ക് സാധിച്ചത് അതിനാലാണ്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോറ്റു. ഇന്നിപ്പോൾ ഇന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങൾ അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലാണ്. സർക്കാർ ഇങ്ങനെ തുടർന്നാൽ ജനാധിപത്യത്തിൽ അനിവാര്യമായ എതിർശബ്ദങ്ങളുണ്ടാകില്ല.
പ്രതിപക്ഷവുമുണ്ടാകില്ല. ഒരു രാജ്യത്ത് ഒരു പാർട്ടിയെന്ന ബി.ജെ.പിയുടെ അപ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള അടുത്ത പടിയാവുമത്.
ഒമ്പതര വർഷമായി ഇന്ത്യൻ മണ്ണിൽ ഒരു വാർത്താസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. പത്രസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് ദയനീയമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് നിലവിലെ ഇന്ത്യൻ സാഹചര്യത്തെ ജനാധിപത്യ നിരീക്ഷകർ വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കയറൂരി വിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. കേന്ദ്രസർക്കാരിനെതിരായ കൂട്ടായ്മ തകർക്കുകയാണ് ഈ അന്വേഷണ സംഘത്തിലൂടെ ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം വെറുംവാക്കല്ല, കൺമുന്നിലെ യാഥാർഥ്യമാണ്. ഓരോ ദിവസവും അതിന്റെ പുതിയ ഉദാഹരണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
അന്വേഷണ ഏജൻസികൾ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കരുതെന്നും നീതിബോധം ഉയർത്തിപ്പിടിക്കണമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ ദിവസമാണ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡിക്കെതിരേയായിരുന്നു സുപ്രിംകോടതിയുടെ പരാമർശം. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെന്നതുകൊണ്ടു മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാകില്ലെന്നും കുറ്റസമ്മതം നടത്തിയില്ലെന്ന കാരണത്താൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ആരോപിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇ.ഡിയെ വ്യാപകമായി ദുരുപയോഗം ചെയ്യാൻ സർക്കാരിന് സാധിക്കുന്നതിന് കാരണം ഇ.ഡിക്കുള്ള അമിതാധികാരങ്ങളാണ്. ഈ അധികാരങ്ങളെ സംശയകരമായ ഒരു വിധിയിലൂടെ ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഈ വിധി സുപ്രിംകോടതി പുനപ്പരിശോധിക്കാൻ പോകുകയാണ്. ഇ.ഡിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയെന്നതാണ് ദുരുപയോഗം തടയാനുള്ള ആദ്യ ചുവട്.
Content Highlights:Investigative agencies should not be political weapons
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."