ഗവർണറുടെ ഹിന്ദുത്വ രാഷ്ട്രീയ നിലപാട് ഉയർത്തി പ്രതിരോധിക്കാൻ സി.പി.എം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വൈസ് ചാൻസലർമാർക്കെതിരേ കർക്കശ നിലപാടുമായി ഗവർണർ മുന്നോട്ടുപോകുമ്പോൾ ഗവർണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തി പ്രതിരോധംതീർക്കാൻ സി.പി.എം. ഗവർണറുടെ ഹിന്ദുത്വ നിലപാടിന് ഉദാഹരണമായി സി.പി.എം ചൂണ്ടിക്കാട്ടുന്നത് കേരള യൂനിവേഴ്സിറ്റിയുടെ ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക് നൽകിയതാണ്.
സംഘ്പരിവാറിന്റെ താൽപര്യക്കാരനായ ഡോ. മോഹനൻ കുന്നുമ്മലിനെ സർക്കാർ നിർദേശം തള്ളിയാണ് ഗവർണർ നിയമിച്ചത്. എല്ലാ സർവകലാശാലകളുടെയും തലപ്പത്ത് ആർ.എസ്.എസ് അനുയായികളെ കുത്തിനിറയ്ക്കാനാണ് ഗവർണർ നോക്കുന്നതെന്നാണ് സി.പി.എം വിലയിരുത്തൽ.
നേരത്തെ കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിലും സംഘ്പരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിച്ചിരുന്നു. സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ ഡോ. കെ.എം സീതിയെ വി.സിയായി നിയമിക്കാനുള്ള താൽപര്യം സർക്കാർ ഗവർണറെ അറിയിച്ചെങ്കിലും അദ്ദേഹത്തിന് 60 വയസ് പൂർത്തിയാകുന്നത് വരെ നിയമനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അതുവഴി അദ്ദേഹം പട്ടികയിൽനിന്ന് പുറത്തായി.
ശക്തമായ സംഘ്പരിവാർ വിരുദ്ധ നിലപാടുകാരനായിരുന്നു ഡോ. കെ.എം സീതി.ഗവർണറുടെ ആർ.എസ്.എസ് അജൻഡ ഉയർത്തിക്കാട്ടിയാൽ ന്യൂനപക്ഷ വിഭാഗത്തിന്റെയാകെ പിന്തുണ കിട്ടുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. കോൺഗ്രസ് നേതൃത്വത്തെ തള്ളി മുസ്‌ലിം ലീഗ് ഗവർണർക്കെതിരേ നിലപാട് സ്വീകരിച്ചാൽ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും സി.പി.എം കരുതുന്നു.
സർവകലാശാലകളിൽ ആർ.എസ്.എസ് അജൻഡ നടപ്പാക്കാനാണ് ഗവർണറുടെ ശ്രമമെന്നാണ് സി.പി.എമ്മിന്റെ പ്രധാന വാദം.
ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തുപോയി ഗവർണർ കണ്ടതടക്കം ഇതിന് തെളിവായി സി.പി.എം ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."