10 ദിർഹത്തിൽ താഴെ ചെലവിന് ദുബൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം
10 ദിർഹത്തിൽ താഴെ ചെലവിന് ദുബൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം
ദുബൈ: ദുബൈയിൽ ജോലിയെടുക്കുന്ന പ്രവാസികൾക്കും വിസിറ്റിങ് വിസയിൽ എത്തിയ സന്ദർശകർക്കും ദുബൈ നഗരത്തെയും അവിടുത്തെ അത്ഭുതങ്ങളെയും കൺനിറയെ കാണാനുള്ള സമയമാണിപ്പോൾ. വേനൽക്കാലം അവസാനിച്ച് രാജ്യം ശൈത്യത്തിലേക്ക് നീങ്ങുമ്പോൾ, ടൂറിസത്തിന്റെ അരങ്ങും ഉണരുകയാണ്. ദുബൈയിലെ പ്രധാന സ്ഥലങ്ങളിലേക്ക് എല്ലാം 10 ദിർഹത്തിൽ താഴെ ചെലവിൽ എത്തിയാലോ? ദുബൈ ഫ്രെയിം, ബുർജ് ഖലീഫ, ദുബൈ മിറാക്കിൾ ഗാർഡൻ, സഫാരി പാർക്ക്, ഗ്ലോബൽ വില്ലേജ് തുടങ്ങിയ പ്രധാന ലാൻഡ്മാർക്കിലേക്ക് എല്ലാം യാത്ര ചെയ്യാൻ 10 ദിർഹത്തിൽ താഴെ ചെലവഴിച്ചാൽ മതി. ഇതിനായി നിങ്ങൾക്ക് ദുബൈ പബ്ലിക് ബസുകളെ ആശ്രയിക്കാം. നിങ്ങൾക്ക് ഒരു നോൾ കാർഡ് ഉണ്ടാകണമെന്ന് മാത്രമാണ് ഇതിന് വേണ്ട യോഗ്യത.
ദുബൈയിലെ പൊതുഗതാഗത ഉപഭോക്താക്കൾക്ക് എമിറേറ്റിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ എത്തിച്ചേരാൻ മെട്രോ, ട്രാം, ബസ് റൂട്ടുകൾ പ്രയോജനപ്പെടുത്താം. ഒരു ട്രിപ്പിനുള്ള ശരാശരി ബസ് നിരക്ക് ഏകദേശം 3 ദിർഹമാണ്. അതേസമയം സീസണൽ ബസ് റൂട്ടുകൾക്കും ഹത്ത ബസിനും അൽപ്പം കൂടുതൽ ചിലവ് വരും. പ്രധാന സ്ഥലങ്ങളും അവിടേക്ക് എങ്ങിനെ എത്തി ചേരാമെന്നും നോക്കാം.
- ദുബൈ മിറാക്കിൾ ഗാർഡൻ
ബസ് 106: മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷൻ
സെപ്റ്റംബർ 29 ന് വീണ്ടും തുറന്ന ദുബൈ മിറാക്കിൾ ഗാർഡൻ സന്ദർശിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ദുബൈ മിറാക്കിൾ ഗാർഡനിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു പ്രത്യേക ബസിൽ നിങ്ങൾക്ക് പോകാം. റെഡ് ലൈനിൽ, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷന് അടുത്താണ് ബസ് സ്റ്റേഷൻ.
ദൈർഘ്യം: ഏകദേശം 30 മിനിറ്റ്
ചെലവ്: ഒരു യാത്രയ്ക്ക് 5 ദിർഹം.
- ബുർജ് ഖലീഫ
ബസ് F13: ദുബൈ മാൾ മെട്രോ സ്റ്റേഷൻ
ദുബൈയുടെ അടയാളമായ ബുർജ് ഖലീഫ എളുപ്പത്തിൽ സന്ദർശിക്കാൻ ബുർജ് ഖലീഫ/ദുബൈ മാൾ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ മതി. റെഡ് ലൈനിൽ ആണ് ഈ മെട്രോ സ്റ്റേഷൻ ഉള്ളത്. 10 മുതൽ 15 മിനിറ്റ് വരെ നടന്നാൽ സന്ദർശകർക്ക് മെട്രോ ലിങ്ക് ബ്രിഡ്ജ് വഴി ദുബൈ മാളിലെത്താം. എന്നാൽ കാൽനടയാത്ര ഒഴിവാക്കണമെങ്കിൽ, മെട്രോ സ്റ്റേഷനിൽ നിന്ന് ഫീഡർ ബസിൽ കയറി ദുബൈ മാൾ പ്രവേശന കവാടത്തിൽ എത്താം.
ദൈർഘ്യം: 5 മുതൽ 10 മിനിറ്റ് വരെ.
ചെലവ്: ഒരു യാത്രയ്ക്ക് 3 ദിർഹം
- ദുബൈ ഫ്രെയിം
ബസ് F09: അൽ ജാഫിലിയ ബസ് സ്റ്റേഷൻ
അൽ ജാഫിലിയ ഏരിയയിലെ മാക്സ് മെട്രോ ബസ് സ്റ്റോപ്പിൽ (റെഡ് ലൈൻ) നിന്ന് നിങ്ങൾക്ക് ഫീഡർ ബസിൽ നേരിട്ട് പോകാം. അത് നിങ്ങളെ ദുബൈ ഫ്രെയിം ബസ് സ്റ്റോപ്പിൽ ഇറക്കും.
ദൈർഘ്യം: അഞ്ച് മിനിറ്റ്
ചെലവ്: ഒരു യാത്രയ്ക്ക് 3 ദിർഹം.
- ദുബൈ സഫാരി പാർക്ക്
ബസ് F10 - റാഷിദിയ ബസ് സ്റ്റേഷൻ
ദുബൈ സഫാരി പാർക്ക് ഒക്ടോബർ 5 വ്യാഴാഴ്ച ഔദ്യോഗികമായി വീണ്ടും തുറന്നു. സെന്റർപോയിന്റ് മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് നിങ്ങൾക്ക് ഫീഡർ ബസ് പിടിക്കാം.
ദൈർഘ്യം: ഏകദേശം ഒരു മണിക്കൂർ.
ചെലവ്: ഒരു യാത്രയ്ക്ക് 3 ദിർഹം
- ദുബൈ പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സ്
ബസ് DPR1 - ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്കുകളിലൊന്നായ ദുബൈ പാർക്ക്‌സ് ആൻഡ് റിസോർട്ട്‌സിന് സ്വന്തമായി ആർടിഎ ഷട്ടിൽ ബസ് സർവീസ് ഉണ്ട്.
ഈ ബസ് പിടിക്കാൻ, ദുബൈ മെട്രോ റെഡ് ലൈനിൽ ജബൽ അലി ലക്ഷ്യമാക്കി ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുക. മെട്രോ സ്റ്റേഷന് പുറത്ത് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ ആണ്. അവിടെ നിന്ന് ദുബൈ പാർക്ക്‌സ് ആൻഡ് റിസോർട്ടിലേക്ക് പബ്ലിക് ഷട്ടിൽ ബസിൽ കയറുക.
- ബ്ലൂവാട്ടേഴ്സ് ദ്വീപ്
ബസ് F57: ജബൽ അലി മെട്രോ സ്റ്റേഷൻ
ജനപ്രിയമായ മനുഷ്യനിർമിത ദ്വീപ് സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, റെഡ് ലൈനിലെ ജബൽ അലി മെട്രോ സ്റ്റേഷനിൽ നിന്നുള്ള F57 ബസ് റൂട്ടിലാണ് അവിടെയെത്താനുള്ള ഏറ്റവും എളുപ്പവും ചെലവുകുറഞ്ഞതുമായ മാർഗം. ജബൽ അലി മെട്രോ ബസ് സ്റ്റോപ്പ് ലാൻഡ്‌സൈഡിന്റെ അടയാളങ്ങൾ നിങ്ങൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക.
ദൈർഘ്യം: ഏകദേശം 10 മിനിറ്റ്.
ചെലവ്: ഒരു യാത്രയ്ക്ക് 3 ദിർഹം
- വൈൽഡ് വാദി
ബസ് EB1: ലാ മെർ സൗത്ത്
യുഎഇയിലെ ഏറ്റവും പ്രശസ്തമായ ഔട്ട്‌ഡോർ വാട്ടർ പാർക്കുകളിലൊന്നാണ് വൈൽഡ് വാദി. ബുർജ് അൽ അറബ്, ജുമൈറ ബീച്ച് ഹോട്ടലിന് അടുത്തായി ജുമൈറയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ലാ മെർ സൗത്തിനും അൽ സുഫൗ ട്രാം സ്റ്റേഷനും ഇടയിൽ സഞ്ചരിക്കുന്ന ആർടിഎയുടെ പുതിയ ഇലക്ട്രിക് ബസ് റൂട്ടായ ഇബി1-ലെ വാട്ടർ പാർക്കിലേക്ക് നിങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ബുർജ് അൽ അറബ്, ഉമ്മു സുഖീം പാർക്ക് എന്നിവിടങ്ങളിലും ഈ റൂട്ടിന് സ്റ്റോപ്പുണ്ട്.
ദൈർഘ്യം: 15 മിനിറ്റ്
ചെലവ്: സൗജന്യം
- ഗ്ലോബൽ വില്ലേജ്
ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് റൂട്ടുകൾ ഇതുവരെ സജീവമായിട്ടില്ല, എന്നാൽ ഒക്ടോബർ 18-ന് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നാൽ ആരംഭിക്കും.
ഗ്ലോബൽ വില്ലേജിനായി നാല് ദുബൈ ബസ് റൂട്ടുകൾ
- ബസ് 102: റാഷിദിയയിലെ സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിൽ നിന്ന്
- ബസ് 103: യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന്
- ബസ് 104: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന്
- ബസ് 105: മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന്
ദൈർഘ്യം: റൂട്ടിനെ ആശ്രയിച്ച് ഏകദേശം 30 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ വരെ.
ചെലവ്: വൺവേ യാത്രയ്ക്ക് 5 ദിർഹം മുതൽ 10 ദിർഹം വരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."