HOME
DETAILS
MAL
തുല്യതയ്ക്കും നീതിക്കുമായി പരിശ്രമിക്കണം: രാഷ്ട്രപതി
backup
August 15 2021 | 00:08 AM
ന്യൂഡല്‍ഹി: തുല്യതയില്ലാത്ത ലോകത്ത് തുല്യതയ്ക്കായും അനീതി നടമാടുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ നീതിക്കായും നാം പരിശ്രമിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സാമ്പത്തികവും പാരിസ്ഥിതികവുമായ നീതി എന്നതുള്‍പ്പെടെ നിരവധി വ്യാഖ്യാനങ്ങള്‍ നീതിക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നു. മുന്നോട്ടുള്ള പാതയില്‍ അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും നാം നേരിടേണ്ടിവരുമെന്നും രാഷ്ട്രപതി പറഞ്ഞു. നമുക്കു സ്വാതന്ത്ര്യം നേടിത്തന്നവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് നാം ഇതുവരെ പൂര്‍ണമുക്തി നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം, ഒറ്റക്കെട്ടായി നടത്തിയ അസാധാരണമായ പരിശ്രമങ്ങളിലൂടെ, അണുബാധയുടെ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതില്‍ വിജയിച്ചു. അതിഭീകരനായ ഈ അദൃശ്യ ശത്രുവിനെ അസാമാന്യ വേഗത്തിലാണ് ശാസ്ത്രം നേരിടുന്നത്. നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കപ്പെട്ടു എന്നതില്‍ നമുക്ക് ആശ്വസിക്കാം. കൂട്ടായ പ്രവര്‍ത്തനമാണ് രണ്ടാം തരംഗത്തെ ദുര്‍ബലമാക്കാന്‍ സഹായിച്ചത്. രണ്ടാം തരംഗം നമ്മുടെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യത്തെ സമ്മര്‍ദത്തിലാക്കി. ഇത്രയും വലിയ പ്രതിസന്ധി നേരിടാന്‍ വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്കു പോലും കഴിയില്ല.
കൊവിഡിനെ നേരിടാനുള്ള അസാധാരണമായ ദൗത്യത്തില്‍, ഇന്ത്യ പല രാജ്യങ്ങള്‍ക്കും മരുന്നും ഉപകരണങ്ങളും വാക്‌സിനുകളും എത്തിച്ചു കൊടുത്തതുപോലെത്തന്നെ വിദേശരാജ്യങ്ങളും അവശ്യസാധനങ്ങള്‍ ഉദാരമായി പങ്കുവച്ചു. സഹായഹസ്തവുമായി മുന്നോട്ടുവന്ന ആഗോള സാഹോദര്യത്തോട് നന്ദിയുണ്ട്. മഹാമാരിയുടെ സാമ്പത്തിക ആഘാതവും വിനാശകരമാണ്. ആധുനിക വ്യാവസായിക സംസ്‌കാരം മാനവരാശിക്കു മുന്നില്‍ ഗുരുതരമായ വെല്ലുവിളികളാണ് ഉയര്‍ത്തിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു. സമുദ്രനിരപ്പുയരുകയും ഹിമപാളികള്‍ ഉരുകുകയും താപനില കുതിച്ചുയരുകയും ചെയ്യുന്നു. കാലാവസ്ഥ സംരക്ഷിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."