വിറപ്പിച്ചശേഷം കീഴടങ്ങി നെതര്‍ലന്‍ഡ്‌സ്, പാകിസ്താന് 81 റണ്‍സിന്റെ വിജയം
വിറപ്പിച്ചശേഷം കീഴടങ്ങി നെതര്‍ലന്‍ഡ്‌സ്, പാകിസ്താന് 81 റണ്‍സിന്റെ വിജയം
ഹൈദരാബാദ്: പൊരുതിവീണ് നെതര്‍ലന്‍ഡ്‌സ്. ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ പാകിസ്ഥാന്‍ കീഴടക്കി. 81 റണ്‍സിനാണ് പാകിസ്താന്‍ വിജയം നേടിയത്. മികച്ച പ്രകടനം പുറത്തെടുത്ത് പാകിസ്താനെ വിറപ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങിയത്. പാകിസ്താന്റെ 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സ് 41 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: പാകിസ്താന്‍ 49 ഓവറില്‍ 286 ന് ഓള്‍ ഔട്ട്. നെതര്‍ലന്‍ഡ്‌സ് 41 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഔട്ട്.
287 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍ വിക്രംജിത് സിങ് നല്‍കിയത്. മറ്റൊരു ഓപ്പണറായ മാക്‌സ് ഓ ഡൗഡ് (5) നിരാശപ്പെടുത്തിയെങ്കിലും വിക്രംജിത് അനായാസം ബാറ്റുവീശി. മൂന്നാമനായി വന്ന കോളിന്‍ അക്കര്‍മാനെ കൂട്ടുപിടിച്ച് താരം ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ അക്കര്‍മാനെ (17) ഇഫ്തിഖര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന സൂപ്പര്‍ താരം ബാസ് ഡെ ലീഡ് മനോഹരമായി ബാറ്റുചെയ്യാന്‍ ആരംഭിച്ചതോടെ നെതര്‍ലന്‍ഡ്‌സ് ക്യാമ്പില്‍ വിജയപ്രതീക്ഷ വന്നു.
ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 120ല്‍ എത്തിച്ചു. വിക്രംജിത് അര്‍ധസെഞ്ചുറി നേടി. എന്നാല്‍ വിക്രംജിതിനെ പുറത്താക്കി ശദബ് ഖാന്‍ നെതര്‍ലന്‍ഡ്‌സിന് തിരിച്ചടി സമ്മാനിച്ചു. 67 പന്തില്‍ 52 റണ്‍സെടുത്ത് വിക്രംജിത് മടങ്ങി. പിന്നാലെ ബാസ് ഡി ലീഡ് അര്‍ധസെഞ്ചുറി നേടി. എന്നാല്‍ 68 പന്തില്‍ 67 റണ്‍സെടുത്ത താരത്തെ മുഹമ്മദ് നവാസ് ക്ലീന്‍ ബൗള്‍ഡാക്കി ഇതോടെ നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം അവസാനിച്ചു. നാല് വിക്കറ്റെടുക്കുകയും 67 റണ്‍സെടുക്കുകയും ചെയ്ത ലീഡ് അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്താണ് ക്രീസ് വിട്ടത്.
പിന്നാലെ വന്നവര്‍ അതിവേഗം മടങ്ങിയതോടെ പാകിസ്താന്‍ വിജയത്തിലേക്ക് കുതിച്ചു. തേജ നിദമനുരു (5), നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (0), സാഖ്വിബ് സുല്‍ഫിഖര്‍ (10), വാന്‍ ഡെര്‍ മെര്‍വ് (4), ആര്യന്‍ ദത്ത് (1 ) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓള്‍റൗണ്ടര്‍ ലോഗന്‍ വാന്‍ ബീക്ക് അവസാന വിക്കറ്റുകളില്‍ അടിച്ചുതകര്‍ത്തു. പിന്നാലെ ടീം സ്‌കോര്‍ 200 കടന്നു. എന്നാല്‍ താരത്തിന്റെ പ്രതിരോധത്തിനും നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിക്കാനായില്ല. അവസാനക്കാരനായി ക്രീസിലെത്തിയ പോള്‍ വാന്‍ മീകെറെന്‍ ഏഴുറണ്‍സെടുത്ത് പുറത്തായതോടെ നെതര്‍ലന്‍ഡ്‌സ് ഓള്‍ ഔട്ടായി. വാന്‍ ബീക്ക് 28 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."