ചിരുത പെണ്ണ്
ഹംസ ആലുങ്ങല്‍
എന്തായാലും മമ്പുറം തങ്ങളെ ഒന്നുപോയി കാണാന്‍ ചിരുതയും തീരുമാനിച്ചു. അതിനായി ദിവസവും ഉറച്ചു. അവളുടെ ചെറുമന്‍ ചാത്തന്‍ ഒഴിഞ്ഞുമാറി.
'ഇന്ന് കണ്ടത്തില് തോലിട്ണ ദെവസാ...ഇന്നെ കണ്ടില്ലേ...തമ്പ്രാന്‍ കൊല്ലും...ഇജ്ജെന്തേലും ചെജ്ജ്...'
ഇന്നു തന്നെ പോകണം. കപ്രാട്ടെ അമ്പ്രാളോട് പ്രത്യേകം പറഞ്ഞ് അനുമതിവാങ്ങിയതാ. ഇന്ന് പോയില്ലെങ്കില്‍ പിന്നൊരീസം ഉടനെയൊന്നും സമ്മതം കിട്ടിയെന്നുവരില്ല. മമ്പുറത്തേക്കാണെന്നുമാത്രം പറഞ്ഞില്ല.
നേരത്തെ തങ്ങളെപ്പോയിക്കണ്ട കാളിയാണ് ഒടുവില്‍ വഴികാട്ടിയായത്. വഴിയാത്രക്കിടയില്‍ മമ്പുറത്തെ പോരിശയെല്ലാം കാളി ചിരുതക്കു പറഞ്ഞുകൊടുത്തു.
'ഏതൊക്കെ നാട്ടിലുള്ള മനുസമ്മാരെ തങ്ങളെ കാണാന്‍ വര്ണതെന്നോ... മാപ്ലാര് മാത്തരല്ല, മ്മളെ കൂട്ടരും അയിലാറെണ്ട്'.
ഒന്നും ചിരുതക്കറിയാത്തതല്ല, എന്തെല്ലാം കഥകള്‍ അവള്‍ കേട്ടിരിക്കുന്നു. പലതും പറഞ്ഞാല്‍ വിശ്വസിക്കില്ല. പക്ഷേ, സത്യമാണ് തങ്ങളുടെ കറാമത്തുകള്‍. എന്നാല്‍ അതിന്റെ അഹങ്കാരമുണ്ടോ? വളരെ മാന്യമായ സംസാരം. എല്ലാവര്‍ക്കും ഒരുപോലെയുള്ള പരിഗണന. എല്ലാവരുടെ പ്രശ്‌നങ്ങളും കേള്‍ക്കുന്നു. ഉചിതമായ പരിഹാരം നിര്‍ദേശിക്കുന്നു.
അത് ചിരുതക്കും ബോധ്യമായി. മമ്പുറത്തെ തങ്ങളുടെ വീടിനുമുമ്പിലോ അകത്തളത്തിലോ അയിത്തമില്ല. തീണ്ടലില്ല. ഉച്ചനീചത്വമില്ല. അധികാരത്തിന്റെ അഹമ്മതികളില്ല. കല്‍പനകളില്ല. മാന്യമായ നിര്‍ദേശങ്ങള്‍ മാത്രം. കുറച്ചുസമയം കാത്തിരിക്കേണ്ടിവന്നു മുഖദാവിലെത്താന്‍. അതിനുശേഷം തങ്ങളെ ചിരുതക്ക് ഒറ്റയ്ക്കുകാണാനായി. പ്രശ്‌നങ്ങള്‍ നേരിട്ടുബോധിപ്പിക്കാനായി. മുമ്പേ വന്നവരുടെ തിക്കിത്തിരക്കലുകള്‍. പലനാടുകളില്‍ നിന്നുവന്ന മനുഷ്യര്‍. പലപല പ്രശ്‌നങ്ങള്‍ പറയാന്‍ കാത്തുനില്‍ക്കുന്നവര്‍. ആദ്യം വന്നവര്‍ക്ക് ആദ്യം കാണാം. എല്ലാവര്‍ക്കും തങ്ങളുടെ സവിധത്തില്‍ പരിഹാരമുണ്ടാകുന്നു. അവിടേക്കുള്ള മനുഷ്യരുടെ ഒഴുക്കുകള്‍ ഏറുന്നു.
തങ്ങളെ കാണാന്‍പോയ ദിവസം ചിരുതക്കൊരിക്കലും മറക്കാനാവില്ല. അന്നനുഭവിച്ച സന്തോഷവും സംതൃപ്തിയും ചെറുതല്ല. യാതൊരു വിവേചനവും അന്നവിടെ അനുഭവിക്കേണ്ടിവന്നില്ല. അതൊരത്ഭുതമായിരുന്നു ചിരുതക്ക്.
മമ്പുറം തങ്ങളെ സമീപിച്ച് ചിരുത തന്റെ പ്രശ്‌നം പറഞ്ഞു. തങ്ങള്‍ ചിരുതക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥനനടത്തി. അത് ചിരുതയുടെ ജീവിതത്തിലെ ആദ്യത്തെ സംഭവമായിരുന്നു. തനിക്കുവേണ്ടി ഒരാള്‍ പ്രാര്‍ഥിക്കുകയോ? അതും മമ്പുറത്തെ തങ്ങള്‍? ഒരു ഒറ്റമൂലിയും പറഞ്ഞുകൊടുത്തു തങ്ങള്‍.
പൊന്നാന്‍ എന്ന തകരയുടെ കുരു സംഘടിപ്പിക്കണം. അത് വെളിച്ചെണ്ണ ചേര്‍ത്ത് കാച്ചിയെടുത്ത് ശരീരത്തില്‍ തേച്ചുകുളിക്കാനും തങ്ങള്‍ നിര്‍ദേശിച്ചു.
രണ്ടാഴ്ചയേ കാത്തിരിക്കേണ്ടിവന്നുള്ളൂ. എത്രയോ കാലമായി ചിരുതപ്പെണ്ണിനെ അലട്ടിയരുന്ന മാറാവ്യാധിക്കു പരിഹാരമായി. തങ്ങളുടെ കറാമത്തെന്നല്ലാതെ എന്തു പറയാന്‍. ആ മാറാദീനം എന്നെന്നേക്കുമായി പമ്പ കടന്നു. ചൊറിപിടിച്ച ശരീരഭാഗത്തെ പാടുകള്‍ തേഞ്ഞുമാഞ്ഞുപോയി. ശരീരം കൂടുതല്‍ പുഷ്ടിപ്പെട്ടു. ചെറുമന്‍ ചാത്തനും അടുത്തുകൂടാന്‍ തുടങ്ങി. മക്കള്‍ക്കും അതിശയം. ആ കഥയ്ക്ക് ചിരുതയും വലിയ പ്രചാരം നല്‍കി. സന്തോഷം കൊണ്ടുകൂടിയായിരുന്നു അത്.
മമ്പുറം തങ്ങളില്‍ നിന്ന് സഹജീവിയെന്ന തുല്യപരിഗണനയും പെരുമാറ്റവും ലഭിച്ചത്ചിരുതക്ക് വിശ്വസിക്കാനായില്ല. ഏറെക്കാലമായി അലട്ടിയിരുന്ന രോഗവും പമ്പകടന്നതോടെ ചിരുത ഈ വിവരങ്ങള്‍ കൂട്ടത്തിലുള്ളവരുമായി പങ്കുവച്ചു. കാളിയേയും ചീരുവിനേയുമാണ് കൂടുതല്‍ ആകര്‍ഷിച്ചത്. ചാത്തനിലും മാത്തനിലും കുഞ്ഞനിലും അതിന്റെ അനുരണനങ്ങളുണ്ടായി.
തമ്പ്രാക്കന്‍മാരില്‍ നിന്നുള്ള ആട്ടും തൂപ്പും കുറച്ചല്ല അവര്‍ അനുഭവിക്കുന്നത്. ഓരോ ദിവസവും ജാതിയുടെ പേരില്‍ വിവേചനം നേരിടുന്നു. അയിത്തത്തിന്റെ പേരില്‍ മര്‍ദനങ്ങള്‍ക്കിരയാകുന്നു. സ്ത്രീകള്‍ക്ക് സ്വന്തം മാറുമറക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുന്നു. കീഴാളവിഭാഗങ്ങള്‍ മേല്‍ക്കുപ്പായമിട്ടാല്‍ മുല അരിഞ്ഞെടുക്കുന്ന ശിക്ഷാ വിധികളായിരുന്നു നടാപ്പാക്കിയിരുന്നത്. മനുഷ്യനെന്ന പരിഗണന വല്ലവരും തന്നിട്ടുണ്ടോ? എങ്കില്‍ അത് മമ്പുറം തങ്ങളുടെ അനുയായികളാണ്.
അക്കാലത്ത് ധാരാളം കീഴാള വിഭാഗങ്ങള്‍ മാര്‍ഗംകൂടിയിരുന്നു.
മുട്ടിച്ചിറ ലഹളപോലും അവര്‍ക്കുവേണ്ടി ഉണ്ടായതാണല്ലോ. ആ കഥ ചിരുതപ്പെണ്ണും കേട്ടിട്ടുണ്ട്. നടന്നത് മൂന്നാല് കൊല്ലം മുമ്പാണെങ്കിലും അവളുടെ അമ്മൂമ്മ കാരിച്ചിയാണതിനെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുത്തത്.
ഇസ്‌ലാം മതം സ്വീകരിച്ചാല്‍ അവര്‍ക്കുമുമ്പില്‍ സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു. മനുഷ്യനായി ജീവിക്കാനാവുന്നു. അയിത്തവും, തീണ്ടലും പിന്നെയില്ല. ചക്കി, മാത, ചിരുത തുടങ്ങിയ പേരുകളിലൂടെ കീഴാള അടിമത്തം പേറേണ്ടതില്ല. പുതിയ പേരുകള്‍ സ്വീകരിക്കാം. പിന്നീട് അറിയപ്പെടുന്നത് ആ പേരുകളിലാവും.
ആ ജീവിതരീതിയെ ചിരുതയും ഇഷ്ടപ്പെട്ടു. കാളിയോടും ചീരുവിനോടും അവളാ ആശയം പങ്കുവച്ചു. ചാത്തനും മാത്തനും കുഞ്ഞനും കൂടി അതിനെ പിന്തുണച്ചു.
ഒടുവിലവര്‍ മമ്പുറം തങ്ങളുടെ ആശിര്‍വാദത്തോടെ പുതിയ മനുഷ്യരായി. ഇസ്‌ലാം മതത്തിന്റെ തണിലിലേക്കുവന്ന ചിരുത ആയിഷയായി. കാളി ഖദീജയായി. ചീരുവിനെ ഹലീമ എന്നു വിളിച്ചു. ചാത്തന്‍ അഹമ്മദായി. മാത്തന്‍ ഹുസൈനും കുഞ്ഞന്‍ സാലിമുമായി. കീഴാള ജാതിക്കാരായ തങ്ങള്‍ക്ക് ലഭിച്ച പേരിന്റെ മാഹാത്മ്യം അവരെ പുളകിതരാക്കി.
ആയിഷ പ്രവാചകന്റെ പ്രിയ പത്‌നിയുടെ പേരായിരുന്നു. ഖദീജ പ്രവാചകന്റെ ആദ്യ പത്‌നിയുടേതും. അവരുടെ മരണശേഷമായിരുന്നു പ്രവാചകന്‍ ആയിഷയെ വിവാഹം കഴിച്ചത്. ഹലീമബീവിക്കും ഇസ്‌ലാമിക ചരിത്രത്തില്‍ മിന്നുന്ന വിശേഷണങ്ങളാണുള്ളതെന്ന് മനസിലാക്കിയ അവരില്‍ ആത്മവിശ്വാസവും അഭിനിവേശവും കൂടി. പുതിയ മതത്തിന്റെ തണലില്‍ അവര്‍ പുതിയ ജീവിതം നയിച്ചു തുടങ്ങി. ഇസ്‌ലാം മതത്തിലെ പ്രാഥമിക പാഠങ്ങളും ആചാരങ്ങളും ഗ്രഹിച്ചു. ഖുര്‍ആന്‍ സൂക്തങ്ങള്‍ പഠിച്ചു. നിസ്‌കരിക്കുവാന്‍ പരിശീലിച്ചു. ശരീരഭാഗങ്ങള്‍ മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചു.
മാര്‍ഗം കൂടിയവര്‍ക്ക് മമ്പുറത്തെ തങ്ങളുടെ പ്രത്യേക ക്ലാസുകളുണ്ടായിരുന്നു. പടിപടിയായാണത് ലഭിച്ചിരുന്നത്. പ്രാദേശികമായി ചില മൊല്ലാക്കമാരും അവര്‍ക്ക് നിര്‍ദേശ ഉപദേശങ്ങള്‍ നല്‍കി.
ഇനിമേലില്‍ ജന്മികളുടെ ഉച്ചിഷ്ടം ഭക്ഷിക്കരുത്, കുഴിയില്‍ ഭക്ഷണമിട്ടുതന്നാല്‍ കഴിക്കരുത്, പൊതുവഴിയിലൂടെ തന്നെ നടക്കണം. വസ്ത്രം ധരിക്കണം, മാറുമറയ്ക്കണം, അയിത്തമോ, തീണ്ടാപാടോ പറഞ്ഞാല്‍ പാലിക്കരുത് തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളും അവര്‍ക്ക് മുസ്‌ലിം പണ്ഡിതന്മാര്‍ നല്‍കിയിരുന്നു. ഈ ഉപദേശങ്ങള്‍ മാര്‍ഗംകൂടി മാപ്പിളമാരായവര്‍ നടപ്പാക്കാന്‍ തുടങ്ങി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
1841 നവംബര്‍ 13നായിരുന്നു മുട്ടിച്ചിറ ലഹള നടക്കുന്നത്. ഒരു റമദാന്‍ മാസം.
ബ്രിട്ടീഷുകാര്‍ക്കും ജന്മികള്‍ക്കുമെതിരെ ഏറനാട് ദേശത്ത് അരങ്ങേറിയ ആദ്യപോരാട്ടം. മമ്പുറം അലവി തങ്ങളുടെ കാലത്ത് ഒട്ടേറെ അടിയാളവിഭാഗങ്ങള്‍ മാര്‍ഗം കൂടിയിരുന്നു. ഇവര്‍ക്കുവേണ്ടി ഏറനാട്ടിലെ പലഭാഗങ്ങളിലും പള്ളികള്‍ പണിതു.
മുട്ടിച്ചിറയിലും അങ്ങനെ ഒരു പള്ളി നിര്‍മിച്ചു. മാര്‍ഗംകൂടിയവര്‍ മുട്ടിച്ചിറ പള്ളിയിലേക്ക് നിസ്‌കരിക്കാനായി എത്തിയിരുന്നത് പൊതുവഴിയിലൂടെയായിരുന്നു.
അവര്‍ ആ വഴി ഉപയോഗിക്കരുതെന്നായിരുന്നു മേല്‍ജാതിക്കാരുടെ ആവശ്യം. മതം മാറിയവരെങ്കിലും അവര്‍ കീഴാളരാണ്. കീഴാളര്‍ പൊതുവഴി ഉപയോഗിക്കരുത്. അയിത്താചാരങ്ങള്‍ പാലിക്കണം. ബഹുമാനമില്ലാതെ പെരുമാറരുത്. സ്ഥലത്തെ പ്രമുഖ ജന്മിയായ അച്യുതപ്പണിക്കരും അധികാരി തോട്ടശ്ശേരി തച്ചുപണിക്കരുമടക്കമുള്ളവര്‍ ആ വാശിയിലായിരുന്നു. ആ ധിക്കാരത്തെ അനുസരിക്കാന്‍ അവര്‍ തയ്യാറായില്ല. അവരെ അതിന് മാപ്പിളമാരും മതനേതൃത്വവും അനുവദിച്ചതുമില്ല.
ജന്മിമാര്‍ അടങ്ങുമോ? മുട്ടിച്ചിറ പള്ളിയിലേക്ക് പോകുന്ന പുതു മുസ്‌ലിംകളെ ചിലര്‍ ഉപദ്രവിക്കാന്‍ തുടങ്ങി. അതിനായി ചിലരെ വഴിയില്‍ ജന്മിമാര്‍ ശട്ടംകെട്ടി.
ചാത്തനും ഉണ്ണിച്ചാത്തനും രേവിയും കോരനും അച്യുതപണിക്കരുടെ അടിയാളരായിരുന്നു. അവര്‍ മുഹമ്മദെന്നും ഉസ്മാനെന്നും കാദറെന്നും കാസിമെന്നും പേര് സ്വീകരിച്ചാല്‍ ജാതി മാറുമോ? ജന്മനാകിട്ടിയ അയിത്തം ഇല്ലാതാകുമോ? ശരീരത്തിലെ കറുപ്പ് തൂത്താല്‍ പോകുമോ?
അതിന്റെ അഹമ്മതികൂടി കാട്ടിയാലോ? ജന്മി ജന്മിയാണെന്നും അടിയാളന്‍ അടിയാളനാണെന്നുമുള്ള ജന്മസത്യം മറന്നാലോ?
അതായിരുന്നു തച്ചുപണിക്കരെ പ്രകോപിപ്പിച്ചത്. സവര്‍ണമേധാവിത്വത്തിന്റെ കുടുമയെ വിറപ്പിച്ചത്.
മൂന്നു തവണ മുഹമ്മദ് മാത്രം ജന്മിമാരുടെ സില്‍ബന്ധികളുടെ അധിക്ഷേപത്തിനിരയായി. രണ്ടു തവണ കാദറും അക്രമിക്കപ്പെട്ടു. ഒരു തവണ കാസിമും.
ഒരു വെള്ളിയാഴ്ച പള്ളിയിലേക്ക് ജുമുഅ നിസ്‌ക്കരിക്കാന്‍ പോകുകയായിരുന്നു മുഹമ്മദ്. ഒറ്റയ്ക്കായിരുന്നു, വഴിയില്‍ നിന്ന് മറ്റുള്ളവരേകൂടി കൂട്ടണം. വൃത്തിയുള്ള വസ്ത്രം ധരിച്ച് അയാളെ കണ്ടപ്പോള്‍ പണിക്കരുടെ വാലായ കിട്ടുണ്ണിക്കും കൃഷ്ണനും ദഹിച്ചില്ല.
'ചാത്താ ഒന്നവടെ നിന്നേ...'
പേടിയോടെയാണെങ്കിലും അയാള്‍ നിന്നു.
'കിട്ടുണ്ണ്യായരേ ഇന്റെ പേരിപ്പം മുഹമ്മദെന്നാ...ചാത്തനെന്നല്ല...'
അതു കേട്ടതോടെ അയാള്‍ വല്ലാത്ത ചിരിചിരിച്ചു. കൃഷ്ണനും കൂടി അധിക്ഷേപത്തിന്റെ കെട്ടഴിക്കാന്‍. ഇരുവരും മുഹമ്മദിന്റെ അടുത്തേക്കു വന്നു.
'എടോ ചാത്താ... നിന്നെക്കൊണ്ട് മാപ്ലാര്‍ക്ക് വേറെ കാര്യണ്ട്, അയിനാ ഇങ്ങനെ വേഷം കെട്ടിക്കുന്നത്... നീ വന്നേ ഒരു കാര്യണ്ട്. കാര്യം കഴിഞ്ഞാ നല്ലപനങ്കള്ള് തരാം...'
മുഹമ്മദിന്റെ തല പെരുത്തു. അതിനുമറുപടി പറയാന്‍ നിന്നില്ല. അവര്‍ കരുതിക്കൂട്ടിതന്നെയാണ്. വേഗം രക്ഷപ്പെടുകതന്നെ.
'നിന്റെ തൊലിയിലെ കറുപ്പ് ഒന്നു മായ്‌ച്ചേ...മായില്ല, അതുപോലെതന്നെയാ ജാതിയും. നീ എന്നും ചെറുമന്‍ തന്നെ... മാപ്പിളയുടെ കുപ്പായമിട്ടൂന്ന് കരുതി മാപ്പിളയാകില്ല...'
കൃഷ്ണന്‍ മുറുക്ക് വായയില്‍ വച്ച് ചവച്ച് പിന്നാലെ പറഞ്ഞു.
വെള്ളിയാഴ്ചയാണ്. ജുമുഅക്കാണ് പോകുന്നത്. പാവങ്ങളുടെ ഹജ്ജാണത്. അതിന്റെ പ്രാധാന്യവും പവിത്രതയും ഇവറ്റകള്‍ക്കറിയുമോ? അവരോട് കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ മുഹമ്മദ് മുമ്പോട്ടുനടന്നു. അപ്പോള്‍ കൃഷ്ണന്‍ മുമ്പിലേക്ക് എടുത്തു ചാടി.
പിന്നെ വെളുത്ത വസ്ത്രത്തിലേക്ക് പാറ്റിത്തുപ്പി. മുറുക്കലിന്റെ ചോരച്ചാറ് മുഹമ്മദിന്റെ വെള്ളത്തുണിയിലാകെ പരന്നു. ഒരു വൃത്തികെട്ട വാട ശരീരത്തിലും പരിസരത്തും പടര്‍ന്നു. അത് കള്ളിന്റെ മണമായിരുന്നു.
മുഹമ്മദിന് കരച്ചില്‍ വന്നു. അരിശം പെരുവിരലിലൂടെ അരിച്ചുകയറി. സങ്കടം കനത്തുവിങ്ങി. അയാള്‍ അവിടെ നിന്നില്ല, ഓടുകയായിരുന്നു. അതുകണ്ട് അവര്‍ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
അതായിരുന്നു തുടക്കം.
പിന്നാലെയാണ് കാസിമിനും കാദറിനും തിക്താനുഭവങ്ങളുണ്ടായത്. അപ്പോള്‍ മാപ്പിളമാര്‍ വെറുതെയിരിക്കുമോ? ഇതു പതിവായതോടെ മാപ്പിളമാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ലഹളയുടെ ആരംഭം.
1921 പശ്ചാത്തലമാക്കിയുള്ള 50 അധ്യായങ്ങളുള്ള നോവലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇവിടെ പ്രസിദ്ധീകരിച്ചത്. വൈകാതെ ഇത് പുസ്തകമായി വായനക്കാരിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."