ഭരണചക്രം നിയന്ത്രിക്കുന്ന സൂഫികള്‍
ഭരണചക്രം നിയന്ത്രിക്കുന്ന സൂഫികള്‍
സാദിഖ് ഫൈസി താനൂര്‍
കോണ്‍സ്റ്റാന്റിനോപ്പിള്‍ ഇപ്പോഴില്ല. സി.ഇ 330 ല്‍ കോണ്‍സ്റ്റന്റൈന്‍ പേരു മാറ്റിയ ആ നഗരമിപ്പോള്‍ ഇസ്ലാംബൂള്‍(ഇസ്ലാമിക നഗരം എന്നര്‍ഥമുള്ള ഈ പദമാണ് പിന്നീട് ലോപിച്ച് ഇസ്താംബൂള്‍ ആയത്) ആണ്. ഉസ്മാനി സാമ്രാജ്യത്തിന്റെ ആസ്ഥാനം അവിടേക്ക് മാറ്റി. മുഹമ്മദുല്‍ ഫാതിഹ് അവിടെ നല്ല ഭരണം കാഴ്ചവച്ചു.
പക്ഷേ, അദ്ദേഹത്തിന്റെ മനസു നിറയെ ആധ്യാത്മിക ദാഹമായിരുന്നു. അതുമാറ്റാന്‍ തന്റെ ഗുരു ശൈഖ് ആഖ് ശംസുദ്ദീന്റെ ഖാന്‍ഖാഇലെത്തി. അപ്പോള്‍ ശൈഖ് കിടക്കുകയാണ്. സുല്‍ത്വാന്‍ താഴെ ഇരുന്നു. ശേഷം പറഞ്ഞു: 'എന്റെ പിതാവ് മുറാദിനെ പോലെ എനിക്കും ശൈഖിന്റെ ഖാന്‍ഖാഇലോ മറ്റൊരു ഒഴിഞ്ഞയിടത്തോ ഖല്‍വത്ത് (മറ്റെല്ലാ ചിന്തകളില്‍ നിന്നും ഇടപെടലുകളില്‍ നിന്നും മാറിനിന്നു ഏകാന്തനായി ഒരിടത്ത് ധ്യാനിച്ചിരിക്കുന്ന സൂഫി ധ്യാനം) അനുഷ്ഠിക്കണം. അതിനു ഗുരു സമ്മതിക്കണം'.
ഗുരു സമ്മതിച്ചില്ല. കൊട്ടാരത്തിലേക്ക് തിരിച്ചുപോകാന്‍ പറഞ്ഞു. പല ശിഷ്യന്മാര്‍ക്കും 'ഖല്‍വത്ത്' നിര്‍ദേശിക്കുന്ന ഗുരു തനിക്കത് നിഷേധിച്ചപ്പോള്‍ ഫാതിഹിന് സങ്കടമായി. തനിക്ക് ഖല്‍വത്ത് നിഷേധിക്കാനുള്ള കാരണമെങ്കിലും പറഞ്ഞു തരണമെന്നായി പിന്നെ സുല്‍ത്വാന്റെ അപേക്ഷ. അപ്പോള്‍ ഗുരു മൊഴിഞ്ഞു: 'ഭരണം എന്നത് ഉത്തരവാദപ്പെട്ട സ്ഥാനമാണ്. അത് മനോഹരമായി നിര്‍വഹിക്കലാണ് താങ്കളുടെ ദൗത്യം. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉള്‍പ്പെടെയുള്ളവ അവന്‍ താങ്കളുടെ കൈയില്‍ ഏല്‍പ്പിച്ചത് അതിനാണ്.
അങ്ങനെയുള്ള ഒരു ഭരണാധികാരി ഖല്‍വത്തിലേക്കു തിരിഞ്ഞ് അതിന്റെ രുചിയും ആനന്ദവും അനുഭവിച്ചാല്‍, പിന്നെ അവര്‍ക്ക് ഭരണത്തോട് താല്‍പര്യമുണ്ടാകില്ല. അന്നേരം ഭരണം താറുമാറാകും. അല്ലാഹുവിന്റെ കോപം ഇറങ്ങാന്‍ അത് കാരണമാകും…'
സുല്‍ത്വാന്‍ കണ്ണീരോടെ ഗുരുവിന്റെ ഉപദേശം കേട്ടു. അനുസരിച്ചു. പിന്നെ ആയിരം സ്വര്‍ണ നാണയങ്ങളടങ്ങിയ ഒരു കിഴി സമ്മാനമായി ഗുരുവിന്റെ മുന്നില്‍ വച്ചു കൊടുത്തു. ഗുരുവാകട്ടെ അതെടുത്ത് തിരികെ പോകാന്‍ കല്‍പ്പിച്ചു. മുസ്ലിം ലോകത്തിന്റെ സുല്‍ത്വാനും റോമിന്റെ സീസറുമായ ഫാതിഹിന് തിരിച്ചു പോവുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ ശൈഖിന്റെ കൈകള്‍ മുത്തിമണത്തു സുല്‍ത്വാന്‍ കൊട്ടാരത്തിലേക്കു തന്നെ യാത്ര തിരിച്ചു. അപ്പോഴും ശൈഖ് ആഖ് ശംസുദ്ദീന്‍ തന്റെ ഖാന്‍ഖാഇല്‍ തലയ്ക്ക് കൈ കൊടുത്തു കിടക്കുക തന്നെയായിരുന്നു.
(ശൗകാനി: അല്‍ബദ്റു ത്ത്വാലിഉ 2/167, സ്വല്ലാബി: ഫാതിഹുല്‍ ഖുസ്ത്വിന്‍ത്വീനിയ്യ അസ്സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ്. പേജ് 118, സ്വല്ലാബി: അദ്ദൗലത്തുല്‍ ഉസ്മാനിയ്യ:99)
ഗുരുവാണ് യഥാര്‍ഥ ഭിഷഗ്വരന്‍
ആഖ് ശംസുദ്ദീന്‍(13891459) മഹാ പണ്ഡിതനാണ്. സുഹ്റവര്‍ദി ത്വരീഖയുടെ സ്ഥാപകനും അവാരിഫുല്‍ മആരിഫ് എന്ന വിശ്വവിഖ്യാത ആധ്യാത്മിക ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ശിഹാബുദ്ദീന്‍ സുഹ്റവര്‍ദി(1145 1234) പേരമകന്‍. ഒന്നാം ഖലീഫ അബൂബകര്‍ സ്വിദ്ദീഖ്(റ)ന്റെ സന്താന പരമ്പര. ചെറുപ്പത്തില്‍ തന്നെ മത-ഭൗതിക വിഷയങ്ങളിലെല്ലാം വലിയ അറിവു നേടിയ പണ്ഡിതനായിരുന്നു ആഖ് ശംസു ശംസുദ്ദീന്‍. മത വിജ്ഞാനത്തിനു പുറമെ ബോട്ടണി, സൈക്കോളജി, മെഡിസിന്‍, ഫാര്‍മസി എല്ലാം അറിയാം. ചരിത്രത്തിലാദ്യമായി സൂക്ഷ്മ ജീവികളെ കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയും മൈക്രോബുകളെ കൃത്യമായി നിര്‍വചിക്കുകയും ചെയ്തത് അദ്ദേഹമാണ്.
പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ ആത്മീയ ദാഹം ക്ഷമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. അതിനായി അദ്ദേഹം സൂഫി ഗുരുക്കന്മാരെ അന്വേഷിക്കാന്‍ തുടങ്ങി. ചിലര്‍ അങ്കാറയിലെ ശൈഖ് ബൈറാം വലിയെ പരിചയപ്പെടുത്തി കൊടുത്തു. പക്ഷേ, ആഖ് ശൈസുദ്ദീന്, ബൈറാം വലി((13521430)യെ അത്ര പിടിച്ചില്ല. പണിയെടുത്തു ജീവിക്കുന്നതിനു പകരം ഭിക്ഷപ്പാത്രവുമായി തെരുവുതെണ്ടുന്ന സൂഫിവേഷക്കാരന്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ആ ശൈഖ്.
സൂഫീ ഗുരുവിനെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടു പോയപ്പോള്‍, ശൈഖ് സൈനുദ്ദീന്‍ ഖാഫിയെ കുറിച്ച് കേട്ടു. ഉടന്‍ തുര്‍ക്കിയിലെ അധ്യാപനമെല്ലാം ഉപേക്ഷിച്ചു ശൈഖിനെ തേടി സിറിയയിലേക്ക് പുറപ്പെട്ടു. ഡമസ്‌കസുകാരനായ ആഖ് ശംസുദ്ദീന്‍ അധ്യാപനത്തിനായി തുര്‍ക്കിയിലേക്ക് പോയതായിരുന്നു. ഇപ്പോഴിതാ ശൈഖിനെ തേടി ജന്മനാട്ടിലേക്ക്. അങ്ങനെ സിറിയയിലെ ഹലബി(അലപ്പോ)ല്‍ എത്തിയപ്പോള്‍, താന്‍ അന്വേഷിച്ചിറങ്ങിയ ശൈഖ് സൈനുദ്ദീനെ കിനാവ് കണ്ടു. ശൈഖ് സൈനുദ്ദീന്റെ കഴുത്തില്‍ ഒരു കയറ്. ആ കയറു പിടിച്ച് താന്‍ മുമ്പ് നിസാരനാക്കി തള്ളിയ ബൈറാം വലി നടക്കുന്നു. അതായിരുന്നു സ്വപ്നം.
ആ സ്വപ്നം കൃത്യമായ സന്ദേശമാണെന്നു മനസിലാക്കിയ ആഖ് ശംസുദ്ദീന്‍ വീണ്ടും തുര്‍ക്കിയിലെ അങ്കാറയിലേക്ക് തിരിച്ചു. അവിടെയാണ് ശൈഖ് ബൈറാം വലിയുടെ കേന്ദ്രം. ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ചു അദ്ദേഹത്തിന്റെ സേവകനായി കൂടാന്‍ പോയതാണ്. ചെന്നപ്പോള്‍, തന്നെ കണ്ട ഭാവം പോലും അദ്ദേഹം നടിക്കുന്നില്ല. കുറച്ചു കഴിഞ്ഞ് ശൈഖും മുരീദുമാരും വയലില്‍ ഇറങ്ങി കൊയ്ത്ത് ആരംഭിച്ചു. പറയാതെ തന്നെ ആഖ് അവരോടൊപ്പം ചേര്‍ന്നു.
കൊയ്ത്ത് കഴിഞ്ഞപ്പോള്‍, ശൈഖ് എല്ലാവര്‍ക്കും ഭക്ഷണം വിളമ്പാന്‍ തുടങ്ങി. അവസാനം വയലോരത്ത് അലഞ്ഞു തിരിയുന്ന പട്ടികള്‍ക്കും. എന്നിട്ടും ആഖിന് അന്നം വിളമ്പിയില്ല. അവസാനം അദ്ദേഹം ചെന്നു പട്ടികളുടെ ഭക്ഷണത്തിനടുത്ത് ഇരുന്നു. അവയോടൊപ്പം കഴിക്കാന്‍ തുടങ്ങി. ആ ഇരുത്തത്തില്‍ തന്നെ ശൈഖിനെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും നീങ്ങി. അന്നേരം ശൈഖ് ബൈറാം വലി അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു.
അതോടെ ബൈറാം വലിയുടെ ഏറ്റവും നല്ല ശിഷ്യനായി ആഖ് ശംസുദ്ദീന്‍ മാറി. ഗുരുവിനോട് അടുത്തപ്പോഴാണ്, ശൈഖും മുരീദുമാരും തെരുവില്‍ ഭിക്ഷ യാചിക്കുന്നത്, ദേഹേച്ഛയെയും താന്‍പൊരിമയെയും പൊട്ടിക്കാനുള്ള വിദ്യയാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെ കിട്ടുന്ന പണം പാവങ്ങള്‍ക്കും കടക്കാര്‍ക്കും വിതരണം ചെയ്യുകയാണെന്ന് മനസ്സിലാക്കുന്നത്. ഉസ്മാനി സുല്‍ത്വാന്‍ മുറാദ് രണ്ടാമന്‍ (1403 1451) തന്റെ ശൈഖിന്റെ ശിഷ്യനാണെന്നും, ശൈഖ് വിചാരിച്ചാല്‍ സ്വര്‍ണക്കിഴികള്‍ തന്നെ മുന്നിലെത്തിക്കാന്‍ സാധിക്കുമെന്നു എന്നിട്ടും ഫഖീറിനെ പോലെ കഴിയുകയാണെന്നും അറിയുന്നത്.
അവസാനം ബൈറാം വാലിയുടെ ഖലീഫയും പിന്‍ഗാമിയുമായി ആഖ് ശംസുദ്ദീന്‍ മാറി. മുറാദ് രണ്ടാമന്‍ തന്റെ മകന്‍ മുഹമ്മദിനെ ആത്മീയ ശിക്ഷണത്തിനായി ആഖ് ശംസുദ്ദീന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അത് മുഹമ്മദിനെ മാറ്റി മറിച്ചു. അങ്ങനെയാണ് മുറാദിന്റെ മകന്‍ മുഹമ്മദ്, മുസ്ലിം ലോകത്തിന്റെ കണ്ണിലുണ്ണിയായ മുഹമ്മദുല്‍ ഫാതിഹായി മാറുന്നത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയത്തിന്റെ ആത്മീയ നായകന്‍ ആഖ് ശംസുദ്ദീനാകുന്നത്. വിജയാനന്തരം ഈ ഗുരുവിനെ കുറിച്ചാണ് മുഹമ്മദുല്‍ ഫാതിഹ് ഇങ്ങനെ പറഞ്ഞത്: 'കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നതില്‍ എല്ലാവരെക്കാള്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം ആഖ് ശംസുദ്ദീന്‍ എന്ന എന്റെ ഗുരു ഈ പോരാട്ട വീഥിയില്‍ വഴികാട്ടിയായി എന്റെ കൂടെ ഉണ്ടായിരുന്നു'
(ഇസ്വാമുദ്ദീന്‍ ത്വാശ്കുബ്റാ സാദ: ശഖാഇഖു ന്നുഅമാനിയ്യ ഫീ ഉലമാഇ ദൗലത്തില്‍ ഉസ്മാനിയ്യ. 1/138, ശൗകാനി: അല്‍ ബദ്റു ത്വാലിഉ 2/158,സ്വല്ലാബി: ഫാതിഹുല്‍ ഖുസ്ത്വിന്‍ത്വീനിയ്യ അസ്സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ്. പേജ് 118)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."