കാബൂള്‍ എംബസിയില്‍ 200ഓളം ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തകൃതി. ഇതിനായി ഇന്നലെ വൈകിട്ടോടെ വ്യോമസേനയുടെ വലിയ വിമാനങ്ങളിലൊന്നായ സി-17 ഗ്ലോബല്മാസ്റ്റര് കാബൂളിലെത്തി.
ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ ഇരുന്നൂറോളം പേരാണ് കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഞായറാഴ്ച താലിബാന് കാബൂള്‍ കീഴടക്കിയതുമുതല്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. റോഡ് മാര്‍ഗം വിമാനത്താവളത്തിലേക്കെത്തുന്നത് അപകടകരമാണെന്നതിനാലാണ് ഇന്ത്യക്കാര്‍ എംബസിയില്‍ തന്നെ കഴിഞ്ഞത്. എംബസിക്കുള്ളില്‍ ഇന്തോ- തിബത്തന്‍ സേനയിലെ 100 അംഗങ്ങളും ഉള്‍പ്പെടും. ഇവര്‍ക്കാണ് എംബസിയുടെ സുരക്ഷാചുതമല.
കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ കാരണം വ്യോമസേനാ വിമാനം ആദ്യം താജിക്കിസ്ഥാനിലാണ് ലാന്‍ഡ് ചെയ്തത്. ഇതിനുശേഷം വൈകിട്ടോടെയാണ് കാബൂളിലെത്തിയത്. താലിബാന് മുന്നേറ്റം തുടങ്ങിയതോടെ അഫ്ഗാനിലെ നാലു കോണ്‍സുലേറ്റുകള്‍ അടച്ച് ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ എംബസി അടച്ചിരുന്നില്ല.
എംബസി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും അഫ്ഗാനിലെ സുഹൃത്തുക്കളെയും എത്തിക്കാന്‍ അടിയന്തര പദ്ധതി തയാറാക്കാന്‍ ഇന്നലെ ഡല്‍ഹിയില്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
താലിബാന് അധികാരത്തിലേറിയതിനുശേഷം ഞായറാഴ്ച രാത്രി ഡല്‍ഹിയില്‍ എയര്‍ ഇന്ത്യയുടെ വലിയ വിമാനം എത്തിയിരുന്നു. അതില്‍ അഫ്ഗാന് മുന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരും പാര്‍ലമെന്റംഗങ്ങളും അടക്കം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."