HOME
DETAILS
MAL
കവിത; ശഫീഖ് അബ്ദുല്ല
backup
October 08 2023 | 08:10 AM
കവിത; ശഫീഖ് അബ്ദുല്ല
വീടൊരു ഭൂമിയും
അമ്മയൊരു
അച്ചുതണ്ടുമാണെന്ന്
കാലങ്ങള്‍ക്കുമുന്നേ
അറിയുന്നതാണെങ്കിലും,
അതിന്റെ കറക്കം
മനോഹരമാക്കുകയെന്നത്
അത്രയെളുപ്പമല്ലെന്ന്
അമ്മയായപ്പോഴാണറിഞ്ഞത്.
ഋതുക്കളുടെ
വേഷപ്പകര്‍ച്ചയിലും
സന്തുലിതാവസ്ഥ
നിലനിര്‍ത്തിപ്പോന്നത്
എത്ര വിദഗ്ധമായാണെന്ന്,
ഉദയാസ്തമയങ്ങളുടെ
കാന്‍വാസില്‍
മുറതെറ്റാതെ
രാപ്പകലുകള്‍ വരച്ചുവച്ചത്
എത്ര കൃത്യമായാണെന്ന്,
ഒരേസമയം
രണ്ടുകണ്ണും
കൈകാലുകളും
പറന്നെത്തിയത്
എത്ര വന്‍കരകളിലാണെന്ന്,
ഒരേയൊരു മനസ്,
ഞൊടിയിടയില്‍
ദേശാടനം നടത്തിയിരുന്നത്
എത്ര രാജ്യങ്ങളിലാണെന്ന്,
അമ്മയായപ്പോഴാണറിഞ്ഞത്;
അടര്‍ന്നുവീഴാതിരിക്കാന്‍,
അടിത്തറയിളകാതിരിക്കാന്‍,
വീടുമാത്രമല്ല, വീട്ടുകാരെയും
അമ്മയച്ചുതണ്ടില്‍ കറക്കിയത്
അതിവിദഗ്ധമായാണെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."