'ഒരു സ്ത്രീയെന്ന നിലക്കും മനുഷ്യനെന്ന നിലക്കും ഞാന്‍ മാപ്പു പറയുന്നു' ഡി.എം.കെ നേതാവിന്റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ കനിമൊഴി
ചെന്നൈ: ബി.ജെ.പിയുടെ വനിതാ നേതാക്കളെ കുറിച്ച് ഡി.എം.കെ നേതാവ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പ് പറയുന്നുവെന്ന് കനിമൊഴി. 'സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് പറയുന്നു' എന്നാണ് ഡി.എം.കെ എം.പി കനിമൊഴി വ്യക്തമാക്കിയത്. തന്റെ പാര്‍ട്ടിയുടെ അധ്യക്ഷനും സഹോദരനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് അധിക്ഷേപങ്ങള്‍ വെച്ചുപൊറുപ്പിക്കാത്തതിനാല്‍ തനിക്ക് മാപ്പ് പറയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെ നേതാവ് സെയ്ദായി സാദിഖ് നടത്തിയ പരാമര്‍ശത്തെ ചോദ്യംചെയ്തുള്ള നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി.
'ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. പറഞ്ഞത് ആരായാലും പറഞ്ഞ ഇടമോ പാര്‍ട്ടിയോ എന്തുതന്നെയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല. എന്റെ നേതാവ് എം.കെ സ്റ്റാലിനും എന്റെ പാര്‍ട്ടിയും ഇതൊരിക്കലും അംഗീകരിക്കാത്തതിനാല്‍ എനിക്ക് പരസ്യമായി മാപ്പ് പറയാം' കനിമൊഴി പറഞ്ഞു. ഇത്തരമൊരു നിലപാടെടുത്തതിന് ഖുശ്ബു കനിമൊഴിയോട് നന്ദി പറഞ്ഞു.
സിനിമാ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ബി.ജെ.പി നേതാക്കളായ ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി എന്നിവരെ 'ഐറ്റങ്ങള്‍' എന്നാണ് ഡി.എം.കെ നേതാവ് സെയ്ദായി സാദിഖ് അധിക്ഷേപിച്ചത്. ബി.ജെ.പി തമിഴ്നാട്ടില്‍ വേരുപടര്‍ത്താന്‍ നടിമാരെ ആശ്രയിക്കുകയാണെന്നും ഡി.എം.കെ നേതാവ് ആരോപിച്ചു. എം.കെ സ്റ്റാലിനും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇത്തരം പരാമര്‍ശങ്ങളോട് നേരത്തെ വിയോജിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."