'ബുള്‍ഡോസര്‍ രാജ്'; ഡല്‍ഹിയില്‍ 25 മുസ്‌ലിം വീടുകള്‍ തകര്‍ത്തു, ഇനിയും തകര്‍ക്കുമെന്ന് ഭീഷണിയും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരേ യോഗി സര്‍ക്കാര്‍ തുടങ്ങിവച്ച 'ബുള്‍ഡോസര്‍രാജ്' ഡല്‍ഹിയിലും അതിശക്തമായി നടപ്പാക്കുന്നു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഫത്തേപൂര്‍ ബേരിയില്‍ ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഡിഡിഎ)യുടെ നേതൃത്വത്തില്‍ 25 മുസ്‌ലിം വീടുകള്‍ പൊളിച്ചുനീക്കി.
അനധികൃത നിര്‍മാണമെന്നാരോപിച്ച് ഡല്‍ഹിയിലെ പ്രാദേശിക ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഒഴിപ്പിക്കലിന്റെ തുടര്‍ച്ചയാണിത്. മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയായിരുന്നു നടപടി. വെള്ളിയാഴ്ച നമസ്‌കാര സമയത്ത് പുരുഷന്‍മാരൊന്നും വീട്ടിലില്ലാതിരുന്നപ്പോഴായിരുന്നു അധികാരികളുടെ കടന്നുകയറ്റം.
മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെ ബുള്‍ഡോസറുകളുമായെത്തിയ അധികാരികള്‍ക്കെതിരെ രംഗത്തു വന്ന സ്ത്രീകളുള്‍പെടെയുള്ള പ്രദേശവാസികളെ പൊലിസ് തല്ലിച്ചതച്ചു. വീടുകള്‍ പൊളിക്കുന്നതിനുള്ള കോടതി ഉത്തരവും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതൊന്നും കൊടുക്കാന്‍ പൊാലിസോ അധികാരികളോ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് നേരേ ഡല്‍ഹി പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുരുഷ പോലിസുകാരാണ് സ്ത്രീകളെ കൈയേറ്റം ചെയ്തത്.
താമസക്കാര്‍ക്ക് വീട്ടുപകരണങ്ങള്‍പോലും മാറ്റാനുള്ള അവസരം നല്‍കാതെയായിരുന്നു പോലിസിന്റെ നരനായാട്ട്. ഉത്തര്‍പ്രദേശ് മോഡലില്‍ ഇനിയും ബുള്‍ഡോസിങ് നേരിടേണ്ടിവരുമെന്ന് പ്രദേശവാസികളോട് ഭീഷണി മുഴക്കിയാണ് അധികാരികള്‍ മടങ്ങിയത്.
കൂടുതല്‍ വീടുകള്‍ പൊളിക്കാന്‍ ദീപാവലിക്ക് ശേഷം ബുള്‍ഡോസറുമായി തിരികെ വരുമെന്നാണ് ഡിഡിഎ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതെന്ന് പ്രദേശ വാസികള്‍ പറയുന്നു.
ഡല്‍ഹി പോലിസിന്റെയും ഡിഡിഎയുടെയും കിരാത നടപടി നേരിട്ട പ്രദേശം വിവിധ രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂനിയന്‍സ് (എഐസിസിടിയു) പ്രതിനിധി ആകാശ് ഭട്ടാചാര്യ, ഓള്‍ ഇന്ത്യ ലോയേഴ്‌സ് ഫോര്‍ ജസ്റ്റിസ് (എഐഎല്‍എജെ) പ്രതിനിധി അനുപ്രദ, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ) പ്രതിനിധി നൗഷാദ് അഹമ്മദ് റാസ, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍ അസോസിയേഷന്‍ പ്രതിനിധി സുമന്‍ ഘോഷ് എന്നിവരടങ്ങുന്നതാണ് സംഘമാണ് സന്ദര്‍ശനം നടത്തിയത്.
അതിക്രമങ്ങള്‍ക്കിരയായ പ്രദേശവാസികളുമായി സംഘം സംസാരിച്ചു. മുന്‍കൂര്‍ നോട്ടിസ് നല്‍കിയില്ലെന്ന് മാത്രമല്ല, ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി ഉത്തരവുകള്‍ ഹാജരാക്കാന്‍ വിസമ്മതിച്ചെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രാദേശിക എംഎല്‍എ കര്‍താര്‍ സിങ് തന്‍വാറും താമസക്കാര്‍ക്ക് വേണ്ടി ഇടപെടാന്‍ വിസമ്മതിക്കുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."