വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി ടീ ഷര്‍ട്ടിലും: സംഭവം ക്ലിക്കായതോടെ ആവശ്യക്കാരേറെ
കോഴിക്കോട്: പൊതുഇടങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ മലയാളികള്‍ ആലങ്കാരികമായി ചോദിച്ച ' സര്‍ട്ടിഫിക്കറ്റ് നെഞ്ചില്‍ പതിപ്പിച്ച് നടക്കണോ' എന്ന ആ ചോദ്യം നേരെയെത്തിയത് മുക്കത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഗ്രാഫിക്‌സ് ഉടമ ബഷീറിന്റെ മനസിലാണ്. ഒട്ടും സമയം കളയാതെ നേരെ ടീ ഷര്‍ട്ടില്‍ സര്‍ട്ടിഫിക്കറ്റ് ആലേഖനം ചെയ്തു. പിന്നീട് ഒരു ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചതോടെ സംഭവം വൈറലായി.
വ്യക്തിയുടെ പേരും വിലാസവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ക്യു.ആര്‍ കോഡുമടങ്ങിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അതേപടിയാണ് ടീ ഷര്‍ട്ടിലുള്ളത്. ടീ ഷര്‍ട്ട് അടക്കം 200 രൂപയാണ് ചെലവ്. ടീ ഷര്‍ട്ടിന്റെ ഇരുവശങ്ങളിലും സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യും. സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് വാങ്ങാന്‍ ഏറെ പേരെത്തുന്നതായി ബഷീര്‍ പറഞ്ഞു. കൗതുകമായാണ് പലരും ഇത്തരം ടീ ഷര്‍ട്ട് ധരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എ.ടി.എം കാര്‍ഡ് രൂപത്തിലും ഇവിടുന്ന് നല്‍കുന്നുണ്ട്. മുക്കം ഓര്‍ഫനേജ് റോഡിലാണ് ഈ സ്ഥാപനം.
ഒരാഴ്ച മുന്‍പാണ് സ്ഥാപനത്തില്‍ മറ്റ് ടീ ഷര്‍ട്ടുകള്‍ പ്രിന്റ് ചെയ്യുന്ന കൂട്ടത്തില്‍ കൗതുകത്തിനായ് ബഷീര്‍ ടീ ഷര്‍ട്ടില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തത്. പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ് ഏറ്റെടുക്കുകയായിരുന്നു. പൂനെ,മഹാരാഷ്ട്ര തുടങ്ങി സംസ്ഥാനത്തിന് പുറത്താണ് ആവശ്യക്കാരേറെയും. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇമെയില്‍ വഴി അയച്ച ശേഷം പണം ഗൂഗിള്‍ പേ വഴി അയച്ചാല്‍ ടി ഷര്‍ട്ട് കൊറിയര്‍ വഴി വീട്ടിലെത്തും. ഇങ്ങനെയാണ് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കായി ചെയ്തുവരുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍,പെട്രോള്‍ പമ്പ് ജീവനക്കാര്‍,വളണ്ടിയര്‍മാര്‍ എന്നിവരാണ് നാട്ടിലെ ആവശ്യക്കാരെന്ന ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."