HOME
DETAILS
MAL
മരക്കാര്‍ ഹാജി തിരികെ പറക്കുന്നു: അര നൂറ്റാണ്ടിന്റെ മരുഭൂ ഓര്‍മകളുമായ്
backup
October 29 2022 | 07:10 AM
ദുബൈ: പതിനാറാം വയസില്‍ കടലുകടക്കുമ്പോള്‍ മരക്കാര്‍ എന്ന മലബാറുകാരന്‍ ബാലന്‍ തന്റെ ജീവിതം ഇങ്ങിനെയൊക്കെയായിത്തീരുമെന്ന് കരുതിയിരുന്നില്ല. നാലര പതിറ്റാണ്ട് യു.എ.ഇ സൈന്യത്തെ സേവിച്ചതിന്റെ ഓര്‍മയും പേറി മരക്കാര്‍ ഹാജി നാട്ടിലേക്ക് മടങ്ങുകയാണ്.
1970 ലാണ് തിരൂര്‍ ചെറുവണ്ണൂര്‍ പാറമ്മലങ്ങാടി സ്വദേശി മരക്കാര്‍ ഹാജി ഗള്‍ഫിലേക്ക് വരുന്നത്. 16ാം വയസ്സില്‍ ബേപ്പൂരില്‍നിന്നും ഗള്‍ഫിലേക്ക് ലോഞ്ചു കയറുകയായിരുന്നു. പാസ്‌പോര്‍ട്ടു പോലുമില്ലാതെ പാതിരാത്രിയില്‍ അനേകം ആളുകള്‍ക്കൊപ്പം ആ ബാലനും അലകടലിലേക്ക് സഞ്ചാരം തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടാണ് ബേപ്പൂരില്‍നിന്നും പുറപ്പെട്ട ലോഞ്ച് ഒമാന്‍ കടല്‍തീരത്ത് എത്തുന്നത്. അവിടെ എത്തിയ ഉടന്‍ എല്ലാരും പൊലിസ് പിടിയിലായി. ചെറുബാലനായ മരക്കാറെ തല്‍ക്കാലം വെറുതെ വിട്ടു. അവിടെ കസബിലെ ഒരു വീട്ടില്‍ ജോലിയായി.
ഒന്നര വര്‍ഷത്തോളം അവിടെ ജോലിചെയ്തു. പിന്നീട് തന്റെ ഉടമയുടെ പിന്തുണയോടെ യു.എ.ഇയിലേക്കെത്തി. റാസല്‍ഖൈമയിലെത്തിയ മരക്കാര്‍ അവിടെ നിന്നും അജ്മാനിലുമെത്തി. ഇവിടെ ഹോട്ടല്‍ പണിയെടുത്തു.സിറിയക്കാരന്റെ ഹോട്ടലായ റാഹത്ത് റസ്റ്റാറന്റില്‍ പണിയെടുത്തതോടെ അറബി ഭക്ഷണം ഉണ്ടാക്കുന്നത് മരക്കാര്‍ നല്ലപോലെ പഠിച്ചു.
കയ്യില്‍ ഒരു രേഖയുമില്ലാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത്. പിന്നീട് നാട്ടിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് ഇങ്ങോട്ട് എത്തിച്ചു. ഒരു ലേബര്‍ ഓഫിസറുടെ സഹായത്താല്‍ യു.എ.ഇയുടെ വിസ ശരിയായി. അപ്പോഴെക്കും പ്രവാസത്തിന്റെ അഞ്ചാണ്ടുകള്‍ കഴിഞ്ഞിരുന്നു.
അതിനിടെയാണ് യു.എ.ഇ സൈന്യത്തില്‍ ആളെ എടുക്കുന്ന വിവരം അറിയുന്നത്. സൈന്യത്തില്‍ നിയമനം ലഭിച്ചു. എട്ടു വര്‍ഷം സൈനികനായും പാചകക്കാരനായും ജോലി ചെയ്തു. പിന്നീട് സ്ഥിരം പാചകക്കാരനായി.
അഫ്ഗാന്‍,കുവൈത്ത് യുദ്ധങ്ങളില്‍ പങ്കെടുത്തു. യമനിലും പോയി. അര നൂറ്റാണ്ടിനു ശേഷം ഇപ്പോള്‍ സ്വന്തം നാടണയുകയാണ് മരക്കാര്‍. ഈ മണ്ണിനെയും മനുഷ്യരെയും മറക്കാനാവില്ലെന്നും തന്റെ ജീവിതം കരുപ്പിടിച്ച് മരുഭൂമിയെ താന്‍ ജീവനോളം സ്‌നേഹിക്കുന്നുവെന്നും മരക്കാര്‍ ഹാജി പറയുന്നു.
ദീര്‍ഘമായ കാലം സൈന്യത്തില്‍ ജോലി ചെയ്തതിന് അദ്ദേഹത്തെ സുവര്‍ണമെഡല്‍ നല്‍കി സൈന്യം ആദരിച്ചിരുന്നു. പരേതയായ ആയിഷയും സുലൈഖയുമാണ് ഭാര്യമാര്‍. അബ്ദുല്‍കരിം, മുസ്തഫ, ഫൈസല്‍, നജ് മുദ്ദീന്‍, അബ്ദുല്‍ റഹിം, കൗലത്ത്, പരേതനായ നൗഷാദ് എന്നിവര്‍ മക്കളാണ്. മക്കളില്‍ പലരും യു.എ.ഇയിലുണ്ട്. ഇനി ജീവിതത്തിന്റെ ബാക്കി നാടിന്റെ പച്ചപ്പില്‍ കൃഷിയും മറ്റും ചെയ്ത് ജീവിക്കണമെന്നാണ് ഈ പ്രവാസിയുടെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."