ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ തീമഴ, കരമാര്‍ഗവും ആക്രമണം കടുപ്പിക്കുന്നു, മരണം 400 കടന്നു
ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ തീമഴ, കരമാര്‍ഗവും ആക്രമണം കടുപ്പിക്കുന്നു, മരണം 400 കടന്നു
ഗസ്സ: ഗസ്സയിലേക്ക് കരമാര്‍ഗവും ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്‌റാഈല്‍. 48 മണിക്കൂറിനകം സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറായിട്ടുണ്ട്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് രണ്ടായിരത്തിലേറെ ആളുകളാണ് ആശുപത്രികളില്‍ എത്തിയത്.
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനാണ് ഇസ്‌റാഈല്‍ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സയെ ആളില്ലാ മരുഭൂമിയാക്കി മാറ്റുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഗസ്സയെ വളഞ്ഞിട്ട് ആക്രമിച്ച് ഇസ്‌റാഈല്‍. ഗസ്സയിലേക്കുള്ള പാതകളെല്ലാം അടച്ചു. വൈദ്യുതിവിതരണവും തടസപ്പെടുത്തി. ഗസ്സയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികള്‍ ജനറേറ്ററിലാണ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വൈദ്യുതിയില്ലാതെ 20 ലക്ഷം പേരാണ് ഗസ്സയില്‍ കഴിയുന്നത്. സ്‌കൂളുകളും വീടുകളും പള്ളികളും ലക്ഷ്യമാക്കിയാണ് ഇസ്‌റാഈല്‍ ആക്രമണം. ശനിയാഴ്ച രാത്രി മുഴുന്‍ ഇസ്‌റാഈല്‍ സേന ഗസ്സയ്ക്കു മേല്‍ വ്യോമാക്രമണം നടത്തി. തെക്കന്‍ ഗസ്സയില്‍ രാത്രി നിസ്‌കാരം കഴിഞ്ഞിറങ്ങിയവര്‍ പിന്നീട് കണ്ടത് ഇസ്‌റാഈല്‍ ബോംബറുകള്‍ തകര്‍ത്ത പള്ളിയാണ്.
GAZA UPDATE: @DCIPalestine has confirmed the killings of at least 33 Palestinian children in Gaza since yesterday morning. Details including names, faces, and ages to come soon.
— Defense for Children (@DCIPalestine) October 8, 2023
അതിനിടെ ഇസ്‌റാഈലിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് യു.എസ് രംഗത്തെത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ കടലിലുള്ള യുദ്ധക്കപ്പലുകള്‍ ഇസ്‌റാഈലിനോട് അടുത്ത കിഴക്കന്‍ തീരത്തേക്ക് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇസ്‌റാഈലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. സൈനിക സഹായം നല്‍കുമെന്ന് ബൈഡന്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും മേഖലയിലേക്ക് നീങ്ങുന്നത്.
സൈനിക താവളവും പിടിച്ച് ഹമാസ്
ഗസ്സ / ജറൂസലേം: വടക്കുപടിഞ്ഞാറന്‍ ഇസ്‌റാഈലിലെ സൈനിക താവളം ഹമാസിന്റെ സായുധ സേന അല്‍ ഖാസം ബ്രിഗേഡ്‌സ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സൈനിക താവളത്തില്‍ ഹമാസ് പതാക നാട്ടിയതിന്റെയും മറ്റും വിഡിയോ ഹമാസ് അനുകൂല മാധ്യമങ്ങള്‍ പുറത്തുവിട്ടു. സൈനിക ക്യാംപില്‍ ഹമാസ് പോരാളികള്‍ പ്രവേശിച്ചതിന്റെ വിഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.
അല്‍ അഖ്‌സ പ്രളയം എന്ന ഓപറേഷന്റെ ഭാഗമായാണ് സൈനിക ക്യാംപ് പിടിച്ചെടുത്തതെന്ന് ഹമാസ് പറഞ്ഞു. ക്യാംപിലെ ഇസ്‌റാഈല്‍ സൈനികരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാഹനങ്ങളും ഹമാസ് പിടിച്ചെടുത്തു. ഇസ്‌റാഈല്‍ ടാങ്കുകള്‍ക്ക് മുകളില്‍ പതാക നാട്ടിയതിന്റെയും സാധാരണക്കാര്‍ സൈനിക വാഹനം ഓടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. പിടിച്ചെടുത്ത സൈനിക വാഹനം അല്‍ ഖലീഫ ചത്വരത്തില്‍ ഉപേക്ഷിച്ചതായി അനാദൊലു വാര്‍ത്താ ഏജന്‍സി ലേഖകന്‍ പറഞ്ഞു. തങ്ങളുടെ റോക്കറ്റ് ശത്രുവിന്റെ സൈനിക കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും പതിച്ചതായും ഹമാസ് പറഞ്ഞു.
ഇസ്‌റാഈലിനു നേരെ കര,വ്യോമാ, നാവിക ആക്രമണമാണ് ഹമാസ് നടത്തിയത്. ബോട്ടില്‍ ഇസ്‌റാഈല്‍ ടൗണുകളിലെത്തിയ ഹമാസ് പോരാളികള്‍ പിന്നീട് ട്രക്കുകളിലും പിക്കപ്പുകളിലും ലക്ഷ്യസ്ഥാനത്തെത്തുകയായിരുന്നു. 5000ത്തിലധികം മിസൈലുകളാണ് ഇസ്‌റാഈലിനു നേരെ പ്രയോഗിച്ചത്. ഇസ്‌റാഈലിന്റെ ചാര ഏജന്‍സി മൊസാദിന് ആക്രമണം തുടങ്ങുംവരെ ഹമാസിന്റെ നീക്കം അറിയാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."