'മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ക്ക് തീരുമാനിക്കാം'; ഗുജറാത്തില്‍ പഞ്ചാബ് മോഡല്‍ പരീക്ഷണത്തിന് എ.എ.പി
അഹമ്മദാബാദ്: ജനങ്ങള്‍ക്ക് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാമെന്ന പ്രഖ്യാപനവുമായി ആംആദ്മി പാര്‍ട്ടി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള സര്‍വേ ആരംഭിച്ചതായി എ.എ.പി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു.
വമ്പന്‍ റാലികളും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായി സംസ്ഥാനത്തായാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഗുജറാത്തില്‍ എഎപി നടത്തുന്നത്.
''ആളുകള്‍ക്ക് മാറ്റം വേണം. പണപ്പെരുപ്പത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും അവര്‍ക്ക് ആശ്വാസം വേണം. ബിജെപി ഒരു വര്‍ഷം മുന്‍പ് അവരുടെ മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണിയായിരുന്നു. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നത്? വിജയ് രൂപാണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നാണോ ഇതിനര്‍ത്ഥം?''- കേജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
'വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോള്‍ പൊതുജനങ്ങളോട് ചോദിച്ചില്ല. ഡല്‍ഹിയില്‍ നിന്നാണ് അത് തീരുമാനിച്ചത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത്. 2016ല്‍ നിങ്ങളോട് ബിജെപി ചോദിച്ചിട്ടില്ല, 2021ലും ചോദിച്ചില്ല.
എഎപി അങ്ങനെ ചെയ്യില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് ജനങ്ങളോട് ചോദിച്ചാണ് ഞങ്ങള്‍ തീരുമാനിക്കുന്നത്. പഞ്ചാബില്‍ ആരു മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങള്‍ ജനങ്ങളോട് ചോദിച്ചു. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് സിങ് മാന്‍ മുഖ്യമന്ത്രിയായി.''– കേജ്‌രിവാള്‍ പറഞ്ഞു.
എഎപിയുടെ മുഖ്യമന്ത്രിയെ സ്ഥാനാര്‍ഥിയെ 6357000360 എന്ന നമ്പറിലേക്ക് എസ്എംഎസ് അല്ലെങ്കില്‍ വാട്‌സാപ് സന്ദേശം വഴി ജനങ്ങള്‍ക്ക് അറിയിക്കാമെന്ന് കേജ്‌രിവാള്‍ പറഞ്ഞു. [email protected] എന്ന ഐഡിയിലേക്ക് ഇമെയിലായും അറിയിക്കാം. നവംബര്‍ 3 വൈകിട്ട് അഞ്ച് മണി വരെയാണ് സമയം. നവംബര്‍ 4ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."