പാലക്കാട്ടും തൃശൂരും മലയോര മേഖലയില്‍ ഭൂമികുലുക്കം; വീടുകള്‍ക്ക് വിള്ളല്‍
പാലക്കാട്/ തൃശൂര്‍: പാലക്കാട്ടും തൃശൂരം മലയോര മേഖലയില്‍ ഭൂമികുലുക്കം. പാലക്കാട്ട് കിഴക്കഞ്ചേരി മലയോര മേഖലയിലുണ്ടായ ഭൂചലനത്തില്‍ എട്ടോളം വീടുകള്‍ക്ക് വിള്ളലുണ്ടായി. കിഴക്കഞ്ചേരി മലയോരമേഖലയിലെ പാലക്കുഴിയിലും പരിസരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരില്‍ ചിമ്മിനി, പാലപ്പിള്ളി, വേലൂപ്പാടം, പൗണ്ട് മേഖലകളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
പകല്‍ 1.10 നും, 2.40നുമായി രണ്ട് തവണയാണ് ഭൂചലനമുണ്ടായത്. തറയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്തിരുന്നവരാണ് ഭൂചലനം അനുഭവപ്പെട്ടതായി പറയുന്നത്. സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയ്‌ലില്‍ 3.3 ആണ് രേഖപ്പെടുത്തിയതെന്ന് പീച്ചി കെ.എഫ്.ആര്‍.ഐ.യില്‍ നിന്ന് അറിയിച്ചു. പീച്ചി-വാഴാനി വനമേഖലയ്ക്കുള്ളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പീച്ചി വനഗവേഷണ കേന്ദ്രത്തില്‍നിന്ന് 9.8 കിലോമീറ്റര്‍ മാത്രം മാറിയാണിത്.
പാലക്കാട്ട് രണ്ടാമത്തെ ഭൂചലനത്തിലാണ് വീടുകള്‍ക്ക് വിള്ളല്‍ വീണത്. പാലക്കുഴി കുമ്പളന്താനം തോമസ്, പള്ളിവാതിക്കല്‍ പാപ്പച്ചന്‍, ജോണ്‍ കൊണ്ടൂര്‍ ആന്റണി, പനംകുറ്റി കുമാരന്‍, പ്രദീപ്, പാലക്കുഴി കൊല്ലറയത്ത് ജോര്‍ജ്, മൂന്നുമൊക്ക് പുതുമന ബിനു എബ്രഹാം എന്നിവരുടെ വീടുകളിലാണ് വിള്ളല്‍ വീണത്. ഇടിമുഴക്കം പോലുള്ള ശബ്ദത്തില്‍ പ്രദേശത്താകെ വിറയല്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."