ഇ.ഡി കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി; ജയില്‍മോചനം ഇനിയും നീളും
ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. ഇ.ഡി കേസിലെ ജാമ്യാപേക്ഷയാണ് ലഖ്നൗ ജില്ലാ കോടതി തള്ളിയത്. എന്നാല്‍ കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസില്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
യു.എ.പി.എ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയില്‍ മോചനം സാധ്യമാകു.
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റുചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."