വെറ്ററിനറി സയന്‍സില്‍ ബിരുദം; പ്രവേശനം എങ്ങനെ ?
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് വെറ്റിനറി സയന്‍സില്‍ ബിരുദത്തിന് ചേരാം. ബാച്ച്‌ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്) എന്ന കോഴ്‌സ് പഠിക്കാന്‍ കേരളത്തില്‍ രണ്ടു കോളജുകളാണുള്ളത്. കേരള ആനിമല്‍ ആന്‍ഡ് വെറ്ററിനറി സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയിലും (തൃശൂര്‍) പൂക്കോട്ടും (വയനാട്) ഉള്ള കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസും.
പ്ലസ് ടു കഴിഞ്ഞ് ഇവിടെ രണ്ടുരീതിയില്‍ പ്രവേശനം നേടാം. ഒന്ന് കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ അലോട്ട്‌മെന്റ് വഴിയുള്ളതാണ്.
അതില്‍ താല്‍പര്യമുള്ളപക്ഷം നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി അഭിമുഖീകരിക്കണം. അതോടൊപ്പം പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രൊഫഷനല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് (എന്‍ജിനിയറിങ്, മെഡിക്കല്‍ (മെഡിക്കല്‍ അനുബന്ധം ഉള്‍പ്പെടെ), ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നിവയ്ക്ക്) അപേക്ഷ വിളിക്കുമ്പോള്‍ മെഡിക്കല്‍ വിഭാഗത്തില്‍ അപേക്ഷിക്കണം.
നീറ്റ് യു.ജി.യില്‍ 720ല്‍ 20 മാര്‍ക്ക് നേടിയാല്‍ അപേക്ഷാര്‍ഥിയെ കേരളത്തിലെ മെഡിക്കല്‍ അനുബന്ധ റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുത്തും (അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി എന്നീ കോഴ്‌സുകള്‍ ഇതില്‍ ഉള്‍പ്പെടും).
തുടര്‍ന്ന് ഓപ്ഷന്‍ നല്‍കി പ്രക്രിയയില്‍ പങ്കെടുക്കാം. മണ്ണുത്തി കോളജിനോടാണ് കീം അലോട്ട്‌മെന്റില്‍ വിദ്യാര്‍ഥികള്‍ പൊതുവേ താല്‍പര്യം കാട്ടുന്നത്. 2020-21 പ്രവേശന വിവരങ്ങള്‍ www.cee.kerala.gov.inല്‍ ലഭിക്കും.
രണ്ടാമത്തേത് ഓള്‍ ഇന്ത്യ ക്വാട്ടവഴിയാണ്. രാജ്യത്തെ 54ല്‍പ്പരം വെറ്ററിനറി കോളജുകളിലെ ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകള്‍, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നികത്തുന്നു.
ഈ പ്രക്രിയവഴി കേരളത്തിലെ രണ്ടു വെറ്ററിനറി കോളജിലെയും 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ നികത്തുന്നുണ്ട്. ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അപേക്ഷാര്‍ഥി, നീറ്റ് യു.ജി. യോഗ്യത നേടണം (50ാം പെര്‍സന്റൈല്‍ സ്‌കോര്‍ നേടണം. സംവരണക്കാര്‍ക്ക് ഇളവുണ്ട്).
നീറ്റ് യു.ജി. ഫലംവന്നശേഷം വെറ്ററിനറി കൗണ്‍സില്‍, ഓപ്ഷന്‍ വിളിക്കുമ്പോള്‍ രജിസ്റ്റര്‍ചെയ്ത് പ്രക്രിയയില്‍ പങ്കെടുക്കാം.
ഇതില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥാപനങ്ങളില്‍ ഐ.സി.എ.ആര്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ബറേലി, യു.പി), കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് (ബിക്കാനിര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യുക്കേഷന്‍ (ജയ്പുര്‍), കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് (പട്‌ന), കോളജ് ഓഫ് വെറ്ററിനറി സയന്‍സസ് (ഹിസാര്‍), കോളജ് ഓഫ് വെറ്ററിനറി സയന്‍സസ്, (ലുധിയാന) തുടങ്ങിയവ, വിദ്യാര്‍ഥികള്‍ കൂടുതല്‍ താല്‍പര്യം കാട്ടിയ ചില സ്ഥാപനങ്ങളാണ്.
കേരളത്തിലെ രണ്ടുവെറ്ററിനറി കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട അലോട്ട്‌മെന്റ് വിവരങ്ങള്‍ ഉള്‍പ്പടെ 2020-21 പ്രവേശനത്തിന്റെ വിശദാംശങ്ങള്‍ www.vcicounseling.nic.in ല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."