ജാതി സെൻസസിനെ എതിർക്കുന്നവർ അറിയാൻ
ഡോ.ടി.എസ്.ശ്യാം കുമാർ
'സാമുദായിക പ്രാതിനിധ്യമാണ് എന്റെ ദേശീയവാദം' - സഹോദരൻ അയ്യപ്പൻ
ബിഹാറിലെ ജാതി സെൻസസ് ഇന്ത്യയിലുടനീളം വലിയ സംവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിതുറന്നിട്ടിരിക്കുകയാണ്. കൃത്യമായി സെൻസസ് നടന്നാൽ മാത്രമേ വ്യത്യസ്ത സാമുദായിക വിഭാഗങ്ങൾക്ക് ഭരണരംഗങ്ങളിലുള്ള പ്രാതിനിധ്യം എത്രയാണെന്ന് കണക്കാക്കാൻ സാധിക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങൾക്ക് അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയൂ. സാമൂഹ്യനീതിയും സമത്വവും തുല്യാവസരങ്ങളും എല്ലാ സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായി ലഭ്യമാകണമെങ്കിൽ ജാതി സെൻസസ് തീർത്തും അനിവാര്യമാണ്.
ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് ദലിത് പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം അധികാരരംഗങ്ങളിൽ തുലോം തുച്ഛമാണെന്നാണ്. കേന്ദ്രസർക്കാരിന്റെ സെക്രട്ടറിയൽ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽനിന്ന് കേവലം മൂന്നുപേര് മാത്രമാണുള്ളതെന്ന വസ്തുത പിന്നോക്ക ജനതയോടുള്ള ഭരണകൂട സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 2019ൽ ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയിലെ 23 െഎ.െഎ.ടികളിലെ 6049 അധ്യാപക തസ്തികകളിൽ എസ്.സി വിഭാഗത്തിൽപെട്ട 149 പേരും എസ്.ടിയിൽ നിന്ന് 21 പേരും മാത്രമാണുള്ളത്. മൊത്തം അധ്യാപക തസ്തികയുടെ മൂന്ന് ശതമാനത്തിൽ താഴെയാണ് െഎ.െഎ.ടികളിലെ പട്ടികജാതി, പട്ടികവർഗ പ്രാതിനിധ്യം. ഇന്ത്യയിലെ പതിനഞ്ച് െഎ.െഎ.ടികളിൽ ഒരു പട്ടികവർഗ അധ്യാപകൻ പോലുമില്ല. മാണ്ഡ്യ െഎ.െഎ.ടിയിൽ ഒരു എസ്.സി അധ്യാപകൻ പോലുമില്ല. ഇതിനുപുറമെയാണ് ദലിത് ഗവേഷണ വിദ്യാർഥികളോടുള്ള കഠിന വിവേചനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്നത്.
കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. പിഎച്ച്.ഡി പ്രവേശനത്തിലുൾപ്പെടെ സംവരണ അട്ടിമറി നടക്കുന്നു എന്ന് കെ. വിദ്യയുടെ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തെളിയിക്കുന്നു. കാലിക്കറ്റ് സർവകലാശാല 2021ൽ നടത്തിയ അധ്യാപക നിയമനത്തിൽ സംവരണ റോസ്റ്റർ സമ്പൂർണമായി തെറ്റിച്ചുകൊണ്ടാണ് അട്ടിമറി നടത്തിയിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല നടത്തിയ നിയമനങ്ങളിൽ സംവരണ അട്ടിമറിയും നിയമപരമല്ലാത്ത അധ്യാപക നിയമനങ്ങളും നടത്തിയെന്ന് ഹൈക്കോടതിയും സുപ്രിംകോടതിയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അർഹരായ പട്ടികജാതി ഉദ്യോഗാർഥികൾക്ക് നിയമനം നൽകാൻ കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടിട്ടും സർവകലാശാലയും ഭരണകൂട ശക്തികളും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
ഇതാണ് കേരളത്തിലെ പുരോഗമനകാരികളുടെ ദലിതരോടുള്ള സമീപനം. കേരളത്തിലെ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിൽ 90 ശതമാനം തസ്തികകളും സവർണ കുത്തകയായി ഇന്നും തുടരുകയാണ്.
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ ബ്യൂറോ ഓഫ് പബ്ലിക് എന്റെർ പ്രൈസസ് തയാറാക്കിയ 2021ലെ അവലോകന റിപ്പോർട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് പൊതുമേഖലാസ്ഥാപനങ്ങളിൽ പട്ടികവർഗത്തിൽ പെട്ട ഒരു ജീവനക്കാരൻ പോലുമില്ലെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ 105 പൊതുമേഖലാസ്ഥാപനങ്ങളിൽ 51ലും പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം നികത്താനുമുണ്ട്.
സർക്കാരിന്റെ പൊതുധനം ചെലവഴിച്ച് പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളുടെ അവസ്ഥ ഇതിലും ഭയാനകമാണ്. എയ്ഡഡ് സ്ഥാപനങ്ങളിൽ സവർണ ജാതികളുടെ കുത്തകയാണ് നിലനിൽക്കുന്നത്. കേരളത്തിൽ ഇന്നേവരെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒരു ചീഫ് സെക്രട്ടറി ഉണ്ടായിട്ടില്ല. ഒരു മലയാളി മുസ്‌ലിമും ചീഫ് സെക്രട്ടറി പദവിയിലേക്കെത്തിയിട്ടില്ല. ഇതെല്ലാം തെളിയിക്കുന്നത് കേരളത്തിലെ ഭരണരംഗങ്ങളിൽ സവർണ ജാതിവിഭാഗങ്ങളുടെ കുത്തകയാണ് തുടരുന്നത് എന്നാണ്.
ഇത്തരം വസ്തുതകൾ പുറത്തുവരാതിരിക്കാനും ഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ജനതയെ അധികാര രംഗങ്ങളിൽനിന്ന് എക്കാലത്തും പുറത്തുനിർത്താനുമാണ് സവർണ ശക്തികൾ ജാതി സെൻസസിനെതിരായി രംഗത്തുവന്നിട്ടുള്ളത്. തങ്ങളുടെ അമിതാധികാര കുത്തക ലോകം അറിയാതിരിക്കാനും അധികാരം സവർണ കേന്ദ്രിതമായി നിലനിർത്താനുമാണ് ജാതി സെൻസസിന് സവർണവൃന്ദങ്ങൾ എതിരായി നിൽക്കുന്നത്.
മെറിറ്റ് വാദത്തിന്റെ പൊള്ളത്തരം
മെറിറ്റാണ് പ്രധാനമെന്നും സംവരണം മെറിറ്റിന്റെ മൂല്യത്തെ ശോഷിപ്പിക്കുമെന്നുള്ള വാദം നിലനിൽക്കുന്നുണ്ട്. 'മെറിറ്റ്'ന് ഇത്രയും മൂല്യം കൽപ്പിക്കുന്നവർ ആഗോളതലത്തിൽ തന്നെ നിയമനസംബന്ധിയായ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ തയാറുണ്ടോ എന്നതാണ് ചോദ്യം. മെറിറ്റ് എന്നാൽ അത് സവർണന് മാത്രം അവകാശപ്പെട്ടതാണെന്ന വാദമാണ് മെറിറ്റ് വാദികൾ പുലർത്തുന്നത്. കേരളത്തിലെ എയ്ഡഡ് സ്ഥാപനങ്ങളിലും സർവകലാശാലകളിലും ഭൂരിഭാഗവും സവർണർ നിയമിക്കപ്പെടാൻ കാരണം മെറിറ്റാണന്ന് വാദിച്ചാൽ അതിനർഥം ആ മെറിറ്റ് സവർണതയാണെന്ന് തന്നെയാണ്.
വിദ്യാഭ്യാസപരമായി ഏറെ ഉന്നതികൾ കൈവരിച്ച ദലിത് പിന്നോക്ക ജനതയെ സമ്പൂർണമായി പുറന്തള്ളി അധികാര രംഗങ്ങൾ സവർണർ കൈക്കലാക്കുന്നതിന്റെ പേരാണ് മെറിറ്റ്. പട്ടിക ജാതി വിഭാഗങ്ങളുടെ ബാക് ലോഗ് നികത്തണമെന്ന് യു.ജി.സി നിർദേശിച്ചിട്ടും അത് നടപ്പാക്കാത്തതിന് കാരണവും ഈ സവർണ കുത്തക സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
കാലങ്ങളായി സംവരണം നിലനിൽക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമല്ല എന്നത് അതിന്റെ അശാസ്ത്രീയതയെയാണ് തെളിയിക്കുന്നത് എന്ന് വാദിക്കുന്ന ക്ഷുദ്രശക്തികളുണ്ട്. യഥാർഥത്തിൽ സംവരണ അട്ടിമറികളിലൂടെയും കാര്യക്ഷമമായി സംവരണം നടപ്പാക്കാൻ അനുവദിക്കാത്തതുമാണ് അതിന്റെ ഫലപ്രാപ്തിയെ തടസപ്പെടുത്തുന്നത്. സംവരണം അട്ടിമറിക്കുന്നവർ തന്നെ സംവരണം അശാസ്ത്രീയമാണെന്ന് വാദിക്കുന്നത് അധികാരത്തെ സവർണ കുത്തകയാക്കി നിലനിർത്താനാണ്.
സംവരണം വിവേചനം
അവസാനിപ്പിക്കാൻ
സംവരണം വിവേചനം വർധിപ്പിക്കുന്നുവെന്നും അത് വംശീയതക്കും വർഗീയതക്കും വഴിതെളിക്കുന്നുവെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ, ഈ വിവേചനത്തെയും അസമത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് സംവരണേതര മേഖലകൾ പുലരുന്നത്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖല സംവരണം പാലിക്കാത്തത് നിമിത്തം അവിടം ചില പ്രത്യേക വിഭാഗങ്ങളുടെ കുത്തകയാണ്. സ്വകാര്യമേഖലയും മാധ്യമ മേഖലയും ഇത്തരത്തിൽ സവർണാധിപത്യം ഉരുണ്ടുകൂടിയിരിക്കുന്ന ഇടമാണെന്ന് പ്രത്യേകമായി പറയേണ്ടതില്ല. യഥാർഥത്തിൽ സംവരണം വംശീയ വിവേചനവും അസമത്വവും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
എന്നാൽ സംവരണമില്ലാത്ത മുഴുവൻ മേഖലകളും സമ്പൂർണ സവർണാധിപത്യമാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംവരണം വംശീയ വിവേചനവും വർഗീയതയും പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദം വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമാണ്. മാത്രമല്ല, സംവരണ രഹിതമായ ഇടങ്ങളിലാണ് തൊഴിൽ അസമത്വവും തുല്യാവസര നിഷേധവും നിലനിൽക്കുന്നതെന്ന് തെളിയുകയും ചെയ്യുന്നുണ്ട്.
സവർണതയും അവർണതയും സംവരണവും
സംവരണമാണ് സവർണ, അവർണ ജാതി വേർതിരിവുകൾ സൃഷ്ടിക്കുന്നതെന്ന് വാദിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് തന്നെ ജാതി വിവേചനം കൊടികുത്തിവാണിരുന്ന രാജ്യമാണ് ഇന്ത്യ. പല നിലകളിൽ ഈ വിവേചനം ഇന്നും തുടരുന്നു. ജാതി തിരിച്ച് വിവാഹ പരസ്യങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥലം കൂടിയാണ് പുരോഗമന കേരളം. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇന്നും അസ്പൃശ്യത തുടരുകയാണ്. ഇന്ത്യയിലാകമാനം ജാതിക്കൊലകൾക്കും കുറവില്ല. യാഥാർഥ്യമിതാണെന്നിരിക്കെ സംവരണമാണ് സവർണ, അവർണ വേർതിരിവ് സൃഷ്ടിക്കുന്നതെന്ന വാദം ചരിത്രവിരുദ്ധമാണ്.
ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായി കാണണമെന്ന് വാദിക്കുന്ന ശൂദ്രസവർണർ അവരുടെ സ്ഥാപനകളിൽ വളരെ കൃത്യമായി ദലിത് പിന്നോക്ക ജനത പുറന്തള്ളപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ സമത്വവാദം ആത്മാർഥതയും സത്യസന്ധതയുമില്ലാത്ത സവർണ കുത്തകവാദമാണ്.
ജാതി സെൻസസിന്റെ വിരോധികൾ ദലിതരെയും പിന്നോക്ക ജനവിഭാഗങ്ങളെയും അധികാര രംഗങ്ങളിൽനിന്ന് സമ്പൂർണമായി പുറന്തള്ളാനാണ് ആഗ്രഹിക്കുന്നത്.
ആത്യന്തികമായി സാമുദായിക സെൻസസിനെ എതിർക്കുന്നവർ സാമൂഹ്യനീതിയുടെ ശത്രുക്കളാണ്. സംവരണം ജാതിവിവേചനം സൃഷ്ടിക്കുമെന്ന് ആകുലപ്പെടുന്നവരാണ് മലയാളി മെമ്മോറിയലിനായി മുന്നിട്ടിറങ്ങിയത് എന്നതാണ് രസകരമായ കാര്യം. 'ചാത്തൻ പൂട്ടാൻ പോകട്ടെ ...' എന്ന ബ്രാഹ്മണ്യയുക്തിയാണ് സാമുദായിക സെൻസസിനെ എതിർക്കുന്നവരെ നയിക്കുന്നത്.
Content Highlights:Those opposed to the caste census should know
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."