പാഠ്യപദ്ധതി പരിഷ്‌കരണം ചർച്ചക്ക് വിധേയമാകുമ്പോൾ
1990കളിലാണ് കേരളത്തിൽ പാഠ്യപദ്ധതി സമഗ്രമായ പരിഷ്‌കരണങ്ങൾക്ക് തുടക്കം കുറിച്ചത്. 1991 എം.എൽ.എൽ എന്ന ആശയം നടപ്പാക്കി പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾക്ക് തുടക്കമിട്ടു. 1994 ഡി.പി.ഇ.പി ആരംഭിക്കുകയും അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന സമീപനത്തിൽ നിന്ന് വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്ക് വിദ്യാഭ്യാസ സമീപനത്തെ മാറ്റുകയും ചെയ്തു. പരമ്പരാഗത പരീക്ഷാ സമ്പ്രദായങ്ങൾ മാറി 2005 ആദ്യമായി പത്താം തരത്തിൽ ഗ്രേഡിങ് നടപ്പാക്കി. വിദ്യാഭ്യാസ സമീപനത്തിൽ വിവിധ ആശയങ്ങൾ കൊണ്ടുവന്ന് പാഠപുസ്തകങ്ങൾ ഇടക്കാലങ്ങളിൽ പരിഷ്‌കരിച്ചെങ്കിലും സമഗ്രമായ പരിഷ്‌കരണം നടന്നിട്ടില്ല. അവസാനമായി പാഠപുസ്തകം പരിഷ്‌കരിച്ചത് 2013ലാണ്. മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളെല്ലാം പരിഷ്‌കരിച്ചതോടൊപ്പം മുപ്പത് വർഷങ്ങൾക്കുശേഷം വെക്കേഷൻ ഹയർസെക്കൻഡറി പാഠപുസ്തകങ്ങളും ഈ കാലയളവിൽ പരിഷ്‌കരിച്ചു. 2013 ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും കൂടിയാലോചന നടത്തി ചർച്ച ചെയ്ത് പാഠ്യപദ്ധതി രൂപപ്പെടുത്തുക എന്നതിന്റെ വിജയ സാധ്യതകൾ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. പരിമിതമായ സമയങ്ങൾ നൽകി മുൻഗണനകൾ ഒന്നുമില്ലാതെ പാഠ്യപദ്ധതി ചർച്ചചെയ്യുന്നത് ഫലവത്തായ റിസൽട്ടുകൾ നൽകില്ല. പാഠ്യപദ്ധതി തയാറാക്കാനുള്ള കരട് രൂപീകരണത്തിൽ അധ്യാപക സംഘടനകളുമായുള്ള കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമർശനവും ഉയർന്നുവരുന്നുണ്ട്.
എസ്.ഇ.ആർ.ടി പുറത്തിറക്കിയ സമൂഹ ചർച്ചക്കുള്ള കുറിപ്പിൽ ആശാവഹമായ നിർദേശങ്ങൾ സ്വീകരിക്കാതെ വയ്യ. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം തടയിടാനും ധാർമിക പരിസരം ഇല്ലാതാക്കാനുമുള്ള ഒളിയജൻഡകൾ ഇതിലടങ്ങിയത് കാണാതിരിക്കാനാവില്ല. 'വിദ്യാ സമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽക്കുന്നു ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉളവാക്കാനാവശ്യമായ അംശങ്ങൾ വലിയ തോതിൽ പാഠ്യപദ്ധതിയിൽ ഉണ്ടാകേണ്ടതുണ്ട്'(പേജ്- 8).
ലിംഗനീതി, ലിംഗ തുല്യത, ലിംഗാവബോധം കുട്ടികളിൽ വളർത്താൻ സ്‌കൂൾ വിദ്യാഭ്യാസത്തിലെ പരിമിതികൾ അഭിസംബോധന ചെയ്യപ്പെടണം. പാഠപുസ്തകങ്ങൾ, പഠന ബോധന രീതി, സ്‌കൂൾ കാംപസ്, കളിസ്ഥലം എന്നിവ ജൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണം(പേജ്- 20).
ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിട സൗകര്യങ്ങൾ നിൽക്കുമ്പോഴും സമ്മതത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് (പേജ്- 21).
ലിംഗ അസമത്വവും ലിംഗ അനീതിയും ലിംഗ വിവേചനവും ഇവിടെ നിലനിൽക്കുന്നെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് കരട് രേഖയിൽമേൽ സൂചകങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്‌കൂൾ വാഹനങ്ങൾ തുടങ്ങി എല്ലാ രംഗത്തും ആൺ-പെൺ വിവേചനം അവസാനിപ്പിച്ച് തുല്യമായ സമീപനം കൊണ്ടുവരണമെന്ന് നിർദേശങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
സ്ത്രീ-പുരുഷ വ്യത്യാസം സാമൂഹിക സൃഷ്ടിയാണെന്നും സാമൂഹികമായി ഇപ്പോൾ നിലനിൽക്കുന്ന പരമ്പരാഗത ചിന്തകൾ മാറണമെന്നും സ്ത്രീ-പുരുഷ ജനിതക വ്യത്യാസങ്ങൾ കാണാതിരിക്കണം എന്നുമാണ് കരടിലെ നിർദേശങ്ങളിൽ പ്രധാനം (പേജ് -79).
അറിവിന്റെ ആർജവവും നിർമാണവും നാടിന്റെ ഭാഷയിലേ നിറവേറ്റാൻ കഴിയൂ എന്നും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ മാതൃഭാഷയിൽ മതിയെന്നും നിർദേശമുണ്ട്. ഇത് നടപ്പായാൽ ആഗോള ഭാഷയായ ഇംഗ്ലീഷിൽ പഠന സാധ്യതകൾ കുറയും. അതുവഴി ആഗോള വിദ്യാഭ്യാസരംഗത്ത് കേരളം നേടിയിട്ടുള്ള മുന്നേറ്റം ഇല്ലാതാവുകയും ചെയ്യും. ഇംഗ്ലീഷ് മീഡിയം എന്ന കാഴ്ചപ്പാട് തന്നെ അസ്തമിക്കും.
'കുട്ടികൾക്ക് പ്രായത്തിന് അനുകൂലമായ വിദ്യാഭ്യാസ ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകൾക്ക് അനുഗുണമായ വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ നിലവിലുള്ള സ്‌കൂൾ സമയത്തിൽ മാറ്റങ്ങൾ അനിവാര്യമാകും' (പേജ്- 21). സ്‌കൂൾ സമയ മാറ്റം അനിവാര്യമാണെന്ന് ഈ നിർദേശം ബോധിപ്പിക്കുന്നു. നിലവിലെ സമയക്രമം മാറ്റി രാവിലെ എട്ടുമണിക്ക് സ്‌കൂൾ പഠനം ആരംഭിക്കുന്നതിലേക്ക് പഠനാന്തരീക്ഷം മാറ്റിയാൽ കേരളത്തിലെ മതപാഠശാലകളുടെ ഭാവി എന്താകുമെന്ന ആശങ്ക ചെറുതായി കാണാനാവില്ല. ഉച്ചയ്ക്ക് ശേഷമുള്ള സമയം കുട്ടികളുടെ കല, കായിക പഠനങ്ങൾക്കും വിനിയോഗിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശയും ഇതിനോട് ചേർത്തുവായിക്കണം.
വിദ്യാഭ്യാസത്തിന്റെ ദർശനമായി കരടിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഏറെ അപകടമാണ്. വിമർശനാത്മകമായി ചിന്തിക്കാനും സ്വന്തം നിലപാടുകൾ രൂപപ്പെടുത്തുന്നതുമാവണം വിദ്യാഭ്യാസം എന്നതാണ് പേജ് നമ്പർ 24 ൽ സൂചിപ്പിക്കുന്നത്. 1997ൽ കൊണ്ടുവന്ന വിദ്യാഭ്യാസ സമീപനത്തിന്റെ മറ്റൊരു രൂപമാണിതിൽ ആവർത്തിക്കുന്നത്. ഓരോ കുട്ടിയും അറിവ് നിർമിക്കുകയാണെന ജ്ഞാനനിർമിതിവാദം പരാജയമാണെന്ന് അന്നേ ബോധ്യപ്പെട്ടതാണ്. കുട്ടികൾ വിമർശനാത്മകമായി ചിന്തിക്കുകയും യുക്തിപൂർവം വിലയിരുത്തി സ്വയം നിഗമനത്തിൽ എത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകട സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി ഗുണകരമാവില്ല.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രീ പ്രൈമറി വിദ്യാലയങ്ങൾ, ശൈശവകാല പഠനങ്ങൾ എന്നിവയിൽ ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങളെ പാടെ ഉപേക്ഷിക്കണം എന്നുള്ളതാണ് കരട് നിർദേശങ്ങളിൽ മറ്റൊരു പ്രധാനമായ ഭാഗം(പേജ്: 29). ശൈശവകാല വിദ്യാഭ്യാസത്തെ സാർവത്രികവും സൗജന്യവുമായ നിയമപരവുമാക്കണമെന്ന നിർദേശം സ്വാഗതം ചെയ്യാവുന്നതാണ്. എന്നാൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങൾ പാടെ മാറ്റിനിർത്തി ഗണിതം ഉൾപ്പെടെയുള്ള വിഷയങ്ങൾ ശൈശവകാല പഠനത്തിൽ ഉൾക്കൊള്ളിക്കാതിരുന്നാൽ സ്വകാര്യ വിദ്യാഭ്യാസ മേഖല ശക്തിയാർജിക്കും. മുഴുവൻ വിഷയങ്ങളും മാതൃഭാഷയിലാക്കണമെന്നും വിഷയപരമായ വേർതിരിവ് ഒഴിവാക്കണമെന്നും കരടിൽ നിർദേശമുണ്ട്. കേരളത്തിലെ സാഹചര്യത്തിൽ മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അടങ്ങിയ ത്രിഭാഷാ പദ്ധതിയാണ് അനുയോജ്യം. ത്രിഭാഷാ പദ്ധതി എങ്ങനെ നടപ്പിലാക്കും? എപ്പോഴാണ് രണ്ടാം ഭാഷയും മൂന്നാം ഭാഷയും പരിചയപ്പെടുത്തേണ്ടത് ? അറബി, ഉർദു, സംസ്‌കൃതം ഉൾപ്പെടെയുള്ള ഭാഷകൾ ഒന്നാംഭാഷയായി കേരളത്തിൽ പഠിപ്പിക്കുന്നു എന്ന് പരാമർശിക്കുന്നതോടൊപ്പം തന്നെ മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ത്രിഭാഷാ പദ്ധതി എങ്ങനെ കേരളത്തിൽ നടപ്പിലാക്കാമെന്നാണ് നിർദേശത്തിൽ ചർച്ചക്കായി നൽകുന്നത്. ഈ നിർദേശം കേരളത്തിലുള്ള നിലവിലുള്ള ഭാഷാപഠനത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയെ വലിയതോതിൽ നിലനിർത്തുന്നത് വിദേശ നാണ്യങ്ങളാണ്. അതിൽ വലിയ പങ്ക് നൽകുന്നത് അറേബ്യൻ രാജ്യങ്ങളുമാണ്. അറബി ഭാഷാ പഠനത്തെ നിയന്ത്രിക്കുക വഴി ഉണ്ടാകുന്ന നഷ്ടം കേരളത്തിലെ സമ്പദ്ഘടനയെ നശിപ്പിക്കും.
പാരമ്പര്യ തൊഴിലുകളെ വളർത്തണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്(പേജ് 39). ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് ഈ നിർദേശം വന്നിട്ടുള്ളത്. ജനവാസ യോഗ്യമായ കേരളീയ സാഹചര്യത്തിൽ പരമ്പരാഗത തൊഴിൽ മേഖലയിലേക്കുള്ള തിരിച്ചുപോക്ക് വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് വലിക്കുന്നതോടൊപ്പം ഗോത്ര വിഭാഗങ്ങളുൾപ്പെടെയുള്ളവരെ അവിടെ തന്നെ തളച്ചിടുമെന്ന കാര്യത്തിൽ തർക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."