തുര്‍ക്കിയില്‍ പൊലിസ് ആസ്ഥാനത്തിനു നേരെ ആക്രമണം: 11 മരണം
ഇസ്താംബൂള്‍: തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ സിസ്റെയില് പൊലിസ് ആസ്ഥാനത്തിനു നേരേ നടന്ന ചാവേര്‍ ആക്രമണത്തില്‍ 11 പൊലിസുകാര്‍ കൊല്ലപ്പെട്ടു. 78 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേര് സാധാരണക്കാരാണ്. പൊലിസ് ആസ്ഥാനത്തിനുപുറത്തെ ചെക്പോസ്റ്റിലാണ് സ്ഫോടനം നടന്നത്. ഓഫിസ് വളപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ചാവേറിനെ തടഞ്ഞപ്പോഴാണ് സ്ഫോടനം നടന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി പറഞ്ഞു. പൊലിസും തീവ്രവാദികളും തമ്മില്‍ വെടിവയ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്.
ശിര്നാക് പ്രവിശ്യയിലാണ് കുര്‍ദ് വിഭാഗത്തിന് സ്വാധീനമുള്ള സിസ്റെ നഗരം. സിറിയയും ഇറാഖും തമ്മില്‍ അതിര്‍ത്തിപങ്കിടുന്ന പ്രദേശമാണ് ശിര്നാക്. കഴിഞ്ഞദിവസം തുര്‍ക്കി ഐ.എസിനും കുര്‍ദു സേനയ്ക്കും എതിരേ സിറിയയില്‍ കരയാക്രമണം തുടങ്ങിയിരുന്നു. തുര്‍ക്കി ടെലിവിഷന്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ മൂന്നുനിലകെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുര്‍ദ് വിഭാഗമായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പി.കെ.കെ എന്ന സായുധ വിഭാഗം തുര്‍ക്കിയില്‍ തീവ്രവാദികളാണ്. 1984 മുതല്‍ പി.കെ.കെ നടത്തിയ ആക്രമണങ്ങളില്‍ 40,000 പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."