കടിച്ച മൂര്‍ഖനെ തിരിച്ചു കടിച്ച് എട്ടു വയസ്സുകാരന്‍; ഒടുക്കം പാമ്പ് ചത്തു
റായ്പൂര്‍: കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക എന്ന് കേട്ടിട്ടില്ലേ. ഇവിടെയിതാ ഒരു എട്ടുവയസ്സുകാരന്‍ കടിച്ച് പാമ്പിനെ തിരിച്ചു കടിച്ചിരിക്കുന്നു. കടിക്കുക മാത്രമല്ല പാമ്പിനെ കടിച്ചു കൊല്ലുക കൂടി ചെയ്തിരിക്കുന്നു ഈ വീരന്‍. അതും നല്ല ഒന്നാംതരം മൂര്‍ഖനെ.
റായ്പൂരില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ വടക്കുകിഴക്കുളള ജഷ്പൂര്‍ ജില്ലയിലെ പന്ദര്‍പാഡ് ഗ്രാമത്തിലാണ് സംഭവം. ദീപക് എന്നാണ് കുട്ടിയുടെ പേര്. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദീപകിന് മൂര്‍ഖന്റെ കടിയേറ്റത്.
'പാമ്പ് എന്റെ കയ്യില്‍ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. ഞാന്‍ അതിനെ കയ്യില്‍ നിന്നും വിടുവിക്കാന്‍ ശ്രമിച്ചപ്പോഴും പാമ്പ് വിട്ടില്ല. ഞാന്‍ രണ്ടു പ്രാവശ്യം പാമ്പിനെ കടിച്ചു. ഇപ്പോ അതൊക്കെ സ്വപ്‌നം പോല തോന്നുന്നു'' ദീപക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ''കുട്ടിക്ക് ആന്റിവെനം നല്‍കുകയും ഒരു ദിവസം മുഴുവന്‍ നിരീക്ഷണത്തില്‍ വയ്ക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.ജെംസ് മിനി പറഞ്ഞു. ''പാമ്പിന്റെ കടിയേറ്റെങ്കിലും ഡ്രൈ ബൈറ്റായതുകൊണ്ടാണ് രക്ഷപ്പെട്ടത്. കുട്ടിയുടെ ശരീരത്തില്‍ വിഷം ഏറ്റതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാലും ഇത്തരം പാമ്പുകടികള്‍ വേദനയുളവാക്കുന്നതാണ്. കടിയേറ്റ സ്ഥലത്ത് ചില പ്രയാസങ്ങലും അനുഭവപ്പെടുകയും ചെയ്യും' ഡോക്ടര്‍ പറഞ്ഞു.
ഗോത്രവര്‍ഗക്കാര്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണ് ജാഷ്പൂര്‍. നാഗലോക് എന്നാണ് ഇവിടം അറിയപ്പെടുന്നത്. 200 ഓളം വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."