'മേശപ്പുറത്ത് ഒരു കണ്ണട അനാഥമായി...' ആഴ്ന്നിറങ്ങുന്ന വരികള്‍ മൂര്‍ച്ചയേറിയ വാക്കുകള്‍; നിലപാടുകളുടെ ഉറച്ച ശബ്ദമായ ടിപി
അതിമനോഹരമായ കവിതകള്‍. ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന മൂര്‍ച്ചയേറിയ നോവൊളിപ്പിച്ച വരികള്‍. ചരിത്രവും വര്‍ത്തമാനവും ഭാവനയോട് ചേര്‍ത്തു വെച്ച നോവലുകള്‍. അങ്ങിനെ എഴുത്തിന്റെ സ്ഥലകാലങ്ങളിലേക്ക് വാതില്‍ തുറന്നുവെച്ച എഴുത്തുകാരനായിരുന്നു ടി.പി രാജീവന്‍.
മലയാളിയെ വേറിട്ട ഭാഷയും ശൈലിയും പരിചയപ്പെടുത്തിയ അദ്ദേഹം മലയാളത്തിലെ ഉത്തരാധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനായിരുന്നു. സംസ്‌ക്കാരങ്ങള്‍ക്ക് പൊതുവായ തായ്‌വേര് ഉണ്ടെന്നും മനുഷ്യന്റെ വൈകാരികതക്ക് സമാനതകള്‍ ഏറെയാണെന്നും അദ്ദേഹം കരുതി. ദേശം മണ്ണാണെങ്കില്‍ കാലം ആകാശമാണെന്നും അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു.
മരത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ ആകാശവും വേര് പടര്‍ത്താന്‍ മണ്ണും വേണമെന്നതുപോലെ ദേശത്തിന്റെ ചരിത്രവും നിഗൂഢതകളും തന്റെ കൃതികളില്‍ അലിഞ്ഞുചേരുന്നുവെന്നാണ് രാജീവന്‍ തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. ഒറ്റവായനയില്‍ തന്നെ മനസ്സിലങ്ങിനെ കോറിക്കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍.
'കുഞ്ഞുനാളില്‍
വേലിമുള്ളില്‍ തറഞ്ഞ്
പിടയുന്നതുകണ്ട്
ഞാന്‍ ഊരിയെടുത്ത്
മരുന്നുവെച്ചുവിട്ട സര്‍പ്പം
മാണിക്യവുമായ് തിരിച്ചുവന്ന്
ഇപ്പോള്‍ എന്നോടു പറയുന്നു:
മനുഷ്യപുത്രാ,
മുള്ളുകളില്ലാത്ത വേദനകളില്‍ നിന്ന്
അഴിച്ചെടുത്ത്
എന്നെ ആ പഴയ വേലിയില്‍തന്നെ
കോര്‍ത്തുവയ്ക്കൂ.' (വയല്‍ക്കരെ ഇപ്പോഴില്ലാത്ത)
നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം
എനിക്കു തെറ്റിയ വഴികളെല്ലാം.....(പ്രണയശതകം)
1959ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ ജനനം. നടന്നു തെളിഞ്ഞ വഴികളായിരുന്നു രാജീവന്റെ സാഹിത്യ ലോകം. അച്ഛന്റെ നാടായ പാലേരിയും അമ്മയുടെ നാടായ കോട്ടൂരും സാഹിത്യത്തിലെ പശ്ചാത്തലങ്ങളായി. പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന നോവല്‍ എഴുതിയത്. ഇത് രാജീവന്‍ ആദ്യമെഴുതിയത് ഇംഗ്ലിഷിലായിരുന്നു എ മിഡ്‌നൈറ്റ് മര്‍ഡര്‍ സ്‌റ്റോറി' എന്ന പേരില്‍. പിന്നീട് മലയാളത്തിലേക്കും മൊഴിമാറ്റി. അതേപേരില്‍ സംവിധായകന്‍ രഞ്ജിത്ത് സിനിമയാക്കിയപ്പോള്‍ ഗംഭീരമായി സ്വീകരിക്കപ്പെട്ടു. ഇതിലൂടെ മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി എന്ന പ്രതിനായക കഥാപാത്രം മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത മുഖം പ്രേക്ഷകര്‍ക്കു നല്‍കി.
മാതാവിന്റെ നാടായ കോട്ടൂരില്‍ കണ്ടുപരിചയിച്ച ജീവിതങ്ങളാണ് 'കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവലിന് ആധാരം. ഈ നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് 'ദ് മാന്‍ ഹു ലേണ്‍ ടു ഫ്‌ലൈ, ബട്ട് കുഡ് നോട് ലാന്‍ഡ്'. മാധ്യമപ്രവര്‍ത്തകനായ പി.ജെ. മാത്യുവാണ് മൊഴിമാറ്റിയത്. 'ഞാന്‍' എന്ന പേരില്‍ ഇതും സിനിമയായി. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. കെ.ടി.എന്‍.കോട്ടൂരിനെ തേടി 2014ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും എത്തി.
ഒരു മുസ്‌ലിമിന് പൗരത്വം പോയാല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന പ്രഖ്യാപിച്ചു. നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു മുഖമുദ്ര.
രാഷ്ട്രീയം, സിനിമ, യാത്ര, സംസ്‌കാരം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹം തന്റെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്നു പറഞ്ഞിരുന്നു. പലപ്പോഴും പലതും വിവാദങ്ങളിലാണ് കലാശിച്ചത്.
ഒരു മുസ്‌ലിമിന് പൗരത്വം പോയാല്‍ താന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് പതറാതെ രാജീവന്‍ പരസ്യമായി പ്രഖ്യാപിച്ചു. സി.പി.എമ്മിന് നേരെയുള്ള ടി പി രാജീവന്റെ വിമര്‍ശനങ്ങളും രൂക്ഷമായിരുന്നു. ഇടതുമുന്നണി തുടര്‍ഭരണം നേടിയതിന് ശേഷം അത് കുറച്ചുകൂടി ശക്തമായി. ഇടതുഭരണം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്നായിരുന്നു വിമര്‍ശനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സംഘടിത മതത്തിന്റെ രൂപഘടന ആര്‍ജിച്ച പ്രസ്ഥാനമായി മാറിയെന്നും രാജീവന്‍ പലയിടത്തും പറഞ്ഞു.
വിദ്യാര്‍ഥികാലം മുതല്‍ക്കേ എഴുതിത്തുടങ്ങിയ ടി.പി. ഭാഷയുടെ അതിരുകള്‍ ഭേദിച്ചു. ഇറ്റാലിയന്‍, പോളിഷ്, ക്രൊയേഷ്യന്‍, ബള്‍ഗേറിയന്‍, ഹീബ്രു, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാഠി തുടങ്ങി നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.
വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, വെറ്റിലച്ചെല്ലം എന്നീ കവിതാസമാഹാരങ്ങള്‍ മലയാളത്തിലും ഹു വാസ് ഗോണ്‍ ദസ്, കണ്ണകി, തേഡ് വേള്‍ഡ് എന്നിവ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു. പ്രണയത്തെക്കുറിച്ചുള്ള 100 കുറുങ്കവിതകളുമായി പുറത്തിറങ്ങിയ പ്രണയശതകം എന്ന സമാഹാരത്തില്‍ ഒരേ കവിതകള്‍ മലയാളത്തിലും ഇംഗ്ലിഷിലുമുണ്ട്. 'പുറപ്പെട്ടു പോയ വാക്ക്' എന്ന യാത്രാവിവരണവും 'അതേ ആകാശം അതേ ഭൂമി', 'വാക്കും വിത്തും' എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
രാജീവന് യുവകവികള്‍ക്കുള്ള വി ടി കുമാരന്‍ പുരസ്‌കാരം ലഭിച്ചു. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷന്‍ ഫെലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."