സിന്‍ ചാവോ റ്റു വിയറ്റ ്നാം
ജലീല്‍ അരൂക്കുറ്റി
വിയറ്റ്‌നാം എന്ന പേരു കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുക അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്റെ കാമറയില്‍ പതിഞ്ഞ യുദ്ധഭീകരതയില്‍ വസ്ത്രം പോലുമില്ലാതെ ഭയന്നോടുന്ന ഒമ്പതുവയസുകാരി ഫാന്‍ തി കീം ഫുകിയയുടെ ചിത്രമായിരിക്കും. ഫ്രഞ്ച് കോളനിയായ വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ അധിനിവേശവും തുടര്‍ന്ന് പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധവും ലോക പൊലിസിനെ തറപറ്റിച്ച സായുധപോരാട്ടവും വിയറ്റ്‌നാമിന്റെ ചരിത്രമാണ്. 1940 മുതല്‍ 1975 വരെയുള്ള തുടര്‍ച്ചയായ യുദ്ധങ്ങള്‍ വിയ്റ്റ്‌നാമിനെ അടിമുടി തകര്‍ക്കുന്നതായിരുന്നു. യുദ്ധങ്ങളുടെ നാടായി ഈ രാജ്യത്തെ ലോകമനഃസാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നമാക്കിയത്, സൗത്ത് വിയറ്റ്‌നാമിലെ ത്രാങ് ബാങ് ഗ്രാമത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ നിലവിളിച്ചോടിയ ഫാന്‍ തി കീം ഫുകിയാണ്.
കോളനിവല്‍ക്കരണത്തിന്റെയും യുദ്ധവെറിയുടെയും ഇരയായ വിയറ്റ്‌നാം ഇന്ന് വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിക്കഴിഞ്ഞിരിക്കുന്നു. കേരളവുമായി ഏറെ സമാനതകളുള്ള ഈ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യത്തേക്ക് ഇന്ത്യയില്‍നിന്ന്, വിശിഷ്യാ കേരളത്തില്‍നിന്ന് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ഇന്തോ-ചൈനീസ് ഉപദ്വീപിന്റെ കിഴക്കേയറ്റത്തുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം എന്നാണ്. കാപ്പിയും കശുവണ്ടിയും റബറും കയറ്റുമതി ചെയ്യുന്ന ഇവിടെ ഭരിക്കുന്നത് കമ്യൂണിസ്റ്റ് ഭരണകൂടവും. കടലും മലനിരകളും തോളുരുമ്മി നില്‍ക്കുന്ന രാജ്യത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും കേരളത്തിനു സമാനമാണ്.
കൊച്ചി റ്റു ഹോചിമിന്‍ സിറ്റി
കൊച്ചിയില്‍നിന്ന് അഞ്ചര മണിക്കൂര്‍ പറന്നാല്‍ വിയറ്റ്‌നാമിന്റെ യൂറോപ്യന്‍ സിറ്റിയെന്ന് വിളിക്കുന്ന ഹോചിമിന്‍ സിറ്റിയിലെത്തും. നേരത്തെ, മറ്റു രാജ്യങ്ങള്‍ വഴിയായിരുന്നു വിയറ്റ്‌നാം നഗരങ്ങളിലേക്കു വിമാന സര്‍വിസ് ഉണ്ടായിരുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ വിയറ്റ്‌ജെറ്റ് ഇന്ത്യയെയും വിയറ്റ്‌നാമിനെയും ബന്ധിപ്പിച്ചു. 35 വിമാന സര്‍വിസാണ് ആഴ്ചയില്‍ നടത്തുന്നത്. ആഴ്ചയില്‍ നാലു വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന് സര്‍വിസ് നടത്തുന്നുണ്ട്. രാത്രി 11.50ന് കൊച്ചിയില്‍നിന്ന് പറന്നുയരുന്ന വിമാനം വിയറ്റ്‌നാമിലെ വലിയ നഗരവും വാണിജ്യവ്യവസായ തലസ്ഥാനം കൂടിയായ ഹോചിമിനില്‍ പ്രദേശികസമയം രാവിലെ 6.40നു എത്തും. സിറ്റിയിലെ നിരത്തുകളിലേക്ക് എത്തിയാല്‍ ഒരു യൂറോപ്യന്‍ നഗരപ്രതീതിയാണ്. എവിടെ നോക്കിയാലും കൂറ്റന്‍കെട്ടിടങ്ങളും വൃത്തിയില്‍ സൂക്ഷിക്കുന്ന തെരുവുകളും ഒപ്പം അലങ്കരിച്ച നഗര ചത്വരങ്ങളും. സെയ്‌ഗോണ്‍ എന്നായിരുന്നു നഗരത്തിന്റെ പഴയ പേര്്. ആധുനിക വിയറ്റ്‌നാമിന്റെ പിതാവ് എന്നു വിളിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവ നേതാവ് ഹോചിമിന്റെ പേരിലേക്കു പിന്നീട് നഗരത്തിന്റെ പേരുമാറ്റി. ഫ്രഞ്ച്- അമേരിക്കന്‍ സംസ്‌കാരങ്ങളുടെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ആധുനിക നഗരമാക്കി മാറിയിരിക്കുകയാണ് സെയ്‌ഗോണ്‍. നഗരത്തിന്റെ തിരക്കില്‍ ഇരുചക്ര വാഹനങ്ങളില്‍ ഓടിയെത്തുന്ന കര്‍മോത്സുക യുവാക്കളെയും യുവതികളെയുമാണ് കാണാന്‍ കഴിയുക. പ്രായമേറിയാലും എന്തെങ്കിലും ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നഗരത്തില്‍ കൂടുതലും.
വെസ്പ ടൂര്‍ റെഡി
വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വിയ്റ്റ്‌നാമി ഭാഷയില്‍ അഭിവാദ്യം എത്തി, സിന്‍ ചാവോ... വാണിജ്യ വ്യവസായത്തിനൊപ്പം വിയറ്റ്‌നാം പ്രാധാന്യം നല്‍കുന്നത് ടൂറിസത്തിനാണ്. 2023ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ വിയറ്റ്‌നാം സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍ 1.46 കോടിയാണ്. ഇവിടുത്തെ ഭൂപ്രകൃതിയും രുചികളും പൈതൃക സ്മാരകങ്ങളും സന്ദര്‍ശിക്കാനെത്തിയ ഇന്ത്യക്കാര്‍ ഈവര്‍ഷം ഓഗസ്റ്റ് വരെ രണ്ടരലക്ഷം പിന്നിട്ടു. പുലര്‍ച്ചെ തന്നെ ജോലി സ്ഥലത്തേക്കു പോകുന്നവരുടെ തിരക്കാണ് നിരത്തുകളില്‍. റോഡുകള്‍ കൈയടക്കിയിരിക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. ജനസംഖ്യയില്‍ 80 ശതമാനവും ഇരുചക്രവാഹനങ്ങളുള്ളവരാണ്. മോട്ടോര്‍ ബൈക്ക് സിറ്റി എന്നും ഹോചിമിന്‍ സിറ്റിക്ക് വിളിപ്പേരുണ്ട്. ഹോചിമിന്‍ സിറ്റിയിലേത്തുന്നവര്‍ക്ക് ഇരുചക്രവാഹനത്തില്‍ നഗരം ചുറ്റികാണാന്‍ (വെസ്പ ടൂര്‍) പ്രത്യേക പാക്കേജുകളുമുണ്ട്. നഗരത്തിലെ സ്ട്രീറ്റ് ഫുഡും സംഗീതവും ആസ്വദിക്കാനും ഈ പാക്കേജില്‍ സൗകര്യമുണ്ട്. വിനോദ സഞ്ചാരികളുടെ സംഘങ്ങള്‍ക്കായി വെസ്പ സ്‌കൂട്ടറുകള്‍ സജ്ജീകരിച്ചിരിച്ചിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ യുവാക്കളാണ് നഗരം കാണിക്കാന്‍ സ്‌കൂട്ടര്‍ ഡ്രൈവര്‍മാരായി നിരത്തിലെത്തുന്നത്. കൂടുതല്‍പേരും ഹോചിമിന്‍ സിറ്റിയുടെ രാത്രികള്‍ ആസ്വദിക്കാനാണ് സ്‌കൂട്ടര്‍ സവാരി തിരഞ്ഞടുക്കുന്നത്. വെസ്പ ടൂര്‍ തുടങ്ങുന്നതിനു മുമ്പായി സ്‌കൂട്ടറില്‍ ഇരുത്തി അതിഥികളുടെ ഫോട്ടോ എടുത്തിരുന്നു. സവാരി കഴിഞ്ഞിറങ്ങുമ്പോള്‍ ഡ്രൈവറുടെ സമ്മാനമായി ഫോട്ടോ ഫ്രെയിം ചെയ്തുനല്‍കുന്ന പതിവുമുണ്ട്.
അവശേഷിപ്പുകള്‍
ഓര്‍മപ്പെടുത്തലുകളാണ്
ഫലസ്തീനെതിരേയുള്ള ഇസ്‌റാഈല്‍ യുദ്ധഭീകരതക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ ആയുധങ്ങളും സമ്പത്തും നല്‍കി പിന്തുണയ്ക്കുമ്പോള്‍ ഹോചിമിന്‍ സിറ്റി ചില യുദ്ധവിരുദ്ധ ഓര്‍മപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. അടിമുടി മാറിയ വിയറ്റ്‌നാമില്‍ പഴയതൊന്നും മറക്കാന്‍ തയാറല്ലെന്ന സന്ദേശമാണ് ഹോചിമിന്‍ നഗരത്തിലെ യുദ്ധസ്മാരകമായ മ്യൂസിയം. യുദ്ധത്തിന്റെ കെടുതികളും ശേഷിപ്പുകളും സന്ദര്‍ശകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതുവഴി അമേരിക്കയുടെ യുദ്ധവെറിക്കേറ്റ പ്രഹരം ഓര്‍മപ്പെടുത്തുകയാണ് വിയറ്റ്‌നാം.
സാധാരണക്കാരായ ജനം സായുധരായ അമേരിക്കന്‍ പട്ടാളത്തെ നേരിടാന്‍ മനക്കരുത്തുമായി ഇറങ്ങിയപ്പോള്‍ അടിയറവ് പറയേണ്ടിവന്നു. അമേരിക്ക ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, ഹെലികോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍ വര്‍ഷിക്കപ്പെട്ട ബോംബുകളുടെ അവശിഷ്ടങ്ങള്‍കൊണ്ട് നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ മണിയില്‍ ഓരോ സഞ്ചാരിയും മുഴക്കുന്ന ശബ്ദം യുദ്ധത്തിനെതിരായ സന്ദേശമായി മാറുകയാണ്. യുദ്ധകാലത്ത് വിയറ്റ്‌നാം ജനത അനുഭവിച്ച ദുരിതങ്ങളുടെ നേര്‍ക്കാഴ്ച ആ സ്മാരകത്തിലുണ്ട്. ഓരോ ആയുധവും പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനൊപ്പം അമേരിക്കന്‍ സൈനികര്‍ ഉപയോഗിക്കുന്നതിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. കൂടാതെ, യുദ്ധത്തടവുകാരെ പാര്‍പ്പിച്ച തടവറകള്‍ അതേപടി സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കയുടെ ഭീകരതയില്‍ ഇരകളാക്കപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങള്‍ നൊമ്പരം ഉണര്‍ത്തുന്നതാണ്.
ഫ്രഞ്ച് വാസ്തുവിദ്യയുടെ മനോഹാരിത പ്രകടമാകുന്ന 1891ല്‍ നിര്‍മിച്ച സെന്‍ട്രല്‍ പോസ്റ്റ് ഓഫിസ് ഇപ്പോഴും ഹോചിമിന്‍ നഗരഹൃദയത്തിന്റെ പോസ്റ്റ് ഓഫിസും വാണിജ്യ സമുച്ചയവുമാണ്. ഫ്രഞ്ച് ഗോഥിക്, നവോത്ഥാന കലാരീതികളുടെയും ഏഷ്യന്‍ ശില്‍പ മാതൃകകളുടെയും സമന്വയം നഗരത്തില്‍ കാണാം. ഫ്രഞ്ചുകാര്‍ നിര്‍മിച്ച ആരാധനാലയങ്ങളും കെട്ടിടങ്ങളുമെല്ലാം പൈതൃക നിധിയായി കാത്തുസൂക്ഷിക്കുകയാണ് വിയറ്റ്‌നാം ഭരണകൂടം. 1860ല്‍ നിര്‍മിച്ച പ്രസിഡന്‍ഷ്യല്‍ പാലസ്, ഫ്രഞ്ചുകാര്‍ നിര്‍മിച്ച നോത്രദാം കത്തീഡ്രല്‍, യുദ്ധകാലത്തെ ടണലുകള്‍ എന്നിവയെല്ലാം ഹോചിമിന്‍ സിറ്റിയിലെ കാഴ്ചകളാണ്.
കൈയിലെത്തുക ലക്ഷങ്ങള്‍;
ചെലവഴിക്കേണ്ടതും
വിയറ്റ്‌നാമിന്റെ തനതു സംസ്‌കാരം അടയാളപ്പെടുത്തുന്നതാണ് ഓലയില്‍ നിര്‍മിച്ച പ്രത്യേകതരം തൊപ്പികള്‍. പ്രായമായവരും സ്ത്രീകളുമെല്ലാം തൊപ്പി ധരിച്ചാണ് നടക്കുന്നത്. വിനോദസഞ്ചാരികള്‍ എത്തുമ്പോള്‍ പരമ്പരാഗതമായ ഈ തൊപ്പി അണിയാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. തൊപ്പി വാങ്ങിയാലോ? വില, ഒന്നരലക്ഷം. ഞെട്ടേണ്ട. അവിടെ എല്ലാം ലക്ഷത്തിലാണ്. ഒരു ചായ കുടിക്കാന്‍ നല്‍കണം അയ്യായിരം. വിയറ്റ്‌നാം വികസ്വരരാജ്യമായി ഉയര്‍ന്നെങ്കിലും കറന്‍സിയുടെ മൂല്യം വളരെ താഴെയാണ്. ലോകത്തു മൂല്യം കുറഞ്ഞ നാണയങ്ങളില്‍ മുന്നിലാണ് വിയറ്റ്‌നാമിന്റെ ഡോങ്. കൊച്ചിയില്‍നിന്ന് പുറപ്പെടുംമുമ്പെ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍രൂപ അമേരിക്കന്‍ ഡോളറുകളാക്കി മാറ്റിയിരുന്നു. അതിന്റെ ഗുണം വിയറ്റ്‌നാമിലെത്തിയപ്പോള്‍ അറിഞ്ഞു. ഒറ്റദിവസം കൊണ്ട് ലക്ഷങ്ങളായി കൈയില്‍. ഒരു അമേരിക്കന്‍ ഡോളറിന് 23700 ഡോങ്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 293 വിയറ്റ്‌നാം ഡോങ് ലഭിക്കും. രണ്ടായിരം ഇന്ത്യന്‍ രൂപ മുടക്കിയാല്‍ ആധുനിക സൗകര്യങ്ങളുള്ള മുറി കിട്ടും. ആദ്യം മടിതോന്നുമെങ്കിലും പിന്നീട് ഡോങ്ങില്‍ ഇടപാട് നടത്തുമ്പോള്‍ ലക്ഷങ്ങള്‍ക്കു വിലയില്ലാതായി മാറും.
ഹോചിമിന്‍ സിറ്റിയുടെ പ്രധാന വിപണനകേന്ദ്രമാണ് ബെന്‍ താന്‍ മാര്‍ക്കറ്റ്. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, കരകൗശല-ഭക്ഷ്യ വസ്തുക്കൾ എല്ലാത്തിനും പ്രത്യേകം സ്റ്റാളുകളുണ്ട്. ലോകത്തെ എല്ലാ കമ്പനികളുടെയും അപരന്മാരും ഇവിടെയുണ്ട്. ഒറിജിനലും ഡ്യൂപ്ലിക്കറ്റും നോക്കി വാങ്ങണം. ആദ്യം പറയുന്ന വിലയില്‍ വീണുപോകരുത്. വിലപേശാന്‍ വിരുതുണ്ടെങ്കില്‍ കുറഞ്ഞ വിലയ്ക്കും സാധനം ലഭിക്കും. അതാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രത്യേകത. വില്‍പനകേന്ദ്രങ്ങളില്‍ സ്ത്രീകളാണ് കൂടുതലും സെയില്‍സിനു നില്‍ക്കുന്നത്. കച്ചവടക്കാര്‍ ഡോങ്ങിനേക്കാള്‍ പ്രിയം ഡോളറിനോടാണ്. അമേരിക്കയെ തുരത്തിയോടിച്ചെങ്കിലും പ്രയോഗിക ജീവിതത്തില്‍ അമേരിക്കന്‍ ഡോളറിനോടാണ് ഇഷ്ടം. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ കഠിനമായി അധ്വാനിക്കുന്നവരാണ്. പക്ഷേ, കറന്‍സിയുടെ മൂല്യത്തകര്‍ച്ച അഴിമതിക്കും കൊള്ളയ്ക്കും വഴിതെളിക്കുകയാണ്. നഗരത്തിലിറങ്ങിയപ്പോള്‍ ഗൈഡ് പ്രത്യേകം ഓര്‍മിപ്പിച്ചു. ഒറ്റയ്ക്ക് പോകുമ്പോള്‍ ബാഗും ഫോണുമെല്ലാം സൂക്ഷിക്കണം. എപ്പോള്‍ വേണമെങ്കിലും തട്ടിപ്പറിച്ച് ഓടാന്‍ തയാറായി നില്‍ക്കുന്നവരുമുണ്ട്.
സഞ്ചാരികളുടെ പറുദീസ
വിയറ്റ്‌നാമില്‍ 13 വിമാനത്താവളങ്ങളുണ്ടെങ്കിലും മൂന്നെണ്ണം മാത്രമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍. ഹനോയ്, ദാ നാങ്, ഹോചിമിന്‍ സിറ്റി എന്നിവയാണ് അവ. സൗത്ത് വിയറ്റ്‌നാം, നോര്‍ത്ത് വിയറ്റ്‌നാം, സെന്‍ട്രല്‍ വിയറ്റ്്‌നാം എന്നീ മൂന്ന് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വിസുകള്‍ കുറഞ്ഞ ചെലവില്‍ ഉണ്ടെന്നതാണ് ഏറെ സവിശേഷത. വിയറ്റ്‌നാം സന്ദര്‍ശകര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനമുണ്ട്. യാത്രയ്ക്കു മുമ്പ് പ്രീവിസ അപ്രൂവല്‍ ഫോം ഓണ്‍ലൈനായി ലഭിക്കുകയും ചെയ്യും.
ഇന്തോ-ചൈന കടലിനും മലനിരകള്‍ക്കുമിടയിലുള്ള കാംറാണ്‍ മറ്റൊരു വിനോദ സഞ്ചാരമേഖലയാണ്. ഹോചിമിനില്‍ നിന്ന് 450 കിലാമീറ്റര്‍ ദൂരമുണ്ടെങ്കിലും വിമാനത്തില്‍ 45 മിനുട്ടുകൊണ്ട് എത്താം. ടുറിസ്റ്റ് റിസോര്‍ട്ടുകളുടെ മേഖലകൂടിയാണ് കാംറാണ്‍. ലോകത്തെ വന്‍കിട റിസോര്‍ട്ടുകളെല്ലാം അവിടെയുണ്ട്. കാംറോണിലെ രാത്രി മനോഹരമാണ്. കടലിന് അഭിമുഖമായി നിലകൊള്ളുന്ന വലിയ കെട്ടിടങ്ങള്‍ ദീപാലാങ്കാരങ്ങളാല്‍ വ്യത്യസ്ത നല്‍കുന്നതാണ്. ഓരോ കെട്ടിടങ്ങളും വ്യത്യസ്ത വര്‍ണങ്ങളിലും ഡിസൈനിലും അലങ്കാരവിളക്കുകളാല്‍ മനോഹരമാക്കിയിരിക്കുകയാണ്. കടലില്‍ ബോട്ടിലിരുന്ന് നഗരത്തെ കാണുമ്പോള്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ മനസില്‍ ഓടിയെത്തും. ''നാപാം പെണ്‍കുട്ടി'' എന്ന് വിളിച്ച കിം ഫൂകും കുടുംബവും കാനഡയിലേക്ക് കുടിയേറിയെങ്കിലും അവിടുത്തെ ജനത തങ്ങളുടെ കഠിന്വധാനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറ്റി. തെക്കുകിഴക്കന്‍ വിയറ്റ്‌നാമിലെ ത്രാംഗ് ബാങ് വ്യവസായവും ടൂറിസവും തഴച്ചുവളര്‍ന്ന നാടായി മാറി. വിദേശനിക്ഷേപം എത്തുന്ന മേഖലയായി ഈ പ്രദേശം മാറി. ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണ്‍ നിര്‍മാണശാലകള്‍ക്കു പുറമേ വന്‍കിട കമ്പനികളുടെ മേക്കിങ് കേന്ദ്രങ്ങളുമായി മാറിയിരിക്കുകയാണ് വിയറ്റ്‌നാം.
വിയറ്റ്‌നാമിന്റെ കലകളും ഭക്ഷണവും ഏവരെയും ആകര്‍ഷിക്കുന്നതാണ്. കടല്‍മത്സ്യങ്ങളോടാണ് കൂടുതല്‍ പ്രിയം. ഗ്രാമീണകലകളുടെ പ്രദര്‍ശന നഗരിയായ ഡോ തിയറ്റര്‍ മറ്റൊരു ആകര്‍ഷകമാണ്. പരമ്പരാഗത വാദ്യോപകരങ്ങള്‍ ഉപയോഗിച്ച് മനുഷ്യരും പാവകളും കഥാപാത്രങ്ങളായി മാറുന്ന ഡോ തിയറ്ററിലെ പ്രദര്‍ശനങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഒരുദിവസം ഒരു ഷോ മാത്രമാണ്. വിദേശികളും സ്വദേശികളും പ്രായഭേദമില്ലാതെ ആസ്വദിക്കാവുന്ന രീതിയിലാണ് മിത്തും യാഥാര്‍ഥ്യങ്ങളും ഇഴചേര്‍ത്ത് പെപ്പര്‍ഷോ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത പിന്നോക്ക വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ക്കും പാശ്ചത്യ സംഗീതത്തിനൊപ്പം തന്നെ പ്രാധാന്യം നല്‍കിയാണ് വിയറ്റ്‌നാം ജനത പുതിയ കാലത്തേക്ക് ചുവടുവയ്ക്കുന്നത്. തിരികെ കൊച്ചിയിലേക്ക് വിമാനം കയറുമ്പോള്‍ ഹൃദ്യമായ പുഞ്ചിരിയോടെ വിയറ്റ്‌നാമീസ് സുഹൃത്ത് ഇരുകൈകളും കെട്ടി തലകുനിച്ച് മൊഴിഞ്ഞു കാം ഓന്‍. (നന്ദി വീണ്ടും വരുക )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."