ഓഡിറ്റുകൾ നിർത്തുകയോ!
കേന്ദ്രത്തിൻ്റെ കീഴിലുള്ള വിവിധ മന്ത്രാലയവുമായും വകുപ്പുകളുമായും ബന്ധപ്പെട്ട എല്ലാ ഓഡിറ്റുകളും നിർത്തിവയ്ക്കാൻ സി.എ.ജിക്ക്(കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നിലവിൽ നടത്തിവരുന്ന എല്ലാ ഓഡിറ്റുകളും നിർത്തിവയ്ക്കാനാണ് സി.എ.ജി കേന്ദ്ര ഓഫിസിൽനിന്ന് മുതിർന്ന ഓഫിസർമാർക്ക് ലഭിച്ച നിർദേശം. കേന്ദ്രസർക്കാർ വാക്കാൽ നൽകിയ നിർദേശത്തെ തുടർന്നായിരിക്കാം ഇത്തരത്തിലൊരു തീരുമാനമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. സി.എ.ജി റിപ്പോർട്ടുകളുടെ ബലത്തിൽ മാത്രം യു.പി.എ സർക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച് അധികാരത്തിൽ വന്ന സർക്കാരാണിത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതികൾ ഓരോന്നായി പുറത്തുവരുന്നത് സർക്കാരിനെ പേടിപ്പിച്ചിട്ടുണ്ട്. ദ്വാരക എക്‌സ്പ്രസ് ഹൈവേ, ആയുഷ്മാൻ ഭാരത് തുടങ്ങിയ കേന്ദ്രസർക്കാരിന്റെ പദ്ധതികളിലെ അഴിമതി സി.എ.ജി റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരുന്നു. 12 സി.എ.ജി റിപ്പോർട്ടുകളാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മേശപ്പുറത്തു വച്ചത്. ഈ റിപ്പോർട്ടുകളിലെല്ലാം അഴിമതി ചൂണ്ടിക്കാട്ടുന്നു. ഭാരത് മാല പദ്ധതിയുടെ ഭാഗമായി ഹരിയാനയിലെ ഗുരുഗ്രാമിനും ഡൽഹിക്കും ഇടയിൽ 14 വരി ദേശീയപാത നിർമിക്കുന്നതാണ് ഡൽഹി- ദ്വാരക എക്‌സ്പ്രസ് വേ പദ്ധതി.
ഇതിന് അമിതമായി പണം ചെലവാക്കിയെന്നാണ് പ്രധാന കണ്ടെത്തൽ. ഹരിയാന ഭാഗത്ത് കിലോമീറ്ററിന് 18.20 കോടി രൂപയായിരുന്നു നിർമാണച്ചെലവായി നിശ്ചയിച്ചിരുന്നത്. ഇത് 250.77 കോടിയായി ഉയർത്തി. ഡൽഹി-വഡോദര എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് 32,839 കോടി രൂപയുടെ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയത് വഴിവിട്ടാണ്.
പദ്ധതിക്ക് ഭാരത് മാല പരിയോജന ഘട്ടം ഒന്നിൽ ഉൾപ്പെടുത്തി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതി അനുമതി നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന -ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്ന 28 സംസ്ഥാനങ്ങളിലെ 161 ജില്ലകളിലുള്ള 964 ആശുപത്രികൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് തീർപ്പാക്കലുകളിൽ 2.25 ലക്ഷം കേസുകളിൽ വൻ അഴിമതിയുണ്ടെന്നും കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.
തീർന്നില്ല, ദക്ഷിണേന്ത്യയിലെ അഞ്ചുസംസ്ഥാനങ്ങളിലെ പൊതുമേഖലയിലുള്ള 41 ടോൾ പ്ലാസകളിലും ക്രമക്കേട് കണ്ടെത്തി. അഞ്ചിടങ്ങളിൽ 132.05 കോടി രൂപ ചട്ടം ലംഘിച്ച് ശേഖരിച്ചിട്ടുണ്ട്. 2017-2018, 2020-2021 വർഷങ്ങളിൽ 22.01 കോടി രൂപയാണ് പറന്നൂർ ടോൾ പ്ലാസയിൽനിന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ അധികമായി പിരിച്ചിരിക്കുന്നത്. 2020-21ൽ 2775 കേസുകളിലായി 9127.97 കോടിയും 2021-22 വർഷത്തിൽ 1937 കേസുകളിലായി 23,885.47 കോടിയും കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതിയില്ലാതെ ചെലവാക്കിയെന്ന് റിപ്പോർട്ട് പറയുന്നു. ഉഡാൻ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തെയും സി.എ.ജി പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
അഴിമതി പുറത്തായതോടെ റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ മാറ്റുകയായിരുന്നു കേന്ദ്രസർക്കാർ ആദ്യം ചെയ്തത്. ഇപ്പോൾ ഓഡിറ്റിങ് തന്നെ വേണ്ടെന്ന് പറയുന്നു. അഴിമതിരഹിത ഭരണമെന്ന മോദിയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
വാജ്പേയ് സർക്കാരിന്റെ കാലത്ത് കാർഗിൽ യുദ്ധത്തിൽ മരിച്ച ജവാന്മാർക്ക് ശവപ്പെട്ടി വാങ്ങിയതിലുള്ള അഴിമതി പുറത്തുവന്നത് സി.എ.ജി റിപ്പോർട്ടിലൂടെയായിരുന്നു. യു.പി.എ കാലത്ത് 2-ജി സ്പെക്ട്രം, കോമൺവെൽത്ത് ഗെയിംസ്, കൽക്കരി ഖനി ലേലം തുടങ്ങിയ അഴിമതികൾ പുറത്തുകൊണ്ടുവന്നതും സി.എ.ജി റിപ്പോർട്ടുകളാണ്. ഈ റിപ്പോർട്ടുകളെല്ലാം അന്ന് പ്രതിപക്ഷമായിരുന്ന ബി.ജെ.പി ഏറ്റുപിടിച്ചു.
അന്ന് നടന്ന അഴിമതിവിരുദ്ധ വികാരം ഗുണം ചെയ്തത് മോദിക്കാണ്. കോൺഗ്രസ് അഴിമതിക്കാരാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വായ്ത്താരി. എന്നാലിപ്പോൾ പൂച്ച് പുറത്തായിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.എ.ജി തന്നെയാണ് അഴിമതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലവിലുള്ള സി.എ.ജി ഗിരീഷ് ചന്ദ്ര മുർമു 1985 ഗുജറാത്ത് കേഡറിലുള്ള ഐ.എ.എസ് ഓഫിസറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്ത ബന്ധമുള്ളയാളാണ്. ജമ്മുകശ്മിരിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവർണറായിരുന്നു.
എൻ.ഡി.എ സർക്കാർ നിലവിൽവന്നശേഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിൽ സി.എ.ജി റിപ്പോർട്ടുകൾ കാര്യമായി വന്നിരുന്നില്ല.
2015ൽ പാർലമെന്റിൽ 55 റിപ്പോർട്ടുകൾ സമർപ്പിച്ചപ്പോൾ 2020ൽ ഇത് 14ലേക്ക് ചുരുങ്ങി. അഴിമതി മൂടിവയ്‌ക്കേണ്ടത് കേന്ദ്രസർക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാൻ പോകുന്നു. പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരുന്നു. പ്രതിപക്ഷ സഖ്യം രൂപീകരിക്കപ്പെട്ടതോടെ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയുണ്ട്. ഇതോടൊപ്പം അഴിമതികൂടി പുറത്താവുന്നത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാം. അഴിമതിയില്ലാത്ത ഭരണമെന്ന അവകാശവാദം മോദി സർക്കാരിന് ഇനി ഉന്നയിക്കാൻ കഴിയില്ല.
വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെകൊണ്ടുവരുമെന്ന് ആവർത്തിച്ചാണ് മോദി അധികാരത്തിലെത്തിയത്. എന്നാൽ കള്ളപ്പണത്തെക്കുറിച്ച് മോദി ഇപ്പോൾ മിണ്ടുന്നില്ല. അദ്ദേഹത്തിൻ്റെ കാലത്തും കള്ളപ്പണ നിക്ഷേപമുണ്ടായെന്ന് മാത്രമല്ല വിജയ്മല്യ, നിരവ് മോദി, മേഹുൽ ചോക്‌സി പോലുള്ള നിരവധി വ്യവസായികൾ ബാങ്കുകളിൽ നിന്ന് വലിയ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശരാജ്യങ്ങളിലേക്ക് മുങ്ങുകയും ചെയ്തു. ഇതിലൊരാളെപ്പോലും തിരികെയെത്തിക്കാൻ മോദിക്ക് കഴിഞ്ഞതുമില്ല.
സർക്കാരിൻ്റെ പദ്ധതികളുമായി ബന്ധപ്പെട്ട് സി.എ.ജി കണ്ടെത്തിയ അഴിമതികളിൽ പലതിലും പ്രധാനമന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതാണ്. സർക്കാരിന് പലതും മറച്ചുവയ്ക്കാനുണ്ടെന്നാണ് ഒാഡിറ്റ് നിർത്തിവയ്ക്കാനുള്ള നിർദേശത്തിൽ നിന്ന് വ്യക്തമാകുക. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നതിൽ സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്.
സി.എ.ജി. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടെന്ന് ഒരു സർക്കാർ പറയുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണമാണ്. ജനാധിപത്യത്തിൽ അത്തരമൊരു നിർദേശം നൽകാൻ കഴിയില്ല. ഓഡിറ്റിങ് നടക്കണം. റിപ്പോർട്ടുകൾ പുറത്തുവരണം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം.
Content Highlights:Stop the audits
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."