കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയവരെ തേടി ദുബൈ ഭരണാധികാരി: ട്വീറ്റ് ചെയ്തത് വടകര സ്വദേശി പകര്‍ത്തിയ വീഡിയോ
രണ്ടുനില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായതിനു പിന്നാലെ, വീഡിയോ പങ്കുവച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. പൂച്ചയെ രക്ഷപ്പെടുത്തിയവരെ അഭിനന്ദിക്കണമെന്നും അവരെ പരിചയമുള്ളവര്‍ അറിയിക്കണമെന്നും പറഞ്ഞാണ് ഭരണാധികാരിയുടെ ട്വീറ്റ്.
വടകര സ്വദേശി റാശിദ് ബിന്‍ മുഹമ്മദ് പകര്‍ത്തിയ വീഡിയോയാണ് ഭരണാധികാരി ട്വീറ്റ് ചെയ്തത്. ദേരയിലെ ഫിര്‍ജ് മുരാരിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിലാണ് സംഭവമെന്നും വഴിയേ പോകുന്ന രണ്ടുപേര്‍ ചേര്‍ന്ന് തുണി നിവര്‍ത്തിപ്പിടിച്ച് പൂച്ചയെ രക്ഷിക്കുകയായിരുന്നുവെന്നും റാശിദ് പറഞ്ഞു.
ആദ്യം ചെറിയ തുണി നിവര്‍ത്തിപ്പിടിച്ചു. എന്നാല്‍ പൂച്ച ചാടാന്‍ തയ്യാറായില്ല. ഇതോടെ കുറച്ച് വലിയ തുണി സംഘടിപ്പിച്ച് പൂച്ചയെ അതിലേക്ക് ചാടിക്കുകയായിരുന്നു. ഇവരെ വിശ്വസിച്ച് പൂച പതിയെ ചാടുന്ന ദൃശ്യവും ഹൃദ്യം തന്നെ.
'നമ്മുടെ മനോഹര നഗരത്തില്‍ നിന്ന് കാരുണ്യത്തിന്റെ ഈ പ്രവൃത്തി കാണുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നു. അറിയപ്പെടാത്ത ഈ നായകന്മാരെ തിരിച്ചറിയുന്നവരുണ്ടെങ്കില്‍ വിവരം നല്‍കണം, അവര്‍ക്ക് നന്ദി അറിയിക്കാനാണ്'- വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ശൈഖ് മുഹമ്മദ് കുറിച്ചു.
Proud and happy to see such acts of kindness in our beautiful city.
— HH Sheikh Mohammed (@HHShkMohd) August 24, 2021
Whoever identifies these unsung heroes, please help us thank them. pic.twitter.com/SvSBmM7Oxe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."