ഫലസ്തീന്‍: അധിനിവേശത്തിനൊപ്പം പരക്കുന്ന വിദ്വേഷം
ഫലസ്തീന്‍: അധിനിവേശത്തിനൊപ്പം പരക്കുന്ന വിദ്വേഷം
യു.എസില്‍, വാദിയ അല്‍ ഫയൂം എന്ന ഫലസ്തീന്‍ അമേരിക്കന്‍ ബാലനെ 71കാരന്‍ കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നു. ഇസ്‌റാഈലിലെ ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായാണ് ഈ ക്രൂരകൃത്യം. ഇല്ലിനോയിസ് സ്വദേശിയായ 71കാരന്‍ ജോസഫ് എം. ചൂബ, മുസ്‌ലിംകള്‍ മരിക്കണം എന്നാക്രോശിച്ച് എട്ടുവയസുകാരനെ 26 തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവിനും ഗുരുതര പരുക്കുണ്ട്. പ്ലെയിന്‍ ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ അക്രമിയുടെ വീടിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന ബാലനെയാണ് കൊന്നത്. വാദിയ അല്‍ ഫയൂം മുസ്‌ലിമും ഫലസ്തീനിയുമാണെന്നതല്ലാതെ കൊലയ്ക്ക് മറ്റൊരു കാരണവുമുണ്ടായിരുന്നില്ല. 71 കാരനിപ്പോള്‍ പൊലിസ് പിടിയിലാണ്.
വിദ്വേഷം ആദ്യം കൊല്ലുന്നത് സ്വന്തം ളള്ളിലെ മനുഷ്യത്വത്തെയാണ്. വാഷിങ്ടണിലായാലും കാസര്‍കോട്ടായാലൂം അതിന്റെ രൂപം മാറുന്നില്ല. കാസര്‍കോട് കല്യോട്ട് കണ്ണോത്ത് അബ്ബാസിന്റെ മകന്‍ ഫഹദെന്ന മൂന്നാം ക്ലാസുകാരനെ മുസ് ലിം വിദ്വേഷം മൂത്ത അയല്‍വാസി വിജയന്‍ വഴിയില്‍ പതിയിരുന്ന് അക്രമിച്ച് കഴുത്തറുത്ത് കൊന്നത് നമ്മുടെ കണ്‍മുന്നിലാണ്. പശുവിനെ വാങ്ങിക്കൊണ്ടുപോയ ഇംതിഹാസെന്ന 13കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് പിതാവിന്റെ കണ്‍മുന്നില്‍ ജീവനോടെ കെട്ടിത്തൂക്കിക്കൊന്നത് ജാര്‍ഖണ്ഡിലാണ്. സെബ്രനിച്ചയില്‍ മിലോസെവിച്ച് ബോസ്‌നിയക്കാരെ കൂട്ടക്കൊല നടത്തുമ്പോഴും അഫ്ഗാനിസ്ഥാനില്‍ അമേരിക്ക കുഞ്ഞുങ്ങളെ ബോംബിട്ട് കൊല്ലുമ്പോഴും വെറുപ്പാണ് മുന്നിട്ട് നില്‍ക്കുന്നത്.
വിദ്വേഷങ്ങള്‍ക്ക് കാലവും നാടും പ്രശ്‌നമല്ല. ഹിറ്റ്‌ലര്‍ ഓഷ്‌വിറ്റ്‌സില്‍ ചെയ്തതായാലും നെതന്യാഹു ഗസ്സയില്‍ ചെയ്തുകൊണ്ടിരിക്കുന്നതായാലും ഒരേ കാര്യങ്ങളാണ്. ഒരുകാലത്ത് വെറുപ്പിന്റെ വിളനിലമായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍. അടിമ വ്യവസായത്തിലൂടെ വികസിച്ചുവന്നതാണ് യു.എസിന്റെ ചരിത്രം. വംശീയതക്ക് നിറം കാരണമാകുന്നതിനുമുമ്പുതന്നെ അടിമ വ്യവസായം അമേരിക്കയില്‍ സജീവമായിരുന്നു. അടിമത്വത്തിലേക്ക് നിറം, വംശം തുടങ്ങിയവ കൂട്ടിച്ചേര്‍ക്കപ്പെടുന്നത് പിന്നീടാണ്. പ്രത്യേക നിറക്കാര്‍, വംശക്കാര്‍ തുടങ്ങിയവര്‍ സമൂഹത്തിലെ മോശക്കാരാണെന്നും അവര്‍ മറ്റുവിഭാഗങ്ങള്‍ക്ക് അടിമകളായി ജീവിക്കേണ്ടവരാണെന്നുമുള്ള സങ്കല്‍പം ക്രമാനുഗതമായി രൂപംകൊണ്ടു. 1790കളില്‍ തന്നെ ദേശീയത, വര്‍ഗീയത തുടങ്ങിയവ യൂറോപ്പില്‍ അടിവേരുറച്ചിരുന്നു. 1890ല്‍ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ആദ്യഘട്ടം ഫ്രഞ്ചുകാര്‍ സ്വീകരിച്ചത് അവിടെയുള്ള വിദേശ തൊഴിലാളികളെ അക്രമിച്ചുകൊണ്ടാണ്. 1893ല്‍ കോപാകുലരായ ഫ്രഞ്ച് ജനക്കൂട്ടം നിരവധി ഇറ്റാലിയന്‍ കുടിയേറ്റ തൊഴിലാളികളെ കൂട്ടക്കൊല ചെയ്തു. അക്കാലത്തുതന്നെ ആഫ്രിക്കക്കാര്‍ക്കെതിരേ തുടരുന്ന അതിക്രമങ്ങള്‍ക്കൊപ്പം ചൈനയില്‍ നിന്നുള്ള തൊഴിലാളികളെ അടിമജോലിക്കാരായി കാണുന്ന സംസ്‌കാരം അമേരിക്കയില്‍ രൂപപ്പെട്ടിരുന്നു. അന്നുതന്നെ ആസ്ത്രിയയിലും ഹംഗറിയിലും ജൂതന്‍മാര്‍ രണ്ടാംതരം പൗരന്‍മാരായിരുന്നു. ആഗോളവത്കരണം ഈ മേഖലയിലുണ്ടാക്കിയ മാറ്റം സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ ആള്‍ക്കൂട്ടത്തെ രൂപപ്പെടുത്തുന്നത് വേഗത്തിലാക്കി.
1919കളില്‍ ഇറ്റാലിയന്‍ കവി ഗബ്രിയേലേ ഡിഅനുന്‍സിയോയിലൂടെ വികസിച്ചുവന്ന യൂറോപ്പിലെ വെറുപ്പാണ് പിന്നീട് നാസിസമായും ഫാസിസമായും രൂപംകൊണ്ടത്. അക്കാലത്ത് തലമുണ്ഡനം ചെയ്തു വീടിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് ഡി അനുന്‍സിയോ നടത്തുന്ന വെറുപ്പിന്റെ പ്രഭാഷണങ്ങള്‍ക്കായി കാതോര്‍ത്തിരുന്നവരില്‍ മുസോളിനിയും ഹിറ്റ്‌ലറുമുണ്ടായിരുന്നു. ഈ ചരിത്രം പറയുന്നത് വെറുപ്പ് ലോകത്തെ എങ്ങനെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് പറയാനാണ്. നാസിസം ജൂതരോട് ചെയ്ത ക്രൂരതകളെ ഇസ്‌റാഈലിന്റെ ഫലസ്തീനികളോടുള്ള ക്രൂരതകളുടെ കാലത്തും ആവര്‍ത്തിക്കേണ്ടിവരുന്നത് സയണിസം പ്രതിനിധാനം ചെയ്യുന്ന വെറുപ്പ് എത്രത്തോളം ഭീകരമാണെന്ന് ലോകത്തോട് പറയാനാണ്.
ഗസ്സ വളഞ്ഞ ഇസ്‌റഈല്‍ സൈന്യം കുട്ടികളും സ്ത്രീകളും അടങ്ങുന്ന 2300 ഫലസ്തീനിയന്‍ സിവിലിയന്‍മാരെ ഇതിനകം കൊലപ്പെടുത്തിയിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ പാശ്ചാത്യലോകം നിശബ്ദമാണ്. ഫലസ്തീന്‍ സിവിലിയന്മാരുടെ മരണം പാശ്ചാത്യ വരേണ്യവര്‍ഗങ്ങള്‍ക്കിടയില്‍ ധാര്‍മികരോഷം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമ്പോഴാണ് ജോസഫ് എം. ചൂബയെപ്പോലുള്ളവര്‍ എന്തുകൊണ്ടുണ്ടാകുന്നുവെന്ന് വ്യക്തമാകുന്നത്.
2014ല്‍ ഇസ്‌റാഈലിന്റെ ഗസ്സ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 2,200ലധികം ഫലസ്തീനികളാണ്. അവരില്‍ 556 പേര്‍ കുട്ടികളായിരുന്നു. എന്നാല്‍ പാശ്ചാത്യലോകം വിലപിച്ചത് കൊല്ലപ്പെട്ട 64 ഇസ്‌റാഈലികള്‍ക്കുവേണ്ടി മാത്രമാണ്. ഫലസ്തീനികളെ കണ്ടാലുടന്‍, അവര്‍ അക്രമികളാണെങ്കിലും അല്ലെങ്കിലും വെടിവയ്ക്കണമെന്നായിരുന്നു 2014ല്‍ ഗസ്സ മുനമ്പില്‍ പ്രവേശിക്കുന്ന സൈനികര്‍ക്ക് നല്‍കിയ ഉത്തരവ്. വീടൊഴിഞ്ഞ് പോകണമെന്ന ഇസ്‌റാഈലിന്റെ മുന്നറിയിപ്പ് പാലിക്കാത്ത ഫലസ്തീനികള്‍ക്കെതിരേയെല്ലാം സൈന്യം വെടിവച്ചു. കുറപ്പേര്‍ മരിച്ചത് അങ്ങനെയാണ്. അവിടെ നിയമങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഒരു വിനോദം പോലെയാണ് ഗസ്സയില്‍ തങ്ങള്‍ ആളുകളെ കൊലപ്പെടുത്തിയതെന്നുമാണ് അതേക്കുറിച്ച് സൈനികരിലൊരാള്‍ ഒരു മനുഷ്യാവകാശ സംഘടനയോട് വിശദീകരിച്ചത്. 'ആരെക്കണ്ടാലും വെടിവച്ചു കൊല്ലാം. ആ വ്യക്തി നിങ്ങളെ അക്രമിക്കാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്ന വിഷയം തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഗസ്സയില്‍ ഒരാളെ വെടിവച്ചു കൊല്ലുന്നത് തന്നെ രസകരമാണ്. ഒന്നാമതായി ഇത് ഗസ്സയാണ്, ഇവിടെയുള്ളവരെല്ലാം കൊല്ലപ്പെടേണ്ടവരാണ്. രണ്ടാമത്തേത് യുദ്ധമാണ്. കൊല്ലലാണ് തങ്ങളുടെ ജോലി. വെടിവെയ്ക്കാന്‍ ഒരു മടിയും കാട്ടരുതെന്നായിരുന്നു ഉത്തരവെന്നും' സൈനികന്‍ പറഞ്ഞു. സിവിലിയന്മാര്‍ക്ക് നേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കാന്‍ അനുവദിക്കുന്ന സൈനിക ഉത്തരവ് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്. എന്നാല്‍, അതൊന്നും ഇസ്‌റാഈലിന് പ്രശ്‌നമല്ല.
ഒക്ടോബര്‍ 12ലെ ബോംബാക്രമണത്തിനുശേഷം ഗസ്സ മുനമ്പിന്റെ വടക്കുഭാഗത്ത് താമസിക്കുന്ന 1.1 ദശലക്ഷം ഫലസ്തീനികളോട് തെക്കുഭാഗത്തേക്ക് മാറാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് തന്നെ മറ്റൊരു വംശഹത്യയാണ്. 24 മണിക്കൂര്‍ റോഡുകള്‍ സുരക്ഷിതമാകുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, ഇത്തരത്തില്‍ പലായനം ചെയ്യുന്നവര്‍ക്കെതിരേ സൈന്യം വെടിവച്ചു, 70 പേര്‍ കൊല്ലപ്പെട്ടു. അതോടൊപ്പമാണ് ഒഴിഞ്ഞുപോയവര്‍ക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന ആശങ്ക. 1948ല്‍ ആരംഭിച്ച നക്ബയുടെ വംശീയ ഉന്മൂലനവും തുടര്‍ച്ചയും മാത്രമായി മാത്രമേ ഇപ്പോഴത്തെ സംഭവങ്ങളെ കാണാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."