HOME
DETAILS
MAL
കുണ്ടറ പീഡനക്കേസ്: പരാതി ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന് പൊലിസിന്റെ ക്ലീന്‍ചിറ്റ്
backup
August 26 2021 | 03:08 AM
കൊല്ലം: കുണ്ടറ പീഡനക്കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് പൊലിസിന്റെ ക്ലീന്‍ചിറ്റ്. മന്ത്രിക്കെതിരേ കെസെടുക്കാനാകില്ലെന്ന് കാണിച്ച് ശാസ്താംകോട്ട ഡിവൈ.എസ്.പി പി. രാജ്കുമാര് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവിയ്ക്ക് റിപ്പോര്‍ട്ട് നല്കി. കേസൊതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് അഡ്വ. സജലിന്റെ പരാതിയിലാണ് പൊലിസ് റിപ്പോര്‍ട്ട് തയാറാക്കിയത്.
മന്ത്രിയ്ക്കെതിരേ കേസെടുക്കാനാകില്ലെന്ന നിയമോപദേശവും നേരത്തെ പൊലിസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെ പിതാവിനോട് 'പീഡന പരാതി നല്ല നിലയില്‍ തീര്‍ക്കണം' എന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ കുറ്റകരമായി ഒന്നും ഇല്ലെന്നാണ് പൊലിസിന് ലഭിച്ച നിയമോപദേശം. ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന ഭീഷണി ഫോണ്‍സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. ശബ്ദതാരാവലി ഉദ്ധരിച്ചായിരുന്നു നിയമോപദേശം. ഇതേകാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സജലിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മകളെയൊ തന്നെയോ മന്ത്രി നേരിട്ട് കണ്ടിട്ടില്ലെന്നും കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നുമുള്ള പരാതിക്കാരിയുടെ പിതാവിന്റെ മൊഴി ചൂണ്ടണ്ടിക്കാട്ടിയാണ് സജലിന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് പൊലിസ് പറയുന്നത്.
അതേസമയം പീഡനക്കേസില്‍ പ്രതിയായ പത്മാകരനെതിരായ അന്വേഷണം തുടരുകയാണ്. കൂടാതെ മന്ത്രിയ്ക്ക് ക്ലീന്‍ചിറ്റ് നല്കിയ സംഭവത്തില്‍ പ്രതികരിക്കാന്‍ പരാതിക്കാരിയോ കുടുംബമോ തയാറായിട്ടില്ല. മന്ത്രി കേസില്‍ ഇടപെട്ടെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നെങ്കിലും കോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."