പുതിയ സംവിധാനമൊരുക്കാന്‍ കെ.എസ്.ഇ.ബി ഉത്പാദന കേന്ദ്രങ്ങളിലെ വിവരങ്ങള്‍ ഇനി ഒരിടത്ത്
ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ വൈദ്യുതോത്പ്പാദന കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തി അവയില്‍ നിന്നുള്ള വിവരങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുന്ന സംവിധാനം (സെന്‍ട്രലൈസ്ഡ് ഡാറ്റ അവയ്‌ലബിലിറ്റി) വരുന്നു. ജനറേറ്ററുകളുടെ റണ്ണിങ് സ്റ്റാറ്റസ്, ജനറേഷന്‍ വിശദാംശങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഉത്പാദനമടക്കം (ദശലക്ഷം യൂനിറ്റില്‍) സമയാസമയങ്ങളില്‍ കേന്ദ്രീകൃതമായി ശേഖരിച്ച് കെ.എസ്.ഇ.ബി ചെയര്‍മാന്‍, ജനറേഷന്‍ ഡയരക്ടര്‍, ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ എന്നിവരുടെ ഓഫിസുകളില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ (സ്‌കാഡ) എന്ന അത്യാധുനിക ഡിജിറ്റല്‍ സംവിധാനം വഴി ഉത്പാദന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത്തരം തത്സമയ നിരീക്ഷണ സൗകര്യവും തത്സമയ ഡാറ്റയും ഉല്‍പാദന കേന്ദ്രങ്ങളുടെ മൊത്തത്തിലുള്ള അവസ്ഥ സമയാസമയങ്ങളില്‍ വിലയിരുത്താന്‍ മാനേജ്‌മെന്റിന് സഹായകരമാകുമെന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രീകൃത ഡാറ്റ ലഭ്യതാ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സര്‍വേയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആര്‍.എഫ്.പി (റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍) ക്ഷണിക്കാനും ജനറേഷന്‍ ചീഫ് എന്‍ജിനീയറെ കെ.എസ്.ഇ.ബി ഡയരക്ടര്‍ ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയരക്ടറുടെ കീഴില്‍ കളമശേരി ആസ്ഥാനമായി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ (എസ്.എല്‍.ഡി.സി) പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 10 മെഗാവാട്ടിന് മുകളിലുള്ള ഉത്പാദന കേന്ദ്രങ്ങളിലെ വിവരങ്ങള്‍ മാത്രമാണ് ഇവിടുന്ന് ലഭിക്കുക. സംസ്ഥാനത്ത് 15 വന്‍കിട ജലവൈദ്യുതി പദ്ധതികളും (1,939 മെഗാവാട്ട്) 23 ചെറുകിട പദ്ധതികളും (120 മെഗാവാട്ട്) വൈദ്യുതി ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല പവര്‍ ഹൗസുകളും സ്ഥിതിചെയ്യുന്നത് ഒറ്റപ്പെട്ട് വനമേഖലയോട് ചേര്‍ന്നും വിദൂര സ്ഥലങ്ങളിലുമാണ്. മൊബൈല്‍ ഫോണ്‍ കവറേജ് പോലുമില്ലാത്ത ഇവിടങ്ങളില്‍ നിന്നും ഡാറ്റ കൈമാറല്‍ ക്ലേശകരമാണ്. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."