വരുംതലമുറയ്ക്കും വേണം ഈ ഭൂമി
ഈ നൂറ്റാണ്ടിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ആഗോളതാപനം വരുതിയിൽ നിർത്തുകയെന്നത്. ഇതിനായി യു.എൻ നേതൃത്വത്തിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടികൾക്കും കാര്യമായ പരിഹാരമാർഗങ്ങൾ നടപ്പാക്കാനാകുന്നില്ല. 140 രാജ്യങ്ങൾ പങ്കെടുത്ത പാരിസ് ഉടമ്പടിയായിരുന്നു ആഗോളതാപനം തടയുന്നതിൽ ഏറ്റവും വലിയ പ്രതീക്ഷ. പക്ഷേ, വികസിത രാജ്യങ്ങളുടെ മെല്ലെപ്പോക്ക് ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലിനെ നിയന്ത്രിച്ചു നിർത്തുന്നതിൽ പരാജയപ്പെട്ടു. ഇതിന്റെ കെടുതികൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുഭവിക്കുകയാണ്. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഭൂമിയെയും ജീവജാലങ്ങളെയും രക്ഷിക്കുകയെന്ന ദൗത്യത്തോടെ, മുൻനിരയിൽ പ്രവർത്തിച്ചത് അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു. ഇപ്പോൾ കോപ്27 എന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷറം അൽ ഷെയ്ഖിലെ ചെങ്കടൽ തീരത്തെ റിസോർട്ടിൽ നടക്കുകയാണ്. നവംബർ ആറിന് തുടങ്ങിയ ഉച്ചകോടിയുടെ രണ്ടാം ദിനം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഓർമിപ്പിച്ചത് കാലാവസ്ഥാവ്യതിയാനത്തിനെതിരേ ഒന്നിച്ചു പോരാടുക അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങളിൽ മരിക്കാൻ തയാറാകുക എന്നതാണ്.
ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയതു പ്രകാരം 2050നകം കാലാവസ്ഥാവ്യതിയാനം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയിൽ മനുഷ്യവാസം ചോദ്യചിഹ്നമാകും. എന്നാൽ കഴിഞ്ഞ 10 വർഷത്തെ കാലാവസ്ഥാപ്രവചനവും യഥാർഥ കാലാവസ്ഥാവ്യതിയാനവും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ശാസ്ത്രീയ പ്രവചനങ്ങളേക്കാൾ വളരെ ഉയർന്ന തോതിലാണ് കാലാവസ്ഥാവ്യതിയാനമെന്നത് വ്യക്തം. 2030നകം ലോകം ഒത്തൊരുമിച്ച് കാലാവസ്ഥാവ്യതിയാനത്തെ നിയന്ത്രിച്ചില്ലെങ്കിൽ തുടർന്നുള്ള മനുഷ്യരുടെ അതിജീവനം ഏറെ പ്രയാസകരമാകും. ഈ വർഷത്തെ ഉച്ചകോടിയും ലക്ഷ്യംവയ്ക്കുന്നത് 2030 ആണ്. അതായത് അടുത്ത ഏഴു വർഷം നിർണായകമാണെന്ന് അർഥം. 2030ൽ തന്നെ ധ്രുവങ്ങളിലെ മഞ്ഞുരുകി ഭൂമിയിലെ 30 ശതമാനം പ്രദേശങ്ങളും കടലെടുക്കും. കേരളം ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങൾ കടലെടുക്കൽ ഭീഷണിയിൽ പെടുന്നവയാണ്. കാലാവസ്ഥാവ്യതിയാനം മൂലം നരകത്തിലേക്കുള്ള അതിവേഗ പാതയിലാണ് നാമുള്ളതെന്നും ഇപ്പോഴും ആക്‌സിലറേറ്ററിലാണ് നമ്മുടെ കാലുള്ളതെന്നുമാണ് യു.എൻ മേധാവി പറഞ്ഞത്.
ഭൂമിയെ 30 ശതമാനം സംരക്ഷിക്കുക എന്ന ദൗത്യത്തിലാണ് ഈ വർഷത്തെ ഉച്ചകോടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന 140 രാജ്യങ്ങൾ 2030 നകം വനനശീകരണം ചെറുക്കുക എന്ന തീരുമാനത്തിലെത്തും. വനനശീകരണം തടയാൻ രാജ്യങ്ങൾ ശക്തമായ നിയമവും വനവൽക്കരണം വിപുലമാക്കാൻ പദ്ധതികളും കൊണ്ടുവരും. കാർബൺ ബഹിർഗമനം ചെറുക്കാൻ വനങ്ങളുടെ സ്വാധീനം വലുതാണ്. വികസിത രാജ്യങ്ങളാണ് ഇപ്പോഴും ഏറ്റവും കൂടുതൽ കാർബൺ വാതകങ്ങൾ പുറത്തുവിടുന്നത്. അതിനാൽ കാർബൺരഹിത പദ്ധതി മറ്റു രാജ്യങ്ങൾ നടപ്പാക്കിയാലും അവരും കാലാവസ്ഥാവ്യതിയാനം നേരിടേണ്ടിവരുന്നു. ലോകത്തെ മുക്കിലും മൂലയിലും മാറ്റം വരാതെ കാലാവസ്ഥാവ്യതിയാനത്തെ നേരിടാനാകില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇതിനാണ് യു.എൻ മുൻകൈയെടുത്ത് പ്രവർത്തിക്കുന്നതും.
അതിരുകളില്ലാത്ത ആകാശത്ത് ഒരോ രാജ്യവും പുറന്തള്ളുന്ന ഹരിതഗൃഹ വാതകം ഇതര രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയും ഇന്ത്യയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യത്തിലാണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചും സോളാർ, ഹൈഡ്രൽ, കാറ്റാടി പ്ലാന്റുകൾ വഴി ഊർജം ഉത്പാദിപ്പിച്ചും ഇന്ത്യയും ചൈനയും മുന്നേറുന്നുണ്ട്. സർക്കാർ ഇതിനായി വിവിധ പദ്ധതികളും നടപ്പാക്കി. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് ആത്മാർഥമായ സഹകരണം ഇക്കാര്യത്തിലുണ്ട് എന്നത് ലോകത്തിനും ബോധ്യമുണ്ട്.
വികസിത രാജ്യങ്ങളെ തളയ്ക്കാൻ കഴിയാതെ ഉച്ചകോടികൾ വിജയിക്കില്ല. അമേരിക്കയിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രകൃതിക്ഷോഭങ്ങൾ വർധിച്ചിട്ടുണ്ട്. പ്രതിവർഷം പതിനായിരങ്ങളാണ് പ്രകൃതിക്ഷോഭത്തെ തുടർന്ന് മരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, വരുമാനം കൂട്ടാൻ വ്യവസായങ്ങളുടെ ഉത്പാദനം കുറയ്ക്കുന്ന നടപടിക്കും വിദേശരാജ്യങ്ങൾ തയാറാകില്ല. തിങ്കളാഴ്ച നടന്ന കാടും കാലാവസ്ഥാ നേതാക്കളുടെ പങ്കാളിത്തവും എന്ന സെഷൻ എല്ലാ രാജ്യങ്ങളും കൈയടിച്ചു പ്രോത്സാഹിപ്പിച്ചെങ്കിലും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളൽ കുറയ്ക്കുന്ന കാര്യം വരുമ്പോൾ പലരും തനിസ്വഭാവം കാണിക്കും. കാലാവസ്ഥാവ്യതിയാനം നേരിടാൻ 3.6 ബില്യൻ ഡോളറിന്റെ സഹായം സ്വകാര്യ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കാർബൺ ബഹിർഗമനം പൂർണമായും തടയാൻ സാധ്യമല്ലെങ്കിലും ലക്ഷ്യം കൈവരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. തകിടംമറിയുന്ന കാലാവസ്ഥ ആഗോള ഭക്ഷ്യസുരക്ഷയ്ക്കും രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിതിക്കും ഭീഷണിയാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് ആഫ്രിക്കയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ആമസോൺ മഴക്കാടുകൾ ഉൾപ്പെടെ രാഷ്ട്രീയ ഇടപെടലിൽ നശിക്കുന്നത് തടയുക, ജീവികളുടെ ആവാസവ്യവസ്ഥ സന്തുലിതമാക്കുക വഴി പകർച്ചവ്യാധികൾ വ്യാപനം തടയുക തുടങ്ങി അനന്തമായ നേട്ടങ്ങളാണ് പ്രകൃതിയെ സംരക്ഷിക്കുന്ന പദ്ധതികളിലൂടെ ലഭിക്കുക. ഈയാഴ്ചത്തെ യു.എൻ പരിസ്ഥിതി റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന കാര്യവും ഉച്ചകോടിയിൽ ചർച്ചയായി.
ആത്മാർഥതയുള്ള നടപടികൾ ഓരോ രാജ്യവും നടത്തിയാൽ തന്നെ ആഗോളതാപനം ഒരുപരിധിവരെ പിടിച്ചുനിർത്താനാകുമെന്നതിൽ സംശയമില്ല. വലിയ ചെലവില്ലാത്ത പദ്ധതികളാണ് ഇതിന് അഭികാമ്യം. ഇനിയും ഉദാസീനത കാണിച്ചാൽ വരുംതലമുറയ്ക്ക് ഭൂമിയിൽ വാസം സാധ്യമോ എന്ന ചോദ്യം സമീപകാലത്ത് തന്നെ യാഥാർഥ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."