HOME
DETAILS
MAL
തുടരെ കൊവിഡ് ഡ്യൂട്ടി; പ്രതിഷേധവുമായി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍
backup
August 28 2021 | 03:08 AM
സ്വന്തം ലേഖകന്‍
കോഴിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി തുടരെ കൊവിഡ് ഡ്യൂട്ടി നല്‍കുന്നതില്‍ പ്രതിഷേധവുമായി അധ്യാപകര്‍. പരീക്ഷകള്‍ക്കും മൂല്യനിര്‍ണയ ജോലികള്‍ക്കും പുറമെ പ്ലസ് വണ്‍ അഡ്മിഷനും ഓണ്‍ലൈന്‍ ക്ലാസ്സുകളും അടക്കമുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധത്തിനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും അസിസ്റ്റന്റുമാരായി പ്രൈമറി, സെക്കന്‍ഡറി അധ്യാപകരെയും നിയമിക്കുന്നത് തുടരുകയാണ്. പ്ലസ്ടു സേ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിച്ചു. സെപ്റ്റംബര്‍ ആറു മുതല്‍ പ്ലസ് വണ്‍ പൊതുപരീക്ഷകളും തുടങ്ങും. ഓഗസ്റ്റ് 24 മുതല്‍ പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ ആരംഭിച്ചതോടെ സ്‌കൂള്‍തല ഹെല്‍പ് ഡെസ്‌കുകളില്‍ അധ്യാപകരില്ലാത്ത അവസ്ഥയാണെന്ന് അധ്യാപകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും സംശയദൂരീകരണ ക്ലാസുകള്‍ക്കും ശേഷമാണ് അധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിയുംചെയ്യുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ക്ലര്‍ക്ക്, പ്യൂണ്‍ തുടങ്ങിയ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഓഫിസ് ജോലികളും പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി സെക്ടറല്‍ മജിസ്‌ട്രേറ്റ്, അസിസ്റ്റന്റ് ജോലികള്‍ അധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കുന്നതായി റവന്യൂവകുപ്പിനെതിരേ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും അഡ്മിഷനും അടുത്തിരിക്കെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനു വിരുദ്ധമായി ജില്ലാ ഭരണകൂടങ്ങള്‍ പുറത്തിറക്കിയ സെക്ടറല്‍ മജിസ്‌ട്രേറ്റ് ലിസ്റ്റുകള്‍ പിന്‍വലിച്ച് പ്ലസ്ടു അധ്യാപകരെ സ്‌കൂള്‍തല ജോലികളിലേക്ക് തിരിച്ചെത്തിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.സന്തോഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍ എം.ജോര്‍ജ്, ട്രഷറര്‍ ഡോ. എസ്.എന്‍.മഹേഷ് ബാബു എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."