HOME
DETAILS
MAL
ആരെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി സിദ്ദു
backup
August 28 2021 | 04:08 AM
ചണ്ഡിഗഡ്: സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും അനുവദിച്ചില്ലെങ്കില്‍ ആരെയും വെറുതെ വിടില്ലെന്ന ഭീഷണിയുമായി പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു.
സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ അനുവദിച്ചാല്‍ അടുത്ത രണ്ട് ദശകത്തിനുള്ളില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വലിയ ശക്തിയായി മാറാനാകുമെന്ന് താന്‍ ഉറപ്പുതരുന്നുവെന്നും സിദ്ദു പറഞ്ഞു.
അതേസമയം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സിദ്ദുവിനോട് ഇതിനെ കുറിച്ച് ചോദിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ പ്രതികരണം.സിദ്ദുവിന്റെ ഉപദേശകനായ മല്‍വിന്ദര്‍ സിങ് മാലിയുടെ, ഇന്ത്യയും പാകിസ്താനും കശ്മിരിലെ അനധികൃത കടന്നുകയറ്റക്കാരാണെന്ന സമൂഹമാധ്യമത്തിലെ പോസ്റ്റിനെ ചൊല്ലിയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ വിവാദം കടുത്തത്.
വിവാദത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിനെതിരേ സിദ്ദുവിന്റെ ഉപദേശകര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഹരീഷ് റാവത്ത് രംഗത്തെത്തിയിരുന്നു. നവ്‌ജ്യോത് സിങ് സിദ്ദു ഉപദേശകരെ പുറത്താക്കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി നേതൃത്വം അത് ചെയ്യുമെന്നും കഴിഞ്ഞദിവസം ഹരീഷ് റാവത്ത് വ്യക്തമാക്കിയിരുന്നു.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അമരിന്ദര്‍ സിങ് നയിക്കുമെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു.
റാവത്തിന്റെ പ്രതികരണത്തിന് പിന്നാലെ മല്‍വിന്ദര്‍ സിങ് മാലി സിദ്ദുവിന്റെ ഉപദേശക സ്ഥാനത്തുനിന്ന് ഒഴിഞ്ഞു. കശ്മിരിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ രണ്ട് ഉപദേശകരെയും പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡ് സിദ്ദുവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാലിയുടെ രാജി. മറ്റൊരു ഉപദേശകനായ പ്യാരേലാല്‍ ഗാര്‍ഗിയെയും ഉപദേശക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."