പൂക്കോട്ടൂർ യുദ്ധം മാപ്പിള പോരാളികളുടെ വൻവിജയമായിരുന്നു, ഓൺലൈൻ സെമിനാർ
റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റുമുട്ടൽ യുദ്ധമാണ് 1921 ആഗസ്റ്റ് 26ന് പൂക്കോട്ടൂരിൽ നടന്നതെന്ന് മാധ്യമപ്രവർത്തകനും മലബാർ സമര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ അഭിപ്രായപ്പെട്ടു. ഗ്രീന വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ചരിത്രം തിളക്കുന്ന പൂക്കോട്ടൂർ എന്ന ഓൺലൈൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിൽ നിന്നുള്ള സ്വാതന്ത്രസമര പോരാട്ടങ്ങളെ നിശബ്ദമാക്കാനും ഇല്ലാതാക്കാനും കൊളോണിയൽ ശക്തികൾ ശ്രമിച്ചതിന്റെ തുടർച്ചയായി സവർണ്ണ പൊതു ആഖ്യാനങ്ങളും അത് നിർവഹിച്ചു പോരുകയാണ്. അതിനെതിരെയുള്ള പ്രതിരോധങ്ങൾ ശക്തമാക്കേണ്ട സമയമാണിത്. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഏറനാട് വള്ളുവനാട് താലൂക്കുകളിൽ ആറ് മാസത്തേക്കെങ്കിലും ബ്രിട്ടീഷ് ഭരണം മാപ്പിള പോരാളികൾ അവസാനിപ്പിച്ചത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭരണപരവും സൈനികപരവും ആസൂത്രണപരവും ഇന്റലിജൻസ് പരവുമായ വൻതോതിലുള്ള വീഴ്ചയാണ് കലാപത്തിലേക്ക് ബ്രിട്ടീഷ് പട്ടാളത്തെ എത്തിച്ചത്.
ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ പരിശീലനം സിദ്ധിച്ച സൈനിക വ്യൂഹത്തെയാണ് മലബാറിലെ മാപ്പിളമാരെ നേരിടാൻ ബ്രിട്ടീഷ് ഭരണകൂടം ഇങ്ങോട്ടയച്ചത് എന്നതുതന്നെ മലബാർ സമരത്തെ ബ്രിട്ടീഷ് പട്ടാളം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ്. പൂക്കോട്ടൂർ യുദ്ധം അടക്കമുള്ള ഓരോ ഏറ്റുമുട്ടലിലും വൻ ആൾനാശം ബ്രിട്ടീഷ് ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കിലും അതെല്ലാം അവർ മറച്ചു വെക്കുകയായിരുന്നു.
യു.എ. നസീർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. കിഴിശ്ശേരി റീജണൽ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ വാക്കാലൂർ പ്രസംഗിച്ചു. മുഹമ്മദ് കുട്ടി കാരാട്ടിയാട്ടിൽ, നഈമുദ്ദീൻ ഇരുമ്പുചോല, സലാഹുദ്ദീൻ കണ്യാല, ഷബീർ കാലടി, ഫൈസൽ മാലിക് എ.ആർ നഗർ, ഷുക്കൂർ മേലാറ്റൂർ, ലത്തീഫ് താനാളൂർ തുടങ്ങിയവർ നേതൃത്വം നൽകി. റഷീദ് കൈനിക്കര സ്വാഗതവും റാഫി ആലിക്കൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."