HOME
DETAILS
MAL
കൗണ്‍സിലര്‍മാര്‍ 'കവറു'മായി പുറത്തേക്ക് പണക്കിഴി വിവാദത്തില്‍ നിര്‍ണായക തെളിവുകള്‍
backup
August 29 2021 | 03:08 AM
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലന്‍സിന് ലഭിച്ചത് നിര്‍ണായക തെളിവുകള്‍. ഓണക്കോടിയും കവറും ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ കാട്ടി പരാതി ഉന്നയിച്ച കൗണ്‍സിലര്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും വിജിലന്‍സ് സംഘം മൊഴിയെടുത്തു. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ആരംഭിച്ച പരിശോധന ഇന്നലെ പുലര്‍ച്ചെ രണ്ടു വരെ നീണ്ടു. ഓണസമ്മാനമായി നഗരസഭാ അംഗങ്ങള്‍ക്ക് 10000 രൂപ വീതം നല്‍കിയെന്ന പരാതിയില്‍ നിര്‍ണായക തെളിവാണ് അധ്യക്ഷയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങിയത് പരിശോധനയ്ക്കു തടസമായി. അധ്യക്ഷയുടെ മുറിയിലാണ് സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌കും കണ്‍ട്രോളിങ് യൂണിറ്റും. പലതവണ ഫോണില്‍ ആവശ്യപ്പെട്ടിട്ടും ഓഫീസില്‍ വരാന്‍ അധ്യക്ഷ തയാറായില്ല. ഇതുമൂലം ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുക്കാനായില്ല. തുടര്‍ന്ന് തൊട്ടടുത്ത ഓഫീസ് മുറിയിലെ കമ്പ്യൂട്ടറില്‍ നിന്നു സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് സി.സി.ടി.വി ദ്യശ്യങ്ങള്‍ വീണ്ടെടുത്തത്. പണം കൈപ്പറ്റിയെന്ന് പരാതി ഉന്നയിച്ച കൗണ്‍സിലര്‍മാര്‍ ഓഫീസിലെത്തി മടങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍നടപടികളുടെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങളിലുള്ള കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ അധ്യക്ഷയുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് ഉടന്‍ നോട്ടിസ് നല്‍കും. അതേസമയം മൂന്നരമണിക്കെത്തിയ അന്വേഷണസംഘം തന്നെ കാണുകയോ പരിശോധന സംബന്ധിച്ച സൂചനകള്‍ നല്‍കുകയോ ചെയ്തില്ലെന്ന് അധ്യക്ഷ അജിത തങ്കപ്പന്‍ പറഞ്ഞു. രാത്രി ഏഴരയോടെ വിജിലന്‍സ് വിഭാഗം സി.ഐ ഫോണില്‍ വിളിച്ച് ചേംബറിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പരാതിക്കാരുടെ സാന്നിധ്യത്തില്‍ തന്റെ കാബിനില്‍ പ്രവേശിക്കുന്നവര്‍ തന്നെ കുടുക്കാനുള്ള വഴികള്‍ ആലോചിക്കുമെന്ന് ഭയപ്പെട്ടതുകൊണ്ടാണ് താക്കോല്‍ നല്‍കാതിരുന്നതെന്നും അധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."