''ചോദ്യം ഒന്നും വേണ്ട, തീര്‍ച്ചയായും ഞാന്‍ മല്‍സരിക്കും''- ട്രംപ് ഒരുങ്ങുന്നു; പുതിയ അങ്കത്തിനായി
വാഷിങ്ടണ്‍: അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മല്‍സരിക്കുമെന്ന് ദീര്‍ഘകാലമായി ട്രംപിന്റെ ഉപദേഷ്ടാവായ ജേസണ്‍ മില്ലര്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് അടുത്തയാഴ്ച ട്രംപിന്റെ പ്രഖ്യാപനമുണ്ടായേക്കും.
2024ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ട്രംപിന് 78 വയസ്സ് തികയും. രണ്ടു ദിവസം മുമ്പ് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി ട്രംപ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിനിടെ ഒരു വലിയ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രസ്താവിച്ചത് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന പ്രഖ്യാപനമാണെന്ന് യു.എസ് മാധ്യമങ്ങള്‍ സൂചന നല്‍കിയിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് ട്രംപിന്റെ മുന്‍ സഹായി സ്റ്റീവ് ബാനനിന്റെ ജനപ്രിയ പോഡ് കാസ്റ്റ് 'വാര്‍ റൂം'മില്‍ പങ്കെടുക്കവെ മില്ലര്‍ വ്യക്തമാക്കി. 'ചോദ്യം ഒന്നും വേണ്ട, തീര്‍ച്ചയായും ഞാന്‍ ഓടുകയാണ്' എന്ന് ട്രംപ് തന്നോട് പറഞ്ഞതായി മില്ലര്‍ പറഞ്ഞു.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപ് പിന്തുണച്ച നിരവധി സ്ഥാനാര്‍ത്ഥികള്‍ക്ക് നിരാശാജനകമായിരുന്നു ഫലം. പ്രതീക്ഷിച്ചിരുന്ന റിപബ്ലിക്കന്‍ 'ചുവപ്പ് തരംഗം' യാഥാര്‍ത്ഥ്യമായില്ല. പ്രവചിച്ചതിലും വളരെ ചെറിയ വിജയമാണ് പാര്‍ട്ടി നേടിയത്. 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയില്‍ ഇതുവരെ 211 സീറ്റുകളോടെ നേരിയ ഭൂരിപക്ഷമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. എന്നാല്‍, തെക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ ഡിസംബര്‍ ആദ്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പോടെ സെനറ്റിന്റെ നിയന്ത്രണം റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കരങ്ങളില്‍ സുരക്ഷിതമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."