നെഹ്‌റുവിന്റെ ചിത്രങ്ങള്‍പോലും സംഘ്പരിവാര്‍ ഭയക്കുന്നു
ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ മഹാരഥനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ജനകോടികളുടെ മനസില്‍നിന്ന് തുടച്ചുനീക്കാനാവില്ലെന്ന് ആര്‍.എസ്.എസിന് ഒടുവില്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സില്‍ റിസര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ നിന്നെങ്കിലും നെഹ്‌റുവിന്റെ പടം മാറ്റാനെടുത്ത തീരുമാനം. പകരം അവിടെ ബ്രിട്ടീഷ് പാദസേവയുടെ സുവിശേഷകനായിരുന്ന സവര്‍ക്കറെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമെന്ന ഏകശിലാ ഭരണകൂടത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്ന ഹിന്ദുമഹാസഭയെ മഹാമേരുവായി ഉയര്‍ന്നുനിന്ന് തടഞ്ഞുനിര്‍ത്തിയ നേതാവായിരുന്നു നെഹ്‌റു. അതുതന്നെയാണ് നെഹ്‌റുവിനോടുള്ള ആര്‍.എസ്.എസിന്റെ ശത്രുതയുടെ അടിസ്ഥാനവും.
ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ അതുവരെ സ്വാതന്ത്ര്യസമരത്തെ പരാജയപ്പെടുത്തിക്കൊണ്ടിരുന്ന ബ്രിട്ടീഷ് ഒറ്റുകാരായ ഹിന്ദുത്വശക്തികള്‍ പാകിസ്താന്‍ ഇസ്‌ലാമിക രാഷ്ട്രമാകുമ്പോള്‍ ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാകണമെന്ന് വാദിക്കുകയായിരുന്നു. അവര്‍ക്ക് വഴങ്ങാതെ ഇന്ത്യയെ മതേതര, ജനാധിപത്യ രാഷ്ട്രമായി പടുത്തുയര്‍ത്തിയ ശക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ആധുനിക ഇന്ത്യയുടെ ശില്‍പ്പിയെന്ന് നെഹ്‌റുവിനെ വിശേഷിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ ആത്മാവായ ഭരണഘടന നെഹ്‌റുവിന്റെയും ആത്മാവു കൂടിയാണെന്ന് നാം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മതേതര, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ശത്രുക്കളായ ആര്‍.എസ്.എസ് നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, ഇന്ത്യന്‍ മനസില്‍നിന്ന് നെഹ്‌റുവിനെ പറിച്ചെറിയാന്‍ സംഘ്പരിവാറിന് കഴിയില്ല.
പലനിലയിലും ഇന്ത്യന്‍ മനസില്‍ നുഴഞ്ഞുകയറി വിഭാഗീയതയുടെ വിത്തുപാകാന്‍ ഹിന്ദുത്വശക്തികള്‍ നടത്തിയ ശ്രമങ്ങളെയെല്ലാം ചെറുത്തുതോല്‍പ്പിച്ച അനിഷേധ്യ നേതാവായിരുന്നു നെഹ്‌റു. നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും ആര്‍.എസ്.എസിനെ ഹിന്ദുത്വ ഭീകര സംഘടനയായാണ് കണ്ടത്. നെഹ്‌റു ശാസ്ത്രീയമായ മതേതര, ജനാധിപത്യത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍, ഇന്ത്യന്‍ പാരമ്പര്യത്തിനനുസൃതമായ മതേതര, ജനാധിപത്യ ഭരണകൂടത്തിനായിരുന്നു പട്ടേല്‍ പ്രാമുഖ്യം നല്‍കിയിരുന്നതെന്ന വ്യത്യാസം മാത്രമായിരുന്നു ഇവര്‍ തമ്മിലുണ്ടായിരുന്നത്. പരസ്പരബഹുമാനത്തോടെയും ആദരവോടും കൂടിയായിരുന്നു ഇരുവരും അവരുടെ അഭിപ്രായങ്ങള്‍ എഴുത്തുകളിലൂടെ കൈമാറിയത്. പട്ടേലിനോട് ആര്‍.എസ്.എസ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ബഹുമാനം കാപട്യമാണ്. നെഹ്‌റുവിനെ ചെറുതാക്കാന്‍ കാണിക്കുന്ന കുതന്ത്രത്തിനപ്പുറമല്ല ഇപ്പോഴത്തെ പട്ടേല്‍ ഭക്തി.
1933- 1950നും ഇടയില്‍ ഇരുവരും കൈമാറിയ കത്തുകളില്‍നിന്ന് ബഹുമാനത്തിന്റെ ആഴം കാണാവുന്നതാണ്. നെഹ്‌റു മന്ത്രിസഭയിലെ വ്യവസായ മന്ത്രിയും ജനസംഘം സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖര്‍ജിക്ക് പട്ടേല്‍ എഴുതിയ കത്തില്‍ 'ആര്‍.എസ്.എസ് ഒരു ഭീകര സംഘടനയാണ്. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും തമ്മില്‍ വ്യത്യാസമില്ല. രണ്ടും ദേശീയസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന്' അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ മണ്ണില്‍നിന്ന് ആര്‍.എസ്.എസ് എന്ന വിഷവൃക്ഷത്തെ പൂര്‍ണമായും പിഴുതെറിയാന്‍ അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു നെഹ്‌റു. ഇന്ത്യന്‍ മതേതര രാഷ്ട്രീയപാര്‍ട്ടികളുടെ തത്വദീക്ഷ കടലെടുത്ത ഇക്കാലത്ത്, ഹിന്ദുത്വശക്തികള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുമ്പോള്‍ നെഹ്‌റുവിന്റെ ചരിത്രശേഷിപ്പുകള്‍ തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. 1940കളില്‍ പട്ടേല്‍ നെഹ്‌റുവിനെഴുതിയ കത്തില്‍ 'നമ്മുടെ രാജ്യം മതേതരമാണ്. നമ്മുടെ ചിന്തകളും നയങ്ങളും പാകിസ്താനികളുടേതാകരുത്. ഇവിടെയുള്ള മുസ്‌ലിംകളെല്ലാം ഇന്ത്യക്കാരാണ്. അതവരെ ബോധ്യപ്പെടുത്തുകയും വേണമെന്ന്' വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ കത്തെഴുതിയ പട്ടേലിനെയാണ് ഹിന്ദുത്വശക്തികള്‍ സ്വന്തക്കാരനാക്കി കൊട്ടിഘോഷിക്കുന്നത്. നെഹ്‌റു എത്രത്തോളം മതേതരവാദിയായിരുന്നുവോ അത്രത്തോളം മതേതരവാദിയായിരുന്നു പട്ടേലും.
ലോകചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് നെഹ്‌റു ഇന്ത്യന്‍ ജനാധിപത്യ മതനിരപേക്ഷ ഭരണകൂടത്തിനും ഭരണഘടനയ്ക്കും അടിത്തറ പാകിയത്. 75 വര്‍ഷം കഴിഞ്ഞിട്ടും ആ ചട്ടക്കൂട് തകര്‍ക്കാന്‍ കഴിയാത്തത് തന്നെയാണ് സംഘ്പരിവാറിന് നെഹ്‌റുവിനോട് തീര്‍ത്താല്‍ തീരാത്ത പകയുടെ അടിസ്ഥാനം. നെഹ്‌റു അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ പര്യായമാണ്. സംഘ്പരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നതും മറ്റൊന്നല്ല. നെഹ്‌റുവിന്റെ സോഷ്യലിസവും സംഘ്പരിവാറിനു രുചിക്കുന്നതായിരുന്നില്ല. നെഹ്‌റു ചേരിചേരാനയം ആവിഷ്‌ക്കരിച്ചു. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ആ നയം അട്ടിമറിച്ച് അമേരിക്കന്‍ പക്ഷത്തോടൊപ്പം നിന്നു. ജൂതര്‍ക്കായി ഒരു രാജ്യമെന്ന ആശയത്തെ നെഹ്‌റു ശക്തിയായി എതിര്‍ത്തു. ഒരു നിത്യ നരകത്തിന്റെ വാതിലുകള്‍ നാമിതാ തുറക്കുകയാണ് എന്നായിരുന്നു ഇസ്‌റാഈല്‍ രൂപീകരണത്തോട് നെഹ്‌റു പ്രതികരിച്ചത്. അത് അച്ചട്ടായതിന് കാലംസാക്ഷി. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ഇസ്‌റാഈലിനെ അംഗീകരിച്ചു. നെഹ്‌റുവും ഇന്ത്യയും ഫലസ്തീനിനൊപ്പമായിരുന്നു. പഞ്ചവത്സര പദ്ധതികളിലൂടെ നെഹ്‌റു ഇന്ത്യയുടെ സാമ്പത്തികഭദ്രതയ്ക്ക് അടിത്തറപാകി. ബി ജെ.പി ഭരണകൂടം അതെല്ലാം വിറ്റ് പാര്‍ട്ടി മൂലധനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നെഹ്‌റു സോഷ്യലിസത്തിന്റെ വക്താവായിരുന്നെങ്കില്‍ മോദിയുടെ ഇന്ത്യ കോര്‍പറേറ് ക്യാപ്പിറ്റലിസത്തെ വാരിപ്പുണര്‍ന്നു. ഇങ്ങനെ ഏതുവശം എടുത്തുനോക്കിയാലും സംഘ്പരിവാറിന്റെ കണ്ണിലെ കരടായിരുന്നു നെഹ്‌റു.
മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ മനസുകളില്‍ മിഴിവോടെ തെളിഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ പ്രഥമ പ്രധാനമന്ത്രിയുടെ ചിത്രംപോലും സംഘ്പരിവാറിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഹിസ്റ്ററി കൗണ്‍സില്‍ റിസര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ നിന്ന് നെഹ്‌റുവിന്റെ ചിത്രം മാറ്റിയത് ഈ ഭയത്താലാണ്. ഈ ഭയമാണ് സംഘ്പരിവാറിനെ ഇന്ത്യയെ പൂര്‍ണമായും ഹിന്ദുത്വഭരണത്തിനുകീഴില്‍ കൊണ്ടുവരുന്നതില്‍ നിന്ന് പിറകോട്ടുവലിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."