വീണ്ടും മലയാളിനന്മ ; ഖാസിമിന്റെ ജീവനായി 17.38 കോടി സ്‌നേഹസ്പര്‍ശം
ഇനി തുക
നല്‍കേണ്ടെന്നു
ചികിത്സാ കമ്മിറ്റി
തളിപ്പറമ്പ് (കണ്ണൂര്‍): സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കു 46.78 കോടി രൂപ സഹായമെത്തിച്ച് രണ്ടുമാസം തികയുന്നതിനിടെ രോഗബാധിതനായ മുഹമ്മദ് ഖാസിമിനും 17.38 കോടി രൂപ നല്‍കി മലയാളികളുടെ സ്‌നേഹസ്പര്‍ശം.
എസ്.എം.എ ടൈപ്പ് 2 ഗുരുതര രോഗം ബാധിച്ച ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിക്കു സമീപത്തെ പി.പി.എം ഫാത്തിമത്ത് ഷാക്കിറയുടെ മകന്‍ മുഹമ്മദ് ഖാസിമിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഇതുവരെ 17.38 കോടി രൂപ ലഭിച്ചതായി സഹായസമിതി ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 25നു രണ്ടുവയസ് തികയുന്നതിനു മുമ്പ് കുട്ടിക്കു ചികിത്സ നല്‍കേണ്ടതുണ്ട്. ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഇന്ന് ബാങ്കുകളില്‍ അപേക്ഷ നല്‍കുമെന്നും തുടര്‍ന്ന് സഹായധനമായി ആരും പണം അയക്കരുതെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ബിരിയാണി ചലഞ്ച്, കാരുണ്യയാത്ര, മറ്റ് ധനസമാഹരണ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ച് വാഗ്ദാനം ചെയ്ത തുക കമ്മിറ്റിയെ ഏല്‍പ്പിക്കണം.
ഈ തുകകൂടി പ്രതീക്ഷിച്ചാണ് 17.38 കോടിയില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തീരുമാനിച്ചത്. ജൂലൈ 16നു ഖാസിമിന്റെ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചുവെങ്കിലും നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ച് അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങിയത് ജൂലൈ 27നാണ്.
മാട്ടൂല്‍ നോര്‍ത്ത് കപ്പാലത്തെ മുഹമ്മദ് ചികിത്സാ സഹായകമ്മിറ്റി 8.5 കോടി രൂപ ഖാസിമിന്റെ ചികിത്സയ്ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ഫണ്ടിനു വേഗത കൈവന്നു.
ഖാസിമിനു നല്‍കേണ്ട സോള്‍ജെന്‍സ്മ മരുന്നിന്റെ ഇറക്കുമതി നികുതി ഒഴിവാക്കുന്നതിനായി കെ. സുധാകരന്‍ എം.പി മുഖേന കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തിവരികയാണെന്നും ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിജ ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ പെരുവണ, എം.എം അജുല്‍, ഉനൈസ് എരുവാട്ടി, കെ.എം.ആര്‍ റിയാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."