'സേഫ്റ്റി മുഖ്യം'; വിവരങ്ങള്‍ കൈമാറി ഡ്രൈവ് ചെയ്യാം, പുത്തന്‍ ടെക്‌നോളജി ഉടന്‍ എത്തിയേക്കുമെന്ന് കേന്ദ്രം
വിവരങ്ങള്‍ കൈമാറി ഡ്രൈവ് ചെയ്യാം, പുത്തന്‍ ടെക്‌നോളജി ഉടന്‍
റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ മറ്റ് വാഹനങ്ങളുമായി വിവരങ്ങള്‍ പരസ്പരം കൈമാറാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിച്ചാല്‍ റോഡില്‍ സംഭവിക്കുന്ന അപകടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയാണ് നിര്‍ദേശം വച്ചിരിക്കുന്നത്. വെഹിക്കിള്‍ ടു വെഹിക്കിള്‍ കമ്യൂണിക്കേഷനുള്ള വാഹനങ്ങള്‍ക്ക്, സുരക്ഷാ റേറ്റിങ്ങായ ബിഎന്‍സിഎപിയില്‍ ഉയര്‍ന്ന റേറ്റിങ് നല്‍കണമെന്നും വിവിദഗ്ധ സമിതിയുടെ നിര്‍ദേശമുണ്ട്.
കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ വഴി വാഹനങ്ങള്‍ക്ക് അവയുടെ വേഗം, ദൂരം, ദിശ തുടങ്ങിയ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. അതുവഴി വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഒന്നിനു പിറകേ മറ്റൊന്നായി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും ഇതുവഴി ഒഴിവാക്കാനാവുമെന്നതാണ് ഏറ്റവും മികച്ച കാര്യം. അതുപോലെ അപകടത്തില്‍ പെട്ട വാഹനങ്ങളിലുള്ളവര്‍ക്ക് പെട്ടെന്ന് തന്നെ വൈദ്യസഹായം എത്തിക്കുന്നതിനും ഇത്തരം വിവര കൈമാറ്റങ്ങള്‍ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ നടപ്പിലാക്കണമെങ്കില്‍ പ്രധാനമായും വാഹന നിര്‍മാതാക്കള്‍ ആവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും തങ്ങളുടെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതായി വരു, അത് എത്രത്തോളം പ്രായോഗികമായിരിക്കും എന്ന് പറയാന്‍ സാധിക്കില്ല, കാരണം അത് ഉള്‍പ്പെടുത്തിയാല്‍ വാഹനത്തിന്റെ വില കൂട്ടാന്‍ അവര്‍ നിര്‍ബന്ധിതരായി തീരും.
സീറ്റ് ബെല്‍റ്റും എയര്‍ ബാഗും നിര്‍ബന്ധമായതു പോലെ ഭാവിയില്‍ കാര്‍ ടു കാര്‍ കമ്യൂണിക്കേഷനും നിര്‍ബന്ധമാക്കാനുള്ള സാധ്യതയാണ് ഈ വിദഗ്ധ സമിതിയുടെ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്തെ അപകടനിരക്ക് കുറയ്ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. പ്രതിവര്‍ഷം അഞ്ച് ലക്ഷം അപകടങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നത്, അതില്‍ രണ്ട് ലക്ഷം പേര്‍ മരിക്കുകയും മൂന്ന് ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപകടങ്ങള്‍ കാരണം രാജ്യത്തിന്റെ ജിഡിപിയില്‍ കുറവ് വരുന്നത് സാമ്പത്തികപരമായ നഷ്ടം കൂടിയാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങില്‍ വരുന്ന പാകപിഴകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."