സര്‍ക്കാരിന് തലവേദനയായി ഹോം ഐസൊലേഷനിലെ മരണനിരക്ക് ഇതുവരെ മരിച്ചത് 444 പേര്
സി.എഫ്.എല്‍.ടി.സികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് ഹോം ഐസൊലേഷനിലെ മരണക്കണക്കുകളും. സംസ്ഥാനത്ത് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ 1,795 കൊവിഡ് രോഗികള്‍ ഇതുവരെ മരിച്ചതായാണ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ 444 പേര് ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണെന്നതാണ് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളെ മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹോം ഐസൊലേഷന്‍ നടപ്പാക്കിയത്. ഇതോടെ ഹോം ഐസൊലേഷനില്‍ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കൊവിഡ് ബാധിതരോട് അടിയന്തരമായി പരിശോധന നടത്താനും ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര്‍ ആവശ്യപ്പെട്ടു. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്കാന് കൊവിഡ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ 35 ശതമാനവും വീടുകള്‍ക്കുള്ളില്‍ നിന്നു തന്നെയാണെന്ന കണക്ക് കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ കൊവിഡ് അവലോകന യോഗത്തിന്റെ ഭാഗമായി ഹോം ഐസൊലേഷനിലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസൊലേഷനിലും കഴിഞ്ഞിരുന്ന രോഗികളുടെ മരണനിരക്ക് താരതമ്യം ചെയ്തത്. ഇതോടെ സി.എഫ്.എല്‍.ടി.സികളും ഡി.സി.സികളും എത്രയുംവേഗം ശക്തമാക്കാനും ഹോം ഐസൊലേഷന്‍ പരമാവധി ഒഴിവാക്കി ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസൊലേഷന്‍ നടപ്പാക്കാനും സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."