ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനം; കരുതലോടെ നീങ്ങാന്‍ ഗ്രൂപ്പ് നേതാക്കള്‍
കോഴിക്കോട്: എം.പിമാരും എം.എല്‍.എമാരും നിയന്ത്രിക്കുന്ന പാര്‍ട്ടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് മാറിയെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് കെ.പി അനില്‍കുമാര്‍. ഇവര്‍ എല്ലാ തീരുമാനങ്ങളുമെടുക്കുന്നു. ബാക്കിയുള്ളവര്‍ നോക്കുകുത്തികളാകുകയാണ്. എന്തു മാനദണ്ഡപ്രകാരമാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഇതുവരെ അത്തരം ഒരറിയിപ്പും ലഭിച്ചിട്ടില്ല. വിശദീകരണം ചോദിക്കാതെയാണ് നടപടി. എ.ഐ.സി.സി അംഗമായ തനിക്കെതിരേ നടപടിയെടുക്കുമ്പോള്‍ എ.ഐ.സി.സിയുടെ അംഗീകാരം വേണം. നടപടിക്കെതിരേ എ.ഐ.സി.സിക്ക് പരാതി നല്‍കും. വി.ഡി സതീശനും കെ. സുധാകരനും മുമ്പ് നടത്തിയ അച്ചടക്ക ലംഘനത്തിന്റെയത്രയൊന്നും താന്‍ നടത്തിയിട്ടില്ല. പാര്‍ട്ടി വേദിയില്‍ അഭിപ്രായം തുറന്നുപറയാനാവാതെ വന്നതോടെയാണ് റോഡിലിറങ്ങി പറയേണ്ടിവന്നത്. ഉള്ള കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞത് തെറ്റാണോ? സുധാകരനും സതീശനും നേതൃത്വത്തിലേക്കു വന്നപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ പഴയതിലും മോശമാകുകയാണ്. 2016ലും 2021ലും തനിക്കു സീറ്റ് തരാതെ അപമാനിച്ചപ്പോഴും പരസ്യമായി പ്രതിഷേധിച്ചിട്ടില്ല.
എം.കെ രാഘവനാണ് കോഴിക്കോട്ടെ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. കോണ്‍ഗ്രസുകാരനായി തന്നെ തുടരണമെന്നുണ്ട്. അങ്ങനെ മരിക്കാനുമാണ് ആഗ്രഹം. അതിന് ഇവര്‍ സമ്മതിക്കുമോ എന്നറിയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."