ഈ സീസണിൽ ഇത് വരെയെത്തിയത് 2 ദശലക്ഷം തീർത്ഥാടകർ ഉംറ, ഇന്ത്യ മൂന്നാം സ്ഥാനത്ത്
മക്ക: നിലവിലെ ഉംറ സീസണിൽ തീർത്ഥാടനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം രണ്ട് ദശലക്ഷം തീർത്ഥാടകർ ഇതുവരെ സഊദിയിലെത്തിയതായി കണക്കുകൾ. 1444 മുഹറം 1-ന് (ജൂലൈ 30) ഉംറ സീസണിന്റെ തുടക്കം മുതൽ, രാജ്യത്തിന് പുറത്ത് നിന്ന് മൊത്തം 1,964,964 തീർത്ഥാടകരാണ് രാജ്യത്തിലെ വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് എത്തിച്ചേർന്നത്.
വിമാനത്താവളങ്ങൾ വഴി1,783,392 തീർത്ഥാടകരും, കര തുറമുഖങ്ങൾ വഴി 1,80,363 തീർഥാടകരും എത്തിയപ്പോൾ, കടൽ വഴിയെത്തിയ തീർഥാടകരുടെ എണ്ണം 1,209 ആണ്.
ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് ഏറ്റവും കൂടുതലായി എത്തിച്ചേർന്നത്. 551,410 ഇന്തോനേഷ്യൻ ഉംറ തീർഥാടകരാണ് ഇക്കാലയളവിൽ രാജ്യത്ത് എത്തിയത്. 370,083 തീർഥാടകരുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും 230,794 തീർഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തി. 150,109 തീർഥാടകരുമായി ഇറാഖും 101,657 തീർഥാടകരുമായി ഈജിപ്തുമാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. 11,984 തീർഥാടകരെ അയച്ച ബംഗ്ലാദേശാണ് അവസാന സ്ഥാനത്ത്.
ഹജ്ജിന്റെ തൊട്ടുമുമ്പ് അഥവാ ദുൽഖഅദ 29 ന് അവസാനിക്കുന്ന 10 മാസത്തെ ഉംറ സീസണിൽ ഉംറ തീർഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ നൽകുന്നതിന് 470 സഊദി കമ്പനികളും സ്ഥാപനങ്ങളുമാണ് ലൈസൻസ് നേടിയിരിക്കുന്നത്. നിലവിൽ, ഉംറ വിസ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം, തീർത്ഥാടകർക്ക് വിസ കാലയളവിൽ സഊദിയിലുടനീളം യാത്ര ചെയ്യാൻ അനുവാവുമുണ്ട്. എന്നാൽ, ഹജ്ജ് സീസൺ എത്തുന്നതോടെ ഉംറ വിസയുടെ കാലാവധി ഹജ്ജിനു മുന്നെയായി അവസാനിക്കും.
ഉംറ തീർത്ഥാടനത്തിനു മറ്റുമായുള്ള “നുസ്‌ക്” ആപ്ലിക്കേഷന്റെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 20 ദശലക്ഷത്തിലധികം എത്തിയിട്ടുണ്ട്. ഉംറ നിർവഹിക്കുന്നതിനും റൗദ സന്ദർശിക്കുന്നതിനും ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള പെർമിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."