ഗോപിനാഥ് എവിടെയും പോകില്ലെന്ന് സുധാകരന്
തിരുവനന്തപുരം: എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് എവിടെയും പോകില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് കെ.പ.സ.സി പ്രസിഡന്റ് കെ. സുധാകരന്.
അദ്ദേഹത്തിന്റെ രാജി പ്രത്യേക സാഹചര്യത്തിലാണ്. താനും ഗോപിനാഥുമായുള്ള ബന്ധം ശക്തമാണ്. അങ്ങനെയൊന്നും തന്നെ കൈയൊഴിയാന്‍ ഗോപിനാഥിനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗോപിനാഥുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനില്‍ അക്കര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് സദുദ്ദേശപരമാണ്. ഗോപിനാഥിനെ വ്യക്തിപരമായി ആക്ഷേപിക്കണമെന്ന ഉദ്ദേശ്യം അനിലിനുണ്ടായിരുന്നില്ല.
എന്നാല്‍ ചില മാധ്യമങ്ങള്‍ ഗോപിനാഥിനെതിരേ അനില്‍ രംഗത്തെന്ന് വാര്‍ത്ത നല്കുകയാണുണ്ടായത്. അതാണ് ഗോപിനാഥനെ പ്രകോപിപ്പിച്ചതെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നന്മയ്ക്ക് ഡി.സി.സി അധ്യക്ഷരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് എല്ലാ അഭിപ്രായങ്ങളും ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുമേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ ദിവസവും വിവാദവുമായി മുന്നോട്ടുപോകാന്‍ സാധ്യമല്ല.
കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കും. അതിനായി ഹൈക്കമാന്‍ഡ് സമയപരിധി നിശ്ചയിച്ചിട്ടില്ല.
കഴിവും പ്രാപ്തിയുമുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."