വിവാദ പ്രസ്താവനകളില്‍ കെ സുധാകരന് ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അവസാനിച്ചു; കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് നടത്തിയ വിവാദ പ്രസ്താവനകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെന്നും അതോടെ അധ്യായം അവസാനിച്ചുവെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെന്നും പറഞ്ഞത് സുധാകരന് സംഭവിച്ചത് വാക്കുപിഴയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ആര്.എസ്.എസിനോട് സന്ധിചെയ്യാത്ത ഒരേയൊരു പാര്‍ട്ടിയേ ദേശീയതലത്തിലുള്ളൂ. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആര്.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് എന്നും എടുക്കുന്നതെന്നും നെഹ്റുവിന്റെ വിശാലമായ ജനാധിപത്യ വീക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ സുധാകരന് പറ്റിയ വാക്കുപിഴയാണ് വിവാദമായതെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവനയില്‍ ലീഗിന് ആശയക്കുഴപ്പം ഉണ്ടായതില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. സുധാകരനെതിരെ എം.പിമാര്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
ആര്.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തെന്നു പറഞ്ഞത് സുധാകരന് സംഘടനാ കോണ്‍ഗ്രസിലുള്ളപ്പോള്‍ നടന്ന കാര്യമാണ്. 50 കൊല്ലം മുമ്പുള്ള കാര്യമാണത്. അദ്ദേഹം വേറൊരു പാര്‍ട്ടിയിലുള്ളപ്പോള്‍ നടത്തിയ കാര്യത്തെ കോണ്‍ഗ്രസുമായി കൂട്ടിച്ചേര്‍ക്കുന്നതെന്തിനാണ്? ആ കാലത്തെ അനുഭവം സ്മരിക്കുമ്പോള്‍ പറഞ്ഞതാണ്. ഇതൊക്കെ പറയുന്ന സി.പി.എം വാജ്പേയി, അദ്വാനി എന്നിവരെ അത്താഴ വിരുന്ന് ഊട്ടിയിട്ടുണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."