ജഡ്ജിക്കും നീതി നിഷേധിക്കപ്പെടുമ്പോള്‍
യു.എം മുഖ്താര്‍
കഴിഞ്ഞ ദിവസം ഒമ്പത് ജഡ്ജിമാര്‍ ഒറ്റയടിക്ക് സുപ്രിംകോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ അതില്‍ വാര്‍ത്തയായത് 2027ല്‍ ജസ്റ്റിസ് ബി.വി നാഗരത്‌ന ഇന്ത്യയുടെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസ് ആവാന്‍ പോകുന്നതിനെക്കുറിച്ചായിരുന്നു. എന്നാല്‍, ത്രിപുര ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അകില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെന്ന അകില്‍ ഖുറേഷിയെ തഴയപ്പെട്ടതും അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന അനീതിയും അത്ര വാര്‍ത്താപ്രാധാന്യമോ അതു ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏറ്റവും സീനിയോരിറ്റിയുള്ള അഞ്ചു ജഡ്ജിമാരടങ്ങുന്ന കൊളീജിയമാണ് സുപ്രിംകോടതി ജഡ്ജിമാരെ നിയമിക്കാറുള്ളത്. പരിചയസമ്പന്നരായ ഹൈക്കോടതി ജഡ്ജിമാരില്‍ നിന്നാണ് സാധാരണ സുപ്രിംകോടതിയിലേക്കുള്ള പട്ടിക തയാറാക്കാറുള്ളത്. രണ്ടുവര്‍ഷം മുമ്പ് കൊളീജിയം യോഗത്തിലാണ് അന്ന് അതില്‍ അംഗമായിരുന്ന ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ ജസ്റ്റിസ് ഖുറേഷിയുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍, കൊളീജിയം ആ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തയാറായില്ല. അകില്‍ ഖുറേഷിയെപ്പോലുള്ള മുതിര്‍ന്ന ജഡ്ജിമാരെ സുപ്രിംകോടതിയിലേക്ക് കൊണ്ടുവരണമെന്ന് കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് നരിമാന്‍ ശക്തമായി വാദിച്ചതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നുള്ള യോഗത്തിലും നരിമാന്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളീജിയം അംഗീകരിച്ചില്ല. പിന്നീട് രണ്ടു വര്‍ഷത്തേക്ക് കൊളീജിയം യോഗം ചേര്‍ന്നതേയില്ല.
ഇതിനിടെ ചീഫ് ജസ്റ്റിസ് പോവുകയും പുതിയ ചീഫ് ജസ്റ്റിസ് വരികയും ചെയ്തു. ആറേഴ് ജഡ്ജിമാര്‍ വിരമിച്ചു. സുപ്രിംകോടതി ജഡ്ജിമാരുടെ അംഗബലം മുമ്പെങ്ങുമില്ലാത്ത വിധം കുറഞ്ഞെങ്കിലും കൊളീജിയം ആരുടെ പേരും ശുപാര്‍ശ ചെയ്തില്ല. ഓഗസ്റ്റ് 12നു ജസ്റ്റിസ് നരിമാന്‍ വിരമിച്ചു. നരിമാന്‍ വിരമിക്കുന്നതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറിക്ക് കാവല്‍ സിംഹത്തെയാണ് നഷ്ടമാവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ പ്രസംഗിച്ചത്. നരിമാന്‍ വിരമിച്ച് രണ്ടുദിവസം കഴിഞ്ഞ് കൊളീജിയം യോഗം ചേര്‍ന്ന് ഒമ്പത് പേരുടെ പട്ടിക തയാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുകയായിരുന്നു. പട്ടികയില്‍ അകില്‍ ഖുറേഷിയുടെ പേര് ഉണ്ടായിരുന്നില്ല. ഏറെ വൈകിയില്ല, രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ കൊളീജിയം നല്‍കിയ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ച് രാഷ്ട്രപതിക്ക് നല്‍കുകയും ചെയ്തു. അഖിലേന്ത്യാ തലത്തില്‍ സീനിയോരിറ്റി ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ള ജഡ്ജിയാണ് ജസ്റ്റിസ് ഖുറേഷിയെന്നോര്‍ക്കുക.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ അകില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. പിന്നീടിത് ത്രിപുര ഹൈക്കോടതിയിലേക്കാക്കി മാറ്റുകയായിരുന്നു. നാലു ജഡ്ജിമാര്‍ മാത്രമുള്ള ത്രിപുര ഹൈക്കോടതി രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നാണ്. മധ്യപ്രദേശില്‍ 40 ജഡ്ജിമാരാണുള്ളതെന്നറിയുമ്പോള്‍ മാത്രമാണ് സീനിയോരിറ്റി ലിസ്റ്റിലെ ജഡ്ജിക്കുള്ള പരിഗണനയുടെ ആഴം വ്യക്തമാകുന്നത്.
2004ലാണ് ഖുറേഷി ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2018ല്‍ അദ്ദേഹം അവിടുത്തെ ചീഫ് ജസ്റ്റിസ് ആകുമെന്നുറപ്പായിരുന്നു. കാരണം, നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കുന്നതോടെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ഖുറേഷി ആ പദവി വഹിക്കേണ്ടതുണ്ട്, എന്നാല്‍ അതുണ്ടായില്ല. അതിനു മുമ്പുതന്നെ ജസ്റ്റിസ് ഖുറേഷിയെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി. ഈ നടപടിക്കെതിരേ ഗുജറാത്ത് ഹൈക്കോടതിയിലെ ആയിരത്തിലേറെ അഭിഭാഷകര്‍ സുപ്രിംകോടതിക്ക് കത്തെഴുതി. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കൊളീജിയം ശുപാര്‍ശയില്‍ മാറ്റംവരുത്തിയതെന്ന ആക്ഷേപം അന്നുയര്‍ന്നിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയിലേക്കുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ വച്ചെങ്കിലും മാസങ്ങളോളം ഫയല്‍ നിയമമന്ത്രാലയത്തിനു മുന്നില്‍ കിടന്നു. നിയമനം മനഃപൂര്‍വം വൈകിക്കുകയാണെന്നുകാണിച്ച് ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റിയത്. ആ ശുപാര്‍ശ ഏതായാലും അംഗീകരിച്ചതോടെയാണ് ജസ്റ്റിസ് ഖുറേഷി ത്രിപുരയിലെത്തിയത്.
2010ല്‍ സുഹ്‌റാബുദ്ദീന്‍ ശെയ്ഖിനെയും കൂട്ടാളി പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് അകില്‍ ഖുറേഷിയായിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ലോകായുക്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിനു വന്‍ തിരിച്ചടിയായ ഉത്തരവ് പുറപ്പെടുവിച്ചതും ഖുറേഷിയായിരുന്നു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജായിരുന്ന ഖുറേഷിയുടെ വിധിപ്രകാരം അമിത്ഷാ സബര്‍മതി ജയിലില്‍ കഴിയേണ്ടിയും വന്നു. അവിടെനിന്ന് ജസ്റ്റിസ് ഖുറേഷി പിന്നീട് ബോംബെ ഹൈക്കോടതിയിലെത്തി. 2019ലാണ് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 2022 മാര്‍ച്ചിലാണ് ജസ്റ്റിസ് ഖുറേഷി വിരമിക്കേണ്ടത്. അതിനു മുമ്പ് സുപ്രിംകോടതിയില്‍ ഒഴിവുകള്‍ വരുമെങ്കിലും വീണ്ടും അദ്ദേഹത്തെ സുപ്രിംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യാനിടയില്ല. കാരണം, ഗുജറാത്തില്‍നിന്ന് ഇതിനകം രണ്ട് ജഡ്ജിമാര്‍ സുപ്രിംകോടതിയിലുണ്ട്.
സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള ഗുജറാത്തിലെ പ്രശസ്ത കുടുംബത്തിലെ അംഗമാണ് ജസ്റ്റിസ് ഖുറേഷി. മുത്തച്ഛന്‍ ഗുലാം റസൂല്‍ ഖുറേഷി ദണ്ഡിയാത്രയില്‍ മഹാത്മാ ഗാന്ധിജിയെ അനുഗമിച്ചവരില്‍ ഒരാളാണ്. പിതാവ് ഹാമിദ് ഖുറേഷി ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സബര്‍മതി ആശ്രമം ട്രസ്റ്റിന്റെ അംഗവുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."