പട്ടികജാതി ക്ഷേമ ഫണ്ട്: തട്ടിയത് ഒരു കോടിയിലേറെ
എന്‍.സി ഷെരീഫ്
അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി ക്ഷേമ ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. പട്ടികജാതി വികസന ഓഫിസറായിരുന്ന എ.സുരേഷ് കുമാര്‍ പിടിയിലായതോടെ ഒരു കോടിയില്‍ അധികം രൂപ തട്ടിയെടുത്തതായുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫിസറുടെ പരാതിയെ തുടര്‍ന്നാണ് ജൂലൈ 14ന് അരീക്കോട് പൊലിസ് അന്വേഷണം ആരംഭിച്ചത്. പട്ടികജാതി ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായ ഫണ്ടില്‍ പദ്ധതി വിഹിതമായി നല്‍കേണ്ട 37,50,000 രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു കേസ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കൂടുതല്‍ തട്ടിപ്പ് നടന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. സുരേഷ്‌കുമാറിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കി. നിലവില്‍ 75 ലക്ഷത്തിലേറെ രൂപ പ്രതി തട്ടിയെടുത്തതായി പൊലിസ് കണ്ടെത്തി. ഇത് ഒരു കോടിയോളം വരുമെന്നാണ് സൂചന. അടുത്ത ബന്ധുക്കളുടെ ആറു അക്കൗണ്ടുകളിലേക്കാണ് ലക്ഷങ്ങള്‍ മാറ്റിയത്. കൂട്ടു പ്രതികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. നേരത്തെ ഭവന നിര്‍മാണ പദ്ധതിയുടെ ഫണ്ടില്‍ മാത്രമാണ് തട്ടിപ്പ് കണ്ടെത്തിയിരുന്നത്. അന്വേഷണത്തില്‍ മറ്റു പദ്ധതികളിലൂടെയും പണം തട്ടിയെടുത്തതായി തെളിഞ്ഞു. 25 ആളുകള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടു. ഇവരുടെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. നേരത്തെ വിവിധ ക്ഷേമ പദ്ധതികളിലൂടെ പണം ലഭിച്ച ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും സമര്‍പ്പിച്ചാണ് കൂടുതല്‍ പണം തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികള്‍ ശക്തമാക്കിയതോടെ മന്ത്രി കെ.രാധാകൃഷ്ണന് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതോടെ പഴുതടച്ച അന്വേഷണമാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."