വിദേശ പഠനം; അപേക്ഷിച്ച് തുടങ്ങാം, ഇറാസ്മസ് മുണ്ടുസ് സ്കോളര്‍ഷിപ്പിലേക്ക്
വിദേശ പഠനം; അപേക്ഷിച്ച് തുടങ്ങാം, ഇറാസ്മസ് മുണ്ടുസ് സ്കോളര്‍ഷിപ്പിലേക്ക്
ഫാത്തിമ ശുഹൈബ്
ആഗോളതലത്തില്‍ തന്നെ മികച്ച സ്‌കോളര്‍ഷിപ്പുകളില്‍ ആദ്യസ്ഥാനത്തിലുള്ള സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ നേരിട്ട് നല്‍കുന്ന ഇറാസ്മസ് മുണ്ടുസ് സ്‌കോളര്‍ഷിപ്പുകള്‍. ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് നിലവില്‍ 16 പഠന മേഖലകളിലായി 193 വ്യത്യസ്ത കോഴ്സുകളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു എന്നതാണ് ഇറാസ്മസ് മുണ്ടുസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്രയധികം വിശാലമായ സ്‌കോളര്‍ഷിപ്പ് ലോകത്ത് മറ്റൊന്നുണ്ടോ എന്നത് തന്നെ സംശയമാണ്.
രണ്ടോ അതിലധിലമോ രാജ്യങ്ങളിലും സര്‍വകലാശാലകളിലും പഠിക്കാന്‍ അവസരം ലഭിക്കുന്ന മൊബിലിറ്റി തന്നെയാണ് ഇറാസ്മസ് മുണ്ടുസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. യൂറോപ്പിലെയും മറ്റ് വന്‍കരകളിലെയും മികച്ച നാനൂറിലധികം സര്‍വകലാശാലകളും സ്ഥാപനങ്ങളും ഈ മൊബൈലിറ്റിയുടെ ഭാഗമാണ്. അത് കൂടാതെ പല രാജ്യങ്ങളിലും നിന്നുമുള്ള വൈവിധ്യമാര്‍ന്ന ഒരു വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാഗമാവാനും ജീവിതകാലം മുഴുവന്‍ ഈ നെറ്റവര്‍ക്കിന്റെ ഭാഗമാവാനും അതിന്റെ അവസരങ്ങള്‍ നേടാനും കൂടി ഇറാസ്മസ് മുണ്ടുസ് നമുക്ക് അവസരം നല്‍കുന്നു.
ഒക്ടോബര്‍ മാസത്തോട് കൂടി മിക്ക കോഴ്സുകളിലേക്കുമുള്ള 2024 അഡ്മിഷന്‍ വര്ഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഇറാസ്മസ് കമ്മിറ്റി.
വിവിധ കോഴ്‌സുകളായത് കൊണ്ട് തന്നെ ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷ എന്ന രീതിയാണ് ഇ.എം. സ്‌കോളര്‍ഷിപ്പിനുള്ളത്. വളരെ സമഗ്രമായ ഇറാസ്മസ് മുണ്ടുസ് കാറ്റലോഗിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ കണ്ടെത്താനും ഓരോ കോഴ്‌സുകള്‍ക്കും പ്രത്യേകം നല്‍കിയിട്ടുള്ള വെബ്സൈറ്റിലൂടെ കൂടുതലറിയാനും അപേക്ഷിക്കുവാനും കഴിയും (കാറ്റലോഗിനായി: https://www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en). കാറ്റലോഗില്‍ നിന്നും കോഴ്‌സുകള്‍ കണ്ടെത്തിയാല്‍ പിന്നെ ഓരോ കോഴ്‌സിന്റെയും പ്രത്യേകം വെബ്‌സൈറ്റ് കൃത്യമായി പരിശോധിക്കുക എന്നതാണ് അടുത്ത ഘട്ടം.
ഇതിലൂടെ കോഴ്‌സിനെ കുറിച്ച് കൂടുതലറിയുവാനും അപേക്ഷിക്കാന്‍ വേണ്ട ആവശ്യകതകള്‍ മനസ്സിലാക്കുവാനും സാധിക്കും. അത് കൂടാതെ അധ്യാപകരെ കുറിച്ചും, ഓരോ പ്രോഗ്രാമുകള്‍ പഠിച്ച പൂര്‍വ്വ വിദ്യാര്ഥികളെ കുറിച്ചും ഈ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ അവരുമായി ഒരു നെറ്റവര്‍കിങ് സാധ്യമാക്കുവാനും അതിലൂടെ നമ്മുടെ അപേക്ഷ മികച്ചതാക്കാനും നമുക്ക് ഈ വെബ്‌സൈറ്റുകള്‍ ഉപയോഗപ്പെടുത്താം.
വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നത്ര കോഴ്‌സുകള്‍ക്കും സൗജന്യമായി തന്നെ അപേക്ഷിക്കാം എന്നതാണ് ഇറാസ്മസ് നല്‍കുന്ന ഏറ്റവും വലിയ അവസരം. അപേക്ഷ ഫീസ് ഇല്ലാത്തത് കൊണ്ട് അപേക്ഷിക്കാതിരിക്കുന്ന പ്രശ്‌നം ഇവിടെ ഇല്ലാതാവുകയും തങ്ങള്‍ക്ക് അനുയോജ്യമായി തോന്നുന്ന കോഴ്‌സുകള്‍ക്കെല്ലാം അപേക്ഷിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.
ഓരോ കോഴ്‌സ്‌കള്‍ക്കും വ്യത്യസ്തമായ അപേക്ഷ രീതിയാണ് എന്നിരിക്കെ തന്നെ മിക്ക കോഴ്‌സ്‌കള്‍ക്കും സാധാരണ ചോദിക്കുന്ന ചില കാര്യങ്ങളാണ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി ട്രാന്‍സ്‌ക്രിപ്റ്റ്, ഇംഗ്‌ളീഷ് ഭാഷ സര്‍ട്ടിഫിക്കറ്റ്, സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസ്/മോട്ടിവേഷന്‍ ലെറ്റര്‍, റഫറന്‍സ് ലെറ്റര്‍, താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ. ഇവ നേരത്തെ തന്നെ തയ്യാറാക്കി വെക്കല്‍ അവസാന നിമിഷത്തെ അശ്രദ്ധ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നമ്മെ സഹായിക്കും.
പലര്‍ക്കും അപേക്ഷിക്കാന്‍ പലപ്പോഴും വഴി മുടക്കി നില്‍ക്കുന്ന IELTS, TOEFL പോലുള്ള ഇംഗ്‌ളീഷ് ഭാഷ സര്‍ട്ടിഫിക്കറ്റ് പരീക്ഷകളാണ്. വലിയ ഫീസും പാസാകാന്‍ വലിയ ബുദ്ധിമുട്ടുമുള്ള ഇത്തരം പരീക്ഷകള്‍ കാരണം തന്നെ പലരും വിദേശ അവസരങ്ങള്‍ക്ക് അപേക്ഷിക്കാറില്ല എന്നതൊരു സത്യമാണ്. എന്നാല്‍ ഇറാസ്മസ് മുണ്ടുസ് പ്രോഗ്രാമിലെ പല കോഴ്‌സ്‌കള്‍ക്കും ഇത്തരം പരീക്ഷ സ്‌കോറുകള്‍ നിര്‍ബന്ധമില്ല. പല കോഴ്സുകളും മുന്‍പഠനം (ഡിഗ്രി) ഇംഗ്ലീഷ് മീഡിയത്തില്‍ ആണെങ്കില്‍ ഇംഗ്ലിഷ് പരീക്ഷകളില്‍ ഇളവുകള്‍ ലഭിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക ഡിഗ്രികളും ഇത്തരത്തിലായതിനാല്‍ നമുക്ക് ഇതൊരു അവസരമാണ്. ഇതിനായി നമ്മുടെ കോളേജ്/യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു ലാന്‍ഗേജ് ഓഫ് ഇന്‍സ്ട്രക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക മാത്രം മതി. അത് കൂടാതെ ഇംഗ്‌ളീഷ് ഒഫിഷ്യല്‍ ഭാഷ ആയ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഇളവും നമുക്ക് ഉപയോഗപ്പെടുത്താം.
ഇറാസ്മസ് മുണ്ടുസ് അപേക്ഷ കാലാവധി ഓരോ കോഴ്‌സ്‌കള്‍ക്കും വ്യത്യസ്തമാണ്. ഓരോ കോഴ്‌സിന്റെയും വെബ്‌സൈറ്റുകളില്‍ ഇവ അറിയാവുന്നതാണ്. സ്‌കോളര്‍ഷിപ്പ് അപേക്ഷ/സെല്‍ഫ്-ഫണ്ടഡ് അപേക്ഷ എന്നിങ്ങനെ രണ്ട് തരത്തിലുള്ളതാണ് ഇറാസ്മസ് മുണ്ടുസ് അപേക്ഷ രീതികള്‍. സ്‌കോളര്‍ഷിപ്പ് തീര്‍ച്ചയായും വേണമെന്നുള്ളവര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ സമയത്ത് തന്നെ അപേക്ഷ പൂര്‍ത്തിയാക്കുവാന്‍ ശ്രദ്ധിക്കുക. കോഴ്‌സ് ഫീസും മറ്റ് ചിലവുകളും സ്വയം നല്‍കാന്‍ തയ്യാറാണ് എന്നുള്ളവര്‍ക്ക് സെല്‍ഫ് ഫണ്ടഡ് അപേക്ഷകളും ഒരു അവസരമാണ്. ഇറാസ്മസ് മുണ്ടുസ് പ്രോഗ്രാം നല്‍കുന്ന അവസരങ്ങളെല്ലാം സെല്‍ഫ്-ഫണ്ടഡ് വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നതാണ്, പക്ഷെ ഫീസ്, താമസം, യാത്ര, ഭക്ഷണമടക്കമുള്ള എല്ലാ ചിലവുകളും സ്വയം വഹിക്കണമെന്ന് മാത്രം.
പൊതുവെ ക്ഷമയില്ലാത്ത നമ്മള്‍ വളരെ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഇറാസ്മസ് മുണ്ടുസ് അപേക്ഷ. അടുത്ത വര്‍ഷം സെപ്റ്റംബറിലോ ഒക്ടോബറിലോ തുടങ്ങുന്ന കോഴ്‌സുകളിലേക്കാണ് ഒരു വര്‍ഷം മുന്‍പ് ഈ ഒക്ടോബറില്‍ നാം അപേക്ഷ നല്‍കുന്നത്. അത് കൊണ്ട് തന്നെ വളരെ സമയം എടുത്ത് എന്നാല്‍ അനാവശ്യമായി സമയം കളയാതെ എല്ലാം കൃത്യമായി വായിച്ച് നോട്ട് തയാറാക്കി അതിനനുസരിച്ച് റിക്ക്വയര്‍മെന്റ്സ് ഒന്നും തന്നെ മിസ്സാക്കാതെ വേണം അപേക്ഷ നല്‍കാന്‍. ക്ഷമയോടെ ചിട്ടയായുള്ള പ്രവര്‍ത്തനമുണ്ടെങ്കില്‍ ഇറാസ്മസ് മുണ്ടുസ് സ്‌കോളര്‍ഷിപ്പ് നമുക്കും കൈയെത്തും ദൂരത്ത് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."