അവസാനമില്ലാത്ത ആകാശക്കൊള്ള
ഏത് അപ്പൻ വന്നാലും അമ്മയ്ക്ക് ചവിട്ടും തൊഴിയുമെന്ന് മക്കൾ വിലപിക്കുന്നതുപോലെയാണ് ഇന്ത്യയിലെ സാധാരണക്കാരായ ഗൾഫ് യാത്രികരുടെ അവസ്ഥ. ഏത് ഭരണാധികാരികൾ വന്നാലും വിമാനക്കമ്പനികളുടെ പിടിച്ചുപറിക്ക് കുറവില്ല. അവധിക്കാലങ്ങളിലും ഉത്സവാഘോഷ കാലങ്ങളിലും ഗൾഫുകാരന്റെ പോക്കറ്റിൽ കൈയിട്ട് വാരാൻ തക്കം പാർത്തിരിക്കുകയാണ് രാജ്യത്തെ വിമാനക്കമ്പനികൾ. ഈ പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളുടെ പഴക്കമുണ്ട് ഈ ആകാശക്കൊള്ളയ്ക്ക്.
മറ്റു രാജ്യങ്ങളിലൊന്നുമില്ലാത്ത വിചിത്രക്കൊള്ളയ്ക്ക് ഭരണാധികാരികളും നിശബ്ദം കൂട്ടുനിൽക്കുന്നു എന്നതാണ് ഏറെ പരിതാപകരം. ഉത്സവാഘോഷങ്ങളും അവധിക്കാലങ്ങളും കലണ്ടറുകളിൽ നോക്കി മലയാളി പ്രവാസികളെ പിഴിയാൻ തക്കം കാത്തിരിക്കുന്ന വിമാനക്കമ്പനികളെ എന്തിനോടാണ് ഉപമിക്കേണ്ടത് ? അതിൽ അവസാനത്തേതാണ് അടുത്ത മാസം വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷം മുൻകൂട്ടിക്കണ്ട് ടിക്കറ്റ് ചാർജ് ഭീമമാംവിധം ഇപ്പോൾ തന്നെ വർധിപ്പിച്ചത്.
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരെല്ലാം സമ്പന്നരാണെന്ന ധാരണയിലാണ് ആകാശക്കൊള്ളയ്ക്ക് വ്യോമയാനവകുപ്പ് പച്ചക്കൊടി കാണിക്കുന്നത്. നാട്ടിലെ ഓണവും ഈദും ക്രിസ്മസും കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കുക എന്നത് പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏത് മലയാളിയുടെയും അഭിലാഷമാണ്. വർഷത്തിൽ ഒരു തവണ മാത്രം വരുന്ന ഇത്തരം ആഘോഷങ്ങൾക്ക് എന്ത് ത്യാഗം സഹിച്ചിട്ടാണെങ്കിലും മലയാളി വീട്ടിലെത്തുമെന്ന് വിമാനക്കമ്പനികൾ പഠിച്ചുവച്ചിട്ടുണ്ട്.
ചുരുങ്ങിയ ശമ്പളത്തിൽ ജീവിക്കുന്നവരാണ് ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളിൽ ഭൂരിപക്ഷവും. സ്വന്തം ചെലവുകൾ വെട്ടിച്ചുരുക്കി കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുന്ന ഇവർ വർഷത്തിലൊരിക്കൽ വരുന്ന ഓണത്തിനും ഈദിനും ക്രിസ്മസിനുമാണ് നാട്ടിലേക്ക് പുറപ്പെടുക. അതിനായി സ്വരൂപിച്ചുവച്ച തുക തികയാതെവരുമെന്നത് സാധാരണമാണ്. ഇത് പരിഹരിക്കാൻ സുഹൃത്തുക്കളിൽനിന്നു കടം വാങ്ങിയിട്ടാണ് കുട്ടികൾക്ക് ഉടുപ്പു വാങ്ങാനും വീട്ടുകാരുടെ മറ്റു ആവശ്യങ്ങൾക്കുമായി പണം കണ്ടെത്തുന്നത്. അതിൽ കൈയിട്ട് വാരിയാണ് വിമാനക്കമ്പനികൾ കൊഴുക്കുന്നത്. ഭിക്ഷക്കാരുടെ പിച്ചച്ചട്ടികളിൽനിന്ന് കൈയിട്ട് വാരുന്ന തെരുവു ഗുണ്ടകളെയാണ് ഇത്തരം കൊള്ളകളിലൂടെ വിമാനക്കമ്പനികൾ ഓർമിപ്പിക്കുന്നത്.
ടിക്കറ്റ് ചാർജ് വർധനയിൽനിന്ന് രക്ഷപ്പെടാൻ മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് എടുത്താൽ മതിയാകുമെന്ന് രാഷ്ട്രീയ നേതാവ് ഉപദേശിച്ചിരുന്നു. സാധാരണക്കാരായ പ്രവാസികളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം ഉപദേശത്തിന്റെ അടിസ്ഥാനം. സമ്പന്ന നേതാക്കൾക്കും വ്യവസായികൾക്കും അത് പ്രായോഗികമായിരിക്കും. എന്നാൽ സാധാരണക്കാരനായ ഗൾഫുകാരന് ഈദിനോ ഓണത്തിനോ ക്രിസ്മസിനോ നാട്ടിലെത്താൻ കഴിയുമെന്നത് പോകുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് പോലും ഉറപ്പിക്കാനാവില്ല. ജോലി ചെയ്യുന്ന സ്ഥാപനമോ തൊഴിലുടമയോ തൊഴിലാളിയായ ഗൾഫ് മലയാളിക്ക് ലീവ് കൊടുക്കുന്ന കാര്യത്തിൽ യാതൊരു ഉറപ്പും നേരത്തെ കൊടുക്കില്ല. ഇത്തരമൊരവസ്ഥയിൽ എങ്ങനെയാണ് രണ്ടറ്റം മുട്ടിക്കാൻ ഗൾഫിൽ ചോര നീരാക്കുന്ന പ്രവാസി നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് മുൻകൂട്ടി വാങ്ങിവയ്ക്കുക.
യാത്രാ ദൈർഘ്യമുള്ള അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള നിരക്കിന്റെ മൂന്നും നാലും ഇരട്ടിയാണ് കേവലം മൂന്നോ നാലോ മണിക്കൂറുകൾ കൊണ്ട് എത്താൻ കഴിയുന്ന ഒമാനിലേക്കും യു.എ.ഇയിലേക്കും സഊദി അറേബ്യയിലേക്കും വിമാനക്കമ്പനികൾ ഈടാക്കുന്നത്. അമിതചാർജ് ഈടാക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ആകാശക്കൊള്ള നടത്താൻ കേന്ദ്ര സർക്കാർ വിമാനക്കമ്പനികളെ അനുവദിക്കാതിരിക്കുകയാണ് വേണ്ടത്. സർക്കാരിന് കണ്ടുനിൽക്കാൻ കഴിയുന്നതല്ല പാവങ്ങളുടെ പോക്കറ്റ് തട്ടിപ്പറിക്കുന്ന വിമാനക്കമ്പനികളുടെ പ്രവൃത്തികൾ. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവന്നവർ മാറിയ പരിതസ്ഥിതിയിൽ വീണ്ടും ഗൾഫു നാടുകളെ ആശ്രയിക്കുകയായിരുന്നു. ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതോടെയാണ് ചരിത്രത്തിൽ ഇല്ലാത്ത വിധം വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമാം വിധം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറേ കാലം കിറ്റുകൊണ്ട് ജീവിച്ചവരാണ് മടങ്ങിവന്ന പ്രവാസികളിലധികവും. ജീവിതം വീണ്ടും പച്ചപിടിപ്പിക്കുവാൻ ഗൾഫ് രാജ്യങ്ങളിലേക്ക് പോയ അവരെ ഒരു ദയാദാക്ഷിണ്യവും കൂടാതെ വിമാനക്കമ്പനികൾ പിഴിയുമ്പോൾ സംസ്ഥാന സർക്കാർ പോലും അതിനെതിരേ ശബ്ദിക്കുന്നില്ല. പ്രവാസികൾക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയും ഓരോ വർഷവും പ്രവാസി സംഗമം എന്ന പേരിൽ സംസ്ഥാനത്ത് മാമാങ്കങ്ങൾ സംഘടിപ്പിക്കുവാൻ കോടികൾ ഒഴുക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ ഗൾഫ് യാത്രാനിരക്ക് ക്രിസ്മസിനോടനുബന്ധിച്ച് ഭീകരമാംവിധം വർധിപ്പിച്ചതിനെതിരേ പ്രതിഷേധിക്കാത്തത് അപലപനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."