ഉപരി പഠനം; അര്‍ജന്റീനയിലേക്ക് പറക്കാം; ട്യൂഷന്‍ ഫീസില്ലാത്ത പഠനത്തോടൊപ്പം മികച്ച സ്‌കോളര്‍ഷിപ്പുകളും നിങ്ങളെ കാത്തിരിക്കുന്നു
ഉപരി പഠനം; അര്‍ജന്റീനയിലേക്ക് പറക്കാം; ട്യൂഷന്‍ ഫീസില്ലാത്ത പഠനത്തോടൊപ്പം മികച്ച സ്‌കോളര്‍ഷിപ്പുകളും നിങ്ങളെ കാത്തിരിക്കുന്നു
മലയാളികള്‍ക്കിടയില്‍ സുപരിചിതമായ വിദേശ രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായിരിക്കും അര്‍ജന്റീന. ലയണല്‍ മെസിയും, ഡിയഗോ മറഡോണയുമടക്കമുള്ള ഫുട്‌ബോള്‍ ലെജന്‍ഡ്‌സിനെ ആരാദിച്ച് തുടങ്ങാത്ത മലയാളികളുണ്ടോ? എന്നാല്‍ ഫുട്‌ബോളിന് മാത്രമല്ല മെച്ചപ്പെട്ട വിദ്യാഭ്യാസ രംഗത്തും ലാറ്റിന്‍ അമേരിക്കയില്‍ തന്നെ ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് അര്‍ജന്റീന. ലോകോത്തര നിലവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികളും ഗവേഷണ സ്ഥാപനങ്ങളും അര്‍ജന്റീനയിലുണ്ട്.
വിദേശ പഠനത്തിനായി അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരിക്കലെങ്കിലും പരിശോധിക്കേണ്ട സാധ്യതയാണ് അര്‍ജന്റീന.
എന്തുകൊണ്ട് അര്‍ജന്റീന?
ലാറ്റിനമേരിക്കയില്‍ ബ്രസീലിനോട് അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് അര്‍ജന്റീന. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അര്‍ജന്റീനയിലേക്ക് വലിയ തോതിലുള്ള കുടിയേറ്റം നടക്കുന്നുണ്ട്. പഠനത്തിനും ജോലിക്കുമായി ലാറ്റിനമേരികക്ക് പുറത്തുനിന്നും നിരവധിയാളുകള്‍ അര്‍ജന്റീനയിലേക്ക് കുടിയേറുന്നുണ്ട്. പഠനത്തിനായി രാജ്യത്തെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും അര്‍ജന്റീന മുന്നോട്ട് വെക്കുന്നു.
ഫീസിളവ്
അര്‍ജന്റീനയിലെ മിക്ക സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി ട്യൂഷന്‍ ഫീ രഹിത വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും യു.ജി കോഴ്‌സുകളാണ് ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നത്. മാത്രമല്ല രാജ്യത്തെ പ്രൈവറ്റ് സ്ഥാപനങ്ങളും യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ ന്യായമായ ചെലവില്‍ പഠനം സാധ്യമാക്കുന്നുമുണ്ട്.
ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങള്‍
അര്‍ജന്റീനയിലെ യൂണിവേഴ്‌സിറ്റികള്‍ ലാറ്റിനമേരിക്കന്‍ റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങളിലാണുള്ളത്. യൂണിവേഴ്‌സിറ്റി ഓഫ് ബ്യൂണസ് ഐറിസ്, യൂണിവേഴ്‌സിറ്റി ഓഫ് ഓസ്ട്രല്‍, യു.സി.എ യൂണിവേഴ്‌സിറ്റി, ഐ.ടി.ബി.എ ബ്യൂണസ് ഐറിസ്, യൂണിവേഴവ്‌സിറ്റി ഓഫ് പാലര്‍മോ തുടങ്ങിയവയാണ് പ്രശസ്തമായ അര്‍ജന്റൈന്‍ യൂണിവേഴ്‌സിറ്റികള്‍.
കരിയര്‍ സാധ്യതകള്‍
വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയാണ് അര്‍ജന്റീന. അതുകൊണ്ട് തന്നെ വരും നാളുകളില്‍ വലിയ തോതിലുള്ള ജോലി സാധ്യതകളാണ് അര്‍ജന്റീനയില്‍ വരാന്‍ പോവുന്നത്. ടെക്‌നോളജി, കണ്‍സ്ട്രക്ഷന്‍, അഗ്രികള്‍ച്ചര്‍, ടൂറിസം മേഖലയൊക്കെ പുരോഗതിയുടെ പാതയിലാണ്. വിദേശ വിദ്യാര്‍ഥികള്‍ക്കായി പഠനശേഷമുള്ള വര്‍ക്ക് പെര്‍മിറ്റിനും, പെര്‍മനന്റ് റസിഡന്‍സും അര്‍ജന്റീന മുന്നോട്ട് വെക്കുന്നു.
സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍
ഒ.എ.എസ് സ്‌കോളര്‍ഷിപ്പ്
ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ്, അര്‍ജന്റീനയിലെ വിവിധ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. ട്യൂഷന്‍ ഫീസ്, വിമാന ടിക്കറ്റ്, ബുക്ക് അലവന്‍സുകള്‍ എന്നിവക്ക് പുറമെ 10,000 ഡോളര്‍ വരെയുള്ള ട്യൂഷന്‍ ഫീസും ഉള്‍പ്പെടുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ്. അതായത് ഏകദേശം 8.30 ലക്ഷം രൂപക്കടുത്ത് ട്യൂഷന്‍ ഫീസിനത്തില്‍ ലഭിക്കും. TOEFL, IELTS സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
മെന്റെ അര്‍ജന്റീന സ്‌കോളര്‍ഷിപ്പ്
അര്‍ജന്റീനയിലെ പ്രശസ്തമായ മെന്റെ അര്‍ജന്റീന എന്ന വിദ്യാഭ്യാസ സ്ഥാപനം ഡിഗ്രി, ഡിപ്ലോമ, ഭാഷാ ക്ലാസുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണിത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ട്യൂഷന്‍ ഫീസ്, യാത്രാ ചെലവ് എന്നിവ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. സ്പാനിഷ് ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം.
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുവാന്‍ സ്‌കോളര്‍ഷിപ്പ്
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുവാനില്‍ ഡിഗ്രി, പി.ജി വിഷയങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ട്യൂഷന്‍ ഫീസിനത്തില്‍ 50 ശതമാനത്തിന്റെ കിഴിവിനോ, അല്ലെങ്കില്‍ സൗജന്യ ഫീസിനോ ആണ് ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹതയുണ്ടാവുക.
ഹോള്‍ട്ട് സ്‌കോളര്‍ഷിപ്പ്
അര്‍ജന്റീനയിലെ ദി ഹോള്‍ട്ട് ഫാമിലി ഫൗണ്ടേഷന്‍ രാജ്യത്തെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്വദേശികളും, വിദേശികളുമായ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനാവും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകദേശം ഒന്നര ലക്ഷത്തിനടുത്ത് വരുന്ന സാമ്പത്തിക സഹായത്തിനാണ് അര്‍ഹത. മാത്രമല്ല മറ്റ് സാമ്പത്തിക ചെലവുകളും ലഭിക്കും. സ്പാനിഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
യൂണിവേഴ്‌സിറ്റി ഓഫ് ബ്യൂണസ് ഐറിസ് സ്‌കോളര്‍ഷിപ്പ്
തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന ബ്യൂണസ് ഐറിസ് യൂണിവേഴ്‌സിറ്റി തങ്ങളുടെ യു.ജി, പി.ജി വിദ്യാര്‍ഥികള്‍ക്കായി നല്‍കി വരുന്ന ആനുകൂല്യമാണിത്. പ്രതിമാസ സ്റ്റൈപ്പന്റ്, ട്യൂഷന്‍ ഫീസ്, താമസം-യാത്ര ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്പാനിഷ് ഭാഷ പ്രാവീണ്യം നിര്‍ബന്ധമാണ്.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."