നിയമത്തിനാരും അതീതരല്ല, അതച്ഛനായാല്‍ പോലും: ഛത്തീസ്ഗഢ് മുഖ്യമന്ത്രി
റായ്പുര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഖേലിന്റെ പിതാവ് നന്ദകുമാര്‍ ബാഖേലിനെതിരേ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പൊലിസ് കേസെടുത്തു. സര്‍വ ബ്രാഹ്മിണ്‍ സമാജ് നല്‍കിയ പരാതിയിലാണ് ഡിഡി നഗര്‍ പൊലിസ് കേസെടുത്തത്.
ബ്രാഹ്മണരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിലാണ് മുഖ്യമന്ത്രിയുടെ പിതാവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബ്രാഹ്മണരെ നിങ്ങളുടെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും അഭ്യര്‍ഥിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റെല്ലാ സമുദായക്കാരോടും സംസാരിച്ച്, അങ്ങനെ അവരെ ബഹിഷ്‌കരിച്ച് തിരികെ വോര്‍ഗ നദീതീരത്തേക്ക് അയക്കണമെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.
ആരും നിയമത്തിന് അതീതരല്ലെന്നും അത് തന്റെ 86 വയസുള്ള പിതാവായാല്‍ പോലും അങ്ങനെ തന്നെയാണ്. നിയമമാണ് പ്രധാനമെന്നും സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഒപ്പമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഛത്തിസ്ഗഢ് സര്‍ക്കാര്‍ മതങ്ങളെയും എല്ലാ വിഭാഗങ്ങളെയും അവരുടെ വികാരങ്ങളെയും അങ്ങേയറ്റം മാനിക്കുന്നു. തന്റെ പിതാവിന്റെ പരാമര്‍ശം സാമുദായിക സമാധാനം തകര്‍ക്കുന്നതിന് കാരണമായി. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ താനും ദുഃഖിതനാണെന്നും മുഖ്യമന്ത്രി ഭൂപേഷ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."