കേരളവര്‍മ കോളജ് ചെയര്മാന് തെരഞ്ഞെടുപ്പ്: കെ.എസ്.യു ഹൈക്കോടതിയിലേക്ക്
കേരളവര്‍മ കോളജ് ചെയര്മാന് തെരഞ്ഞെടുപ്പ്: കെ.എസ്.യു ഹൈക്കോടതിയിലേക്ക്
തൃശൂര്‍: തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് ചെയര്മാന് തെരഞ്ഞെടുപ്പിനെതിരെ കെഎസ് യു ഹൈക്കോടതിയെ സമീപിക്കും. എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു. രാത്രി വൈകിയും റീ കൗണ്ടിങ്ങ് നടത്തി. അട്ടിമറി നടത്തിയത് ഉന്നത നിര്‍ദേശ പ്രകാരമാണ്. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കിയതെന്നും കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ ജില്ലകളിലെ കലാലയങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ് യു കാഴ്ചവെച്ച മികച്ച വിജയത്തില്‍ എസ്.എഫ്.ഐ വിറളി പൂണ്ടിരിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എസ്എഫ്ഐയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതാണ് സമീപകാല കോളജ് തെരഞ്ഞെടുപ്പുകളില്‍ കാണുന്നത്. കേരളവര്മയില് 32 വര്‍ഷത്തിന് ശേഷമാണ് കെഎസ്യു ചെയര്മാന് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കോളജ് കാമ്പസിലാകമാനം കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് അനുകൂലമായ തരംഗം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടത് ജനാധിപത്യപരമായ നടപടിയാണ്. എന്നാല്‍ റീ കൗണ്ടിങ്ങ് നടത്തിയ രീതിയോടാണ് കെഎസ് യുവിന് എതിര്‍പ്പുള്ളത്- അലോഷ്യസ് ചൂണ്ടിക്കാട്ടി.
രാത്രി എട്ടേമുക്കാലിന് ശേഷവും റീ കൗണ്ടിങ് തുടര്‍ന്നപ്പോള്‍ ശ്രീക്കുട്ടന് പകല്‍ വെളിച്ചത്തില്‍ റീ കൗ ണ്ടിങ് നടത്തണമെന്ന് രേഖാമൂലം റിട്ടേണിങ് ഓഫീസര്‍ക്ക് കത്തു നല്കി. എന്നാല്‍ അതു ഉള്‍ക്കൊള്ളാതെ റീ കൗണ്ടിങ്ങിന് തിടുക്കം കാട്ടുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ റീ കൗണ്ടിങ്ങ് മാറ്റിവെക്കാമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍, അതു വകവെക്കാതെ റിട്ടേണിങ് ഓഫീസര്‍ റീ കൗണ്ടിങ്ങുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നുംഅലോഷ്യസ് സേവ്യര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എവിടെ നിന്നോ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നടപടിയാണുണ്ടായത് എന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.
കേരള വര്‍മ കോളജ് ചെയര്മാന് തെരഞ്ഞെടുപ്പിനെതിരെ കെഎസ്യു കോടതിയെ സമീപിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."